കളമശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സിറ്റി ഗ്യാസ് പദ്ധതിയടക്കം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണ് കളമശ്ശേരി നഗരസഭയില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തിയത്. നഗരസഭാധ്യക്ഷയാകാനുള്ള എ- ഐ ഗ്രൂപ്പുകളുടെ തമ്മിലടി തീര്‍ക്കാന്‍ അന്നത്തെ കെ പി സി സി പ്രസിഡന്റ് വി.എം സുധീരന് തന്നെ രംഗത്തിറങ്ങുകയും ചെയ്തു. പക്ഷെ തുടക്കത്തിലെയുണ്ടായ ഗ്രൂപ്പ് പോര് അനുദിനം ശക്തമായതോടെ നഗരസഭയുടെ വികസന പദ്ധതികള്‍ മാത്രമല്ല ദൈനംദിന പ്രവര്‍ത്തനങ്ങളും പിന്‍സീറ്റിലായി.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ചര്‍ച്ചയാകാറില്ല. എ – ഐ ഗ്രൂപ്പുകളുടെ ചെളി വാരിയേറാണ് കൗണ്‍സില്‍ യോഗങ്ങളില്‍ നടക്കുന്നത്. ചെയര്‍പേഴ്സണ്‍ സ്ഥാനം എ ഗ്രൂപ്പിനും സ്റ്റാന്‍ഡിംഗ് കമ്മറ്റി സ്ഥാനങ്ങള്‍ ഐ ഗ്രൂപ്പിനും പങ്കിട്ടതോടെ ഇരുപക്ഷവും രണ്ട് വഴിയ്ക്കാണ് തീരുമാനം എടുക്കുന്നതും നടപ്പിലാക്കുന്നതും. പുതിയ ഒരു പദ്ധതി പോലും ഭരണ സമിതി കൊണ്ടുവന്നിട്ടില്ല.
ഇതിനിടയില്‍ നഗരസഭാ ചെയര്‍പേഴ്സണെ തുടര്‍ച്ചയായി കൗണ്‍സില്‍ യോഗങ്ങളില്‍ ആക്ഷേപിച്ച് സംസാരിച്ചതിന് ഒരു സ്ഥിരം സമിതിയധ്യക്ഷനെ കോണ്‍ഗ്രസ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. മറ്റൊരു സമിതിയധ്യക്ഷ ആറു മാസം ലീവെടുത്ത ശേഷം അധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് പോയി. സ്റ്റാന്‍ഡിംഗ് യോഗങ്ങള്‍ പലപ്പോഴും വഴിപാടാണ്.
ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് ഏറെപ്പേരു കേട്ട കളമശ്ശേരിയില്‍ കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനൊപ്പം സി പി എമ്മും ഒറ്റക്കെട്ടാണ്. പുതിയ പദ്ധതികളോ പരിപാടികളോ ആവിഷ്ക്കരിക്കാനോ നടപ്പിലാക്കാനോ ഈ വിഭാഗം സമ്മതിക്കില്ല. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മറിക്കലിന് ഏറെ പേരുകേട്ട ഏരിയ കമ്മറ്റിയുമാണ് കളമശേരിയില്‍ ഉള്ളത്.
നഗരസഭയുടെ മുന്നില്‍ മൂന്നാഴ്ചക്കാലം പ്രതിപക്ഷസമരം നടത്തി. പന്തലിന് അജ്ഞാതരാല്‍ തീ പിടിച്ച സംഭവുവുമുണ്ടായി. നഗരസഭയിലെ സെക്രട്ടറിക്കൊണ്ട് ഫയലുകള്‍ വൈകിപ്പിക്കുന്നത് ഫലം കാണാതെയായപ്പോള്‍ സെക്രട്ടറിയെ തന്നെ സ്ഥലം മാറ്റിയിരിക്കുകയാണ്. അഞ്ച് മാസമായിട്ടും പുതിയ ആളെ സര്‍ക്കാര്‍ നിയമിച്ചിട്ടുമില്ല. മാലിന്യനീക്കം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.
കോണ്‍ഗ്രസ്, ലീഗ് ഭരണത്തില്‍ ഹൈന്ദവ വിഭാഗത്തിന്റെ താത്പര്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും കടുത്ത ആക്ഷേപമുണ്ട്. കൗണ്‍സിലര്‍മാര്‍ ഉണ്ടായിട്ടും വിവിധ സ്ഥിരം സമിതികളില്‍ അധ്യക്ഷ സ്ഥാനം നല്‍കിയിട്ടില്ല. പൊതുശ്മശാനത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. വെള്ളിയാഴ്ചകളില്‍ യോഗം വിളിക്കാന്‍ പാടില്ല, നോമ്പ് സമയത്ത് ചായ പോലും വിതരണം ചെയ്യാന്‍ പാടില്ല, പ്രത്യേക കരാറുകാര്‍ക്കേ പദ്ധതി അനുവദിക്കാവൂ , ലൈസന്‍സ് അനുവദിക്കാവൂ എന്നിങ്ങനെ നിരവധി ‘കീഴ് വഴക്കങ്ങള്‍’ നഗരസഭയിലുണ്ട്.
നോട്ടീസില്‍ പേര് വരികയെന്ന ആഗ്രഹം നടന്നു കഴിഞ്ഞാല്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരെയും പരിപാടികളില്‍ കാണാറില്ല. പലരും പരസ്പരം ബന്ധുക്കള്‍ ആയതിനാല്‍ താത്കാലിക നിയമനങ്ങളിലും ലൈസന്‍സുകള്‍ അനുവദിക്കുന്നതിലും കുടുംബതാത്പര്യങ്ങള്‍ സംരക്ഷിക്കാനും കൗണ്‍സിലര്‍മാര്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. അതിനെതിരായി ഉദ്യോഗസ്ഥര്‍ നിലപാടെടുത്താല്‍ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥരെ വലിച്ചു കീറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: