മലയാള നിരൂപകന്‍, സാഹിത്യവിമര്‍ശകന്‍, കവി, കഥാകൃത്ത്, നോവലിസ്റ്റ്, പ്രഭാഷകന്‍, ചിന്തകന്‍, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, ഭരണാധികാരി, വിദ്യാഭ്യാസ വിചക്ഷണന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ വ്യക്തിപ്രഭാവമുണ്ടായിരുന്ന മഹാനായിരുന്നു ജോസഫ് മുണ്ടശ്ശേരി. സാഹിത്യ-വിദ്യാഭ്യാസ ചിന്തകളിലൂടെ കേരളീയ ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനം വരുത്താന്‍ മുണ്ടശ്ശേരിക്കു കഴിഞ്ഞു. സാഹിത്യ വിമര്‍ശനത്തെ സാംസ്‌കാരിക വിമര്‍ശനമായി ഉയര്‍ത്തി ജീവിതത്തിന്റെ സമസ്ത മേഖലകളിലും പരിവര്‍ത്തനവും വിമോചനവും ഉണ്ടാകണമെന്ന നിലപാടാണ് അദ്ദേഹം പുലര്‍ത്തിയത്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ നിന്ന മുണ്ടശ്ശേരി സാമൂഹിക മാറ്റത്തിന്റെ പ്രേരക ഘടകമാണ് ഉത്തമ സാഹിത്യമെന്നു വാദിച്ചു. എന്നാല്‍ സാഹിത്യത്തെ രാഷ്‌ട്രീയത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കിനിര്‍ത്തുന്നതിനെ എതിര്‍ത്തു. പ്രതിപാദ്യത്തില്‍ പുരോഗമനമുണ്ടായാല്‍ മാത്രം പോര, അത് കലാത്മകമായിരിക്കുകയും വേണമെന്ന് വാദിച്ചു.
തൃശൂര്‍ ജില്ലയില്‍ കണ്ടശ്ശാംകടവില്‍ കുഞ്ഞുവറുതിന്റെയും തേറാട്ടില്‍ ഇളച്ചിയുടെയും മകനായി മുണ്ടശ്ശേരി ഇല്ലപ്പറമ്പില്‍ 1903 ജൂലൈ 17-ന് ജോസഫ് മുണ്ടശ്ശേരി ജനിച്ചു. ദരിദ്രമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും സ്വപ്രയത്‌നം കൊണ്ട് മുണ്ടശ്ശേരി പഠിച്ചുയര്‍ന്നു. കണ്ടശ്ശാംകടവ് ഹൈസ്‌കൂള്‍, തൃശൂര്‍ സെന്റ് തോമസ് കോളേജ്, തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇന്റര്‍മീഡിയറ്റിന് ശേഷം കുറച്ചുകാലം ഹൈസ്‌കൂള്‍ അദ്ധ്യാപകനായും ജോലി നോക്കി. 1926 ലാണ് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയത്. അതേവര്‍ഷം തന്നെ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഭൗതികശാസ്ത്ര ഡെമോണ്‍സ്‌ട്രേറ്ററായി. 1928-ല്‍ മലയാളത്തില്‍ എംഎ ബിരുദം നേടി, സെന്റ് തോമസ് കോളേജില്‍ തന്നെ പ്രൊഫസറും പൗരസ്ത്യ വിഭാഗം തലവനുമായി. സവര്‍ണ ഹിന്ദുക്കളുടെ വിമര്‍ശനത്തെഅവഗണിച്ചുകൊണ്ട് നടത്തിയ സംസ്‌കൃത ഭാഷാ പഠനം മുണ്ടശ്ശേരിയുടെ സാഹിത്യ വിമര്‍ശന ജീവിതത്തിന്റെ അടിത്തറയായിത്തീര്‍ന്നു. സുബ്ബരാമപട്ടരായിരുന്നു. അദ്ദേഹത്തിന്റെ സംസ്‌കൃത ഭാഷാധ്യാപകന്‍.
അദ്ധ്യാപകനായിരിക്കെത്തന്നെ സാമൂഹിക പ്രവര്‍ത്തനരംഗത്തും അദ്ദേഹം വ്യാപൃതനായി. 1946-ല്‍ കൊച്ചി നിയമനിര്‍മ്മാണസഭയില്‍ അംഗമായി. തുടര്‍ന്ന് തിരു-കൊച്ചി അസംബ്‌ളിയിലും അംഗമായി. അഭിപ്രായ ധീരതയും സ്വപ്രത്യയ സ്ഥൈര്യവും മുഖമുദ്രയാക്കിയ മുണ്ടശ്ശേരി അധീശത്വത്തിന് മുന്നില്‍ മുട്ടുമടക്കുവാന്‍ ഒരുങ്ങിയില്ല. സെന്റ് തോമസ് കോളേജില്‍ മുണ്ടശ്ശേരിയുടെ സഹപ്രവര്‍ത്തകനായ എം.പി. പോള്‍ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിലും വ്യക്തിജീവിതത്തിലും ഏറെ സ്വാധീനം ചെലുത്തിയിരുന്നു. മുണ്ടശ്ശേരിയുടെ സ്വതന്ത്രവും പുരോഗമനപരവുമായ നിലപാടുകള്‍മൂലം അദ്ദേഹം മാനേജ്‌മെന്റുമായി ഉരസി. 1952-ല്‍ മുണ്ടശ്ശേരിയെ മാനേജുമെന്റ് പിരിച്ചുവിട്ടു. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ കുറുക്കുവഴികള്‍ തേടാമായിരുന്നു. പക്ഷേ, അതിന് നില്‍ക്കാതെ ആ കലാലയത്തിന്റെ പടിയിറങ്ങി. പിന്നീട് അദ്ദേഹം ആ കലാലയത്തിന്റെ പടി കയറിയത് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി എന്ന നിലയിലാണ്.
കേരളസംസ്ഥാനം രൂപംകൊണ്ടതിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ആദ്യ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി. കേരള ചരിത്രത്തിലെ അവിസ്മരണീയ സംഭവമായിത്തീര്‍ന്ന കേരള വിദ്യാഭ്യാസ ബില്ലും യൂണിവേഴ്‌സിറ്റി ബില്ലും കൊണ്ടുവന്നു. തുടര്‍ന്നുണ്ടായ വിമോചന സമരത്തിന്റെ ഫലമായി ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു. വീണ്ടും 1959-ല്‍ മണലൂരില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1970-ല്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു.
ബഹുമുഖ പ്രതിഭ
1926 മുതല്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ അദ്ധ്യാപകനായിരുന്ന മുണ്ടശ്ശേരി, പില്‍ക്കാലത്ത് കേരളം കണ്ട മികച്ച രണ്ട് മുഖ്യമന്ത്രിമാരുടെ അദ്ധ്യാപകന്‍ കൂടിയായിരുന്നു. സെന്റ് തോമസ് കോളേജില്‍ ഭൗതികശാസ്ത്രത്തില്‍ ഡമോണ്‍സ്‌ട്രേറ്ററായിരുന്ന കാലത്ത് അവിടെ വിദ്യാര്‍ത്ഥിയായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാട്. പിന്നീട് സി. അച്യുതമേനോന്റെ മലയാളം അധ്യാപകനായും മുണ്ടശ്ശേരിയെത്തി. സെന്റ് തോമസ് കോളേജില്‍ പൗരസ്ത്യ ഭാഷാ വിഭാഗത്തിന്റെ തലവനായിരിക്കുന്ന കാലത്ത് 1936-ല്‍ മദിരാശി സര്‍വ്വകലാശാലയുടെ മലയാളം പരീക്ഷകളുടെ ബോര്‍ഡംഗവും പരീക്ഷകനുമായി.
അപ്പന്‍ തമ്പുരാന്റെ മരണശേഷം പ്രകാശനം നിലച്ചുപോയ മംഗളോദയം മാസിക മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തിന്‍ കീഴിലായിരുന്നു. കേരളം പ്രേഷിതന്‍, കൈരളി, പ്രജാമിത്രം, നവജീവന്‍, സഹകരണബോധിനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൃശൂര്‍ സഹകരണ കോളേജിന്റെ പ്രിന്‍സിപ്പലായി ജോലി ചെയ്തുകൊണ്ട് സഹകരണരംഗത്തും പ്രവര്‍ത്തിച്ചിരുന്നു.
ചൈന, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കേരളത്തിലെ വിദ്യാഭ്യാസ- സാംസ്‌കാരിക മേഖലകളുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചു. മണ്‍മറഞ്ഞ സാഹിത്യനായകന്മാരുടെ സ്മരണ നിലനിര്‍ത്താന്‍ വേണ്ടി തോന്നയ്‌ക്കലെ ആശാന്‍ സ്മാരകം, അമ്പലപ്പുഴയിലെ കുഞ്ചന്‍ സ്മാരകം എന്നീ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു. കേരളസാഹിത്യ അക്കാദമി, കേരള സംഗീത അക്കാദമി, കേരള സര്‍വ്വകലാശാല എന്നിവയുടെ രൂപീകരണത്തിന് പ്രേരണ നല്‍കി. 1976-ല്‍ കേന്ദ്ര-സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് നേടി.
സാഹിത്യ വിമര്‍ശനമെന്നാല്‍
സാഹിത്യനിരൂപണത്തെ സര്‍ഗാത്മക രചനയാക്കി ഉയര്‍ത്തിയതു മുണ്ടശ്ശേരിയാണ്. സി.പി. അച്യുതമേനോന്റെ കാലം മുതല്‍ക്കേ പാശ്ചാത്യ പൗരസ്ത്യ സാഹിത്യദര്‍ശനങ്ങള്‍ ഇടകലര്‍ത്തി സാഹിത്യ വിമര്‍ശനം നടത്തുന്ന രീതി മലയാളത്തില്‍ പ്രചാരത്തിലിരുന്നുവെങ്കിലും സാമൂഹ്യ ശാസ്ത്രത്തിന്റെയും മാര്‍ക്‌സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന്റെയും പിന്‍ബലത്തില്‍ അവയെ കാലോചിതമായി സമന്വയിപ്പിച്ച് വര്‍ത്തമാന രചനകളെ വിലയിരുത്താന്‍ ഉപയുക്തമാക്കിയത് മുണ്ടശ്ശേരിയാണ്. കാവ്യപീഠിക, രൂപഭദ്രത, നാടകാന്തം കവിത്വം എന്നീ മൂന്നു സൈദ്ധാന്തിക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
പുരോഗമന സാഹിത്യ പ്രസ്ഥാനത്തില്‍ അലയടിച്ച ആഭ്യന്തര സമരത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ നിലപാടുകള്‍ക്ക് സൈദ്ധാന്തിക രൂപം നല്‍കി രചിച്ച കൃതിയാണ് രൂപഭദ്രത. മുണ്ടശ്ശേരിയിലെ കാവ്യാസ്വാദകന്‍ അതിലെ പണ്ഡിതനെയും ഉദ്‌ബോധകനെയും ഒട്ടും വകവയ്‌ക്കാതെ ഒരു കാവ്യം ആസ്വദിച്ചാനന്ദിക്കുന്നത് കാണാന്‍ മാനദണ്ഡം വായിക്കണം എന്ന് സുകുമാര്‍ അഴിക്കോട് അഭിപ്രായപ്പെട്ടിട്ടുണ്ട്. ”അലോക സൗഭാഗ്യം തേടി ഉയര്‍ന്ന കാളിദാസ ഭാവനയുടെയും അതിനെ പിന്തുടര്‍ന്ന മധുരശൈലിയുടെയും രസപൂര്‍ണിമയെ മങ്ങലില്ലാതെ ലളിതപരാവര്‍ത്തനങ്ങളിലൂടെയും അത്യാവശ്യാമയ വിശദീകരണങ്ങളിലൂടെയും നമുക്ക് അനാവൃതമാക്കിയ ആ വിമര്‍ശനം ഒരു മലയാള ഗദ്യമേഘമത്രേ!”
പാശ്ചാത്യ പൗരസ്ത്യ സാഹിത്യ സിദ്ധാന്തങ്ങളുടെ തുലനം ലക്ഷ്യമാക്കിയാണ് കാവ്യപീഠിക രചിച്ചത്. കവി, മാധ്യമം, കാവ്യരൂപം, ആസ്വാദകന്‍, കാവ്യലക്ഷ്യം എന്നിവയെ സമഗ്രമായി ദര്‍ശിച്ചുകൊണ്ടുള്ള സാഹിത്യ സമീപനമാണ് മുണ്ടശ്ശേരിയുടേത്. ക്ഷേമരാഷ്‌ട്ര സങ്കല്‍പവും സാമൂഹിക പുരോഗതിയും രാഷ്‌ട്രീയത്തിന്റെ മണ്ഡലത്തിലെന്നപോലെ സാഹിത്യത്തിലും പ്രസക്തമാണെന്നും സാഹിത്യം സാമൂഹിക പുരോഗതിക്ക് ഉതകണം എന്നുള്ള വാദഗതി ഉയര്‍ന്നുവന്നിരുന്ന കാലമാണത്. മുണ്ടശ്ശേരി സാഹിത്യത്തിന്റെ സാമൂഹിക പ്രസക്തിയെ നിഷേധിക്കാതെ തന്നെ രൂപഭാവങ്ങള്‍ ഭദ്രമാക്കണം എന്നു വാദിച്ചു. അത് അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. പുരോഗമന സാഹിത്യ സംഘടനയുടെ പിളര്‍പ്പിലേക്കു കൊണ്ടുചെന്നെത്തിച്ച വാഗ്വാദങ്ങള്‍ നടന്നു. എതിരാളികള്‍ മുണ്ടശ്ശേരിയെ രൂപഭദ്രന്‍ എന്ന് വിളിച്ചാക്ഷേപിച്ചു. എന്നാല്‍ രൂപവും ഭാവവും ഭദ്രമായിരിക്കണമെന്ന അഭിപ്രായത്തില്‍ മുണ്ടശ്ശേരി ഉറച്ചുനിന്നു.
ബുദ്ധിമാന്മാര്‍ ജീവിക്കുന്നു – പാശ്ചാത്യവും പൗരസ്ത്യവുമായ ഏഴ് പ്രതിഭാശാലികളുടെ ലഘുചിത്രങ്ങളാണ് ബുദ്ധിമാന്മാര്‍ ജീവിക്കുന്നു (1965) എന്ന കൃതിയിലെ ഉള്ളടക്കം. ശാസ്ത്രജ്ഞനായ ജെ.ബി.എസ് ഹാന്‍സെയിന്‍ (1892-1964), കവിയും വിമര്‍ശകനുമായ ടി.എസ്.എലിയട്ട് (1888-1961), മഹാഭാരത വിവര്‍ത്തകനായ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1864-1913), സംസ്‌കൃത പണ്ഡിതനായ ഐ.സി.ചാക്കോ (1875-1960), പണ്ഡിതനും സാഹിത്യകാരനും നയതന്ത്രജ്ഞനുമായ സര്‍ദാര്‍ കെ.എം.പണിക്കര്‍ (1896-1963), നിരൂപകനും അദ്ധ്യാപകനുമായ പ്രൊഫ: എം.പി.പോള്‍ (1904-1952), പണ്ഡിതനും ഗദ്യസാഹിത്യകാരനുമായ സി.അന്തപ്പായി എന്നീ പ്രമുഖരെയാണ് മുണ്ടശ്ശേരി പരിചയപ്പെടുത്തുന്നത്. ഇവയൊന്നും പൂര്‍ണ്ണ ജീവചരിത്രങ്ങളല്ല.
അവതരിപ്പിക്കുന്ന വ്യക്തികളുടെ വ്യത്യസ്തമായ സവിശേഷതകള്‍ വെളിപ്പെടുത്തുന്നതിനുള്ള സന്ദര്‍ഭങ്ങളും സംഭവങ്ങളും തെരഞ്ഞെടുത്ത് അവതരിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. ലളിതസുന്ദരമായ മലയാള പദങ്ങളും കടുകട്ടി സംസ്‌കൃത പദങ്ങളും കൂട്ടിയിണക്കി എഴുതുന്ന മുണ്ടേശ്ശരിയുടെ ശൈലിക്ക് ഒരു പ്രത്യേക വശ്യതയുണ്ട്. ഒരു നല്ല കലാകാരനു മാത്രമേ നല്ല നിരൂപകനോ വിമര്‍ശകനോ ആകാന്‍ കഴിയുകയുള്ളൂ എന്നു കൂടി തെളിയിക്കുന്നതാണ് മുണ്ടശ്ശേരി സാഹിത്യം.
മുണ്ടശ്ശേരിയുടെ സംഭാവനകള്‍
കവിത, കഥ, നോവല്‍, സൈദ്ധാന്തിക വിമര്‍ശനം, നിരൂപണം, പ്രഭാഷണം, ഗ്രന്ഥവിമര്‍ശനം, ആത്മകഥ, സഞ്ചാരസാഹിത്യം എന്നീ മലയാള സാഹിത്യത്തിലെ വിവിധ മേഖലകളില്‍ 50 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോളിന്റെ അവതാരികയോടുകൂടി 1928-ല്‍ പ്രസിദ്ധീകരിച്ച ചിന്താമാധുരി എന്ന കവിതാ സമാഹാരമാണ് ആദ്യ രചന. ഇതര കൃതികള്‍ രണ്ടു രാജകുമാരിമാര്‍, സമ്മാനം, കടാക്ഷം ഇല്ലാ പോലീസ്, പ്രൊഫസര്‍, കൊന്തയില്‍ നിന്ന് കുരിശിലേക്ക്, പാറപ്പുറത്ത് വിതച്ച വിത്ത് (കഥകളും നോവലുകളും)
പ്രപഞ്ച ദീപിക, ഒറ്റനോട്ടത്തില്‍, കരിന്തിരി, ആശാന്‍ കവിത ഒരു പഠനം, വള്ളത്തോള്‍ കവിത ഒരു പഠനം, സ്റ്റണ്ടുകള്‍, പുതിയ കാഴ്ചപ്പാടില്‍, മതം അവിടെയും ഇവിടെയും, രാജരാജന്റെ മാറ്റൊലി, പൊതു വിദ്യാഭ്യാസം എന്ത്? എങ്ങനെ? വ്യക്തിയില്‍ നിന്ന് പൗരനിലേക്ക്, ശാസ്ത്രജീവിതത്തില്‍, ഉപന്യാസ ദീപിക (പഠനങ്ങള്‍- ഉപന്യാസങ്ങള്‍)
കരുണാനിരൂപണം, മാറ്റൊലി, അന്തരീക്ഷം, മാനദണ്ഡം, പ്രയാണം, മനുഷ്യകഥാസഹായികള്‍, കാലത്തിന്റെ കണ്ണാടി, നനയാതെ മീന്‍പിടിക്കാമോ (സാഹിത്യ നിരൂപണങ്ങള്‍) ബുദ്ധിമാന്‍മാര്‍ ജീവിക്കുന്നു. മാക്‌സിം ഗോര്‍ക്കി (ജീവചരിത്രം) കൊഴിഞ്ഞ ഇലകള്‍, മങ്ങാത്ത ഓര്‍മ്മകള്‍ (ആത്മകഥ) വായനശാലയില്‍ (നാലുഭാഗങ്ങള്‍ – പുസ്തക നിരൂപണം) ചൈന മുന്നോട്ട് (യാത്രാവിവരണം) പ്രഭാഷണാവലി (പ്രസംഗങ്ങള്‍) ആ വീട്, ക്രിസ്ത്വനുകരണം (വിവര്‍ത്തനം)
നീണ്ടകത്തുകള്‍, തിലകപാഠാവലി, വിശ്വവിഹാരം, കൈരളീ കടാക്ഷം എന്നിവയും ഇദ്ദേഹത്തിന്റെ കൃതികളാണ്. കൊച്ചിരാജാവ് സാഹിത്യനിപുണന്‍ എന്ന ബഹുമതി നല്‍കി ആദരിച്ചു. സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് (1976) കേരള സാഹിത്യ ഫെലോഷിപ്പ് (1976) മുതലായ സ്ഥാനമാനങ്ങള്‍ മുണ്ടശ്ശേരിക്ക് ലഭിച്ചിട്ടുണ്ട്. 1977 ഒക്‌ടോബര്‍ 25-ന് മുണ്ടശ്ശേരി അന്തരിച്ചു.
(പട്ടം സെന്റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും, ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷമുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക