കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ വിജയാ ബാങ്ക് 28.57 ശതമാനം വര്‍ധനവോടെ 733.96 കോടി രൂപ ലാഭമുണ്ടാക്കി. സപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ 185.46 കോടി രൂപയുടെ അറ്റാദായവും കൈവരിച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച സാമ്പത്തിക ഫലങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. പലിശ ഇനത്തിലുള്ള അറ്റ വരുമാനത്തിന്റെ കാര്യത്തില്‍ 21.81 ശതമാനം വര്‍ധനവോടെ 1008.41 കോടി രൂപയും ഇക്കാലയളവില്‍ ബാങ്കിനു കൈവരിക്കാനായി.
ഗ്രാമീണ മേഖലയിലെ വായ്പകളുടെ കാര്യത്തില്‍ 20.32 ശതമാനം വര്‍ധനവും ഭവന വായ്പകളുടെ കാര്യത്തില്‍ 26.29 ശതമാനം വര്‍ധനയും കൈവരിച്ചു. കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് രംഗത്തെ വിഹിതം 22.65 ശതമാനം എന്ന നിലയില്‍ നിന്ന് 27.03 ശതമാനമായും മെച്ചപ്പെടുത്തി. ആകെ നിഷ്ക്രിയ ആസ്തികള്‍ 7.07 ശതമാനമെന്നത് 7.06 ശതമാനമായി മെച്ചപ്പെടുത്തിയപ്പോള്‍ അറ്റ നിഷ്ക്രിയ ആസ്തികള്‍ 5.10 ശതമാനത്തില്‍ നിന്ന് 4.86 ശതമാനമായി കുറഞ്ഞു.
എന്‍ഐഎം 43 അടിസ്ഥാന പോയിന്റ് മെച്ചപ്പെടുത്തി 3.04 ശതമാനത്തിലെത്തി. പ്രൊവിഷണല്‍ കവറേജ് അനുപാതം 59.29 ശതമാനം, ആര്‍ഒഎ 0.46 ശതമാനം, സിആര്‍എആര്‍ (ബേസില്‍ 3) 13.31 ശതമാനം എന്നീ നിലകളിലാണെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച പ്രവര്‍ത്തന ഫലം ചൂണ്ടിക്കാട്ടുന്നു. പുതുതായി നൂറു ശാഖകളും എടിഎമ്മുകളും ഡിജിറ്റല്‍ ഗ്രാമങ്ങളും കൂട്ടിച്ചേര്‍ത്തതോടെ ബാങ്കിന്റെ ആകെ ശാഖകള്‍ 2133 ഉം എടിഎമ്മുകള്‍ 2177 ഉം 105 ഡിജിറ്റല്‍ ഗ്രാമങ്ങളുമുണ്ട്.
ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലെയ്സ്മെന്റ് (ക്യുഐപി) വഴി ബാങ്ക് 700 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിച്ചു. പതിനാറു ദശലക്ഷത്തിലേരെ ഉപഭോക്താക്കളുള്ള ബാങ്കിന്റെ ആകെ ബിസിനസ് 2,25,000 കോടി രൂപയിലേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: