കോട്ടയം: ഭിന്നശേഷിയുള്ള കുട്ടികളെ പൊരുവെയിലില്‍ നിര്‍ത്തി കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയ സംഭവം വിവാദത്തിലേക്ക്. അസോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് എന്ന സംഘടയാണ് സമരം സംഘടിപ്പിച്ചത്. പെണ്‍കുട്ടികള്‍ അടക്കമുള്ള കുട്ടികളെയാണ് മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂളിലെ അദ്ധ്യാപകരും സ്‌കൂള്‍ മാനേജ് മെന്റുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അദ്ധ്യാപകരുടെ ശമ്പള വര്‍ദ്ധനവിനും മാനേജ് മെന്റിന് കൂടുതല്‍ ആനുകൂല്യം നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ന്യായമാണെങ്കിലും ഭിന്നശേഷിയുള്ള കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിച്ചത് ബാലാവകാശ നിയമത്തിന്റെ ലംഘനമാണ്. സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും മാനേജ് മെന്റിനും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാം എന്നിരിക്കെയാണ് ഇത്തരത്തില്‍ കുട്ടികളെ കഷ്ടപ്പെടുത്തിയുള്ള ഒരു സമരമുറ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ചില ക്ഷേത്രങ്ങളിലെ കുംബകുട മഹോത്സവത്തിന് കുട്ടികള്‍ ശൂലം കുത്തിയതിന്റെ പേരില്‍ മാതാപിതാക്കള്‍ക്ക് എതിരെ ബാലാവകാശ കമ്മീഷന്‍ കേസ്സെടുത്തിരുന്നു. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിക്ക് നിശ്ചലദൃശ്യത്തിന്റെ ഭാഗമായി ഒരു കുട്ടിയെ വാഹനത്തിന് മുകളില്‍ ഇരുത്തിയതിനും കമ്മീഷന്‍ കേസ്സെടുത്തിരുന്നു. ശാരീരികവും മാനസികവുമായ വൈകല്യമുള്ള കുട്ടികളെ മണിക്കൂറുകളോളം വെയിലത്ത് നിര്‍ത്തിയിട്ടും കേസ്സെടുക്കാന്‍ ബാലവകാശ കമ്മീഷന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
















