കല്‍പ്പറ്റ: ബാങ്ക് വാച്ചറെ തട്ടിക്കൊണ്ട് പോയി കൊല്ലാന്‍ ശ്രമം.വെങ്ങപ്പള്ളി പ്രാഥമിക സഹകരണ ബാങ്ക് വാച്ച്മാന് പറോപ്പടി ബാലകൃഷണനെയാണ് തട്ടികൊണ്ടുപോയത്. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെ ബാങ്കിനടുത്താണ് സംഭവം. ബാങ്കിലേക്ക് നടന്നുപോകുന്ന വഴി വെളുത്ത കാറിലെത്തിയവര്‍ വഴി ചോദിക്കുകയും ഞങ്ങളും ബാങ്ക് വഴിയാണ് പോകുന്നതെന്നുപറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. എന്നാല്‍ കാര്‍ ദിശമാറിയതോടെ ബാലകൃഷ്ണന് ബഹളംവെച്ചു. ഉടനെ കൂടെയുണ്ടായിരുന്ന ഒരാള്‍ വായില്‍ തുണി തിരുകുകയും ഷാള്‍ ഉപയോഗിച്ച് കാലും കൈയ്യും കെട്ടുകയും ചെയ്തു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ചെറിയ കത്തി, മൊബൈല്‍ ഫോണ്‍, പേഴ്സ് എന്നിവ സംഘം പിടിച്ചെടുത്തു. കുറച്ചുകൂടി യാത്ര ചെയ്തപ്പോള്‍ ബാങ്കിന്റെ താക്കോല്‍ തന്നാല്‍ ഇറക്കിവിടാമെന്നും അല്ലാത്തപക്ഷം കൊന്നുകളയുമെന്നും പറഞ്ഞു. വായിലെ തുണി മാറ്റി താക്കോല്‍ എവിടെയാണെന്ന് ചോദിച്ചു. താക്കോല്‍ അറിയില്ലെന്ന് പറഞ്ഞതോടെ സംഘത്തിലെ ഒരാള്‍ ആരെയോ ഫോണില്‍ ബന്ധപ്പെട്ടു. ഗോഡൗണില്‍ എവിടെയോ താക്കോല്‍ ഉണ്ടെന്നും അത് ബാലകൃഷ്ണന് അറിയാമെന്നും ഫോണില്‍ സംസാരിച്ചയാള്‍ പറഞ്ഞു. താക്കോല്‍ കിട്ടില്ലെന്നുറപ്പായതോടെ എട്ട് കിലോമീറ്ററിനപ്പുറം ഇടിയംവയലില്‍ ബാലകൃഷ്ണനെ ഇറക്കിവിട്ട് കാര്‍ പുറകോട്ടെടുത്ത് ഇടിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ദിശയില്‍ മറ്റൊരു വാഹനം വന്നതിനാല്‍ സംഘം നേരെ മുന്നോട്ട് പോയി.ബാലകൃഷ്ണന് തൊട്ടടുത്ത വീട്ടില്‍ അഭയം തേടുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വെള്ളം കുടിക്കുകയും ചെയ്തു. പിന്നീട് വീട്ടുകാര്‍ ബന്ധപ്പെട്ടവരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസും ബാങ്ക് അധികൃതരുമെത്തി ബാലകൃഷ്ണനെ ആശുപത്രിയിലാക്കി. ബാങ്കില്‍ പരിശോധന നടത്തിയെങ്കിലും അസാധാരണമായൊന്നും കണ്ടെത്തിയില്ല. പോലീസ് കേസ് അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: