നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ ബ്ലെയ്ഡ് മാഫിയയുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാന്‍ ജില്ലാപോലീസ് സൂപ്രണ്ട് ദുരെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഇതിനു പിന്നാലെ ഒരേദിവസം വിവിധ സ്റ്റേഷനുകളിലായി ആറു പരാതികള്‍ രജിസ്റ്റര്‍ ചെയ്തു.
വട്ടിപ്പലിശ സംഘത്തിന്റെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ദിവസം തിരുനെല്‍വേലി കളക്ടറേറ്റിനു മുന്നില്‍ ഒരുകുടുംബത്തില്‍പ്പെട്ട മൂന്നു പേര്‍ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കന്യാകുമാരി ജില്ലയിലും വട്ടിപ്പലിശ ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയിരിക്കുന്നത്.
ആശാരിപള്ളം പോലീസ് സ്റ്റേഷനില്‍ മൂന്നും വടശ്ശേരി, കോട്ടാര്‍ സ്റ്റേഷനുകളില്‍ രണ്ടും തക്കല സ്റ്റേഷനില്‍ ഒരു പരാതിയമാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തു തന്നെ ചിലപ്പോള്‍ ഏറ്റവും കൂടുതല്‍ ബ്ലെയ്ഡ് മാഫിയ പ്രവര്‍ത്തിക്കുന്നത് കന്യാകുമാരി ജില്ലയിലായിരിക്കും.
വിവിധ രാഷ്ടീയപ്പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇവിടെ വട്ടിപ്പലിശയ്‌ക്ക് പണം നല്‍കുന്നവരില്‍ ഏറെയും. ഇവര്‍ക്ക് പോലീസിന്റെയും ഗുണ്ടകളുടെയും പിന്തുണയും സഹായവും വേണ്ടുവോളമുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം മുതല്‍ അരുമന, കുഴിത്തുറ, കളിയക്കാവിള, മാര്‍ത്താണ്ഡം, കുലശേഖരം, കുളച്ചല്‍, നാഗര്‍കോവില്‍, വടശ്ശേരി, കോട്ടാര്‍, ഈത്താമൊഴി തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ പലിശസംഘത്തിന്റെ പട്ടിക തയ്യാറാക്കി തുടങ്ങി.
നേരത്തെ ലഭിച്ചിട്ടുള്ള പരാതികളെ കുറിച്ച് അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ എസ്‌ഐമാര്‍ക്ക് പുറമെ വിവിധ സ്റ്റേഷനുകളിലെ പോലീസുകാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷപാതമില്ലാതെ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന ഉറപ്പ്.
















