നെയ്യാറ്റിന്‍കര: മഹാബലിപുരത്ത് നിന്ന് ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി കൊണ്ടുവന്ന ദ്വാദശ ജ്യോതിര്‍ലിംഗങ്ങളുടെ ഘോഷയാത്രയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്‍പ്പ്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഞയറാഴ്ച ഉച്ചയ്‌ക്ക് 3 മണിയോടെ അതിര്‍ത്തിപ്രദേശമായ കളിയിക്കാവിളയില്‍ എത്തിയ ഘോഷയാത്ര വഴിനീളെ ഉണ്ടായിരുന്ന ഭക്തജനങ്ങള്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി. തുടര്‍ന്ന് വൈകിട്ട് 5 മണിയോടെ ഉദിയന്‍കുളങ്ങരയില്‍ എത്തിച്ചേര്‍ന്നു. വിവിധതരം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്രയെ ക്ഷേത്ര വളപ്പിലേക്ക് ആനയിച്ചത്.
ക്ഷേത്രത്തില്‍ എത്തിച്ച ദ്വാദശ ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠ നവംബര്‍ 2 ന് നടക്കും. ക്ഷേത്രത്തില്‍ നടക്കുന്ന 11-ാമത് മഹാരുദ്ര യജ്ഞത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. ചതുര്‍വേദ യജ്ഞത്തിന്റെ ഭാഗമായ സാമവേദപാരായണം കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച് സാമവേദ ഹോമത്തോടെ പൂര്‍ത്തിയാകും. അഥര്‍വവേദ പാരായണം നാളെ ആരംഭിച്ച് നവംബര്‍ 1 ന് നടക്കുന്ന അഥര്‍വവേദ ഹോമത്തോടെ പൂര്‍ത്തിയാകും. മഹാരുദ്ര യജ്ഞത്തിന്റെ സമാപനദിനത്തിലാണ് ദ്വാദശ ജ്യോതിര്‍ലിംഗങ്ങളുടെ പ്രതിഷ്ഠ നടക്കുക. തുടര്‍ന്ന് നവംബര്‍ 8 ന് സഹസ്രകലശവും നവംബര്‍ 8 മുതല്‍ 10 വരെ തീയതികളില്‍ ജയാബലിയും നടക്കും.
















