പാലക്കാട്:കഞ്ചിക്കോട് വ്യവസായ മേഖലയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്വയണ്മെന്റല് എഞ്ചിനീയറുടെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ സ്വകാര്യ കമ്പനികളുടെ മലിനീകരണം കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനാനുമതി പരിസ്ഥിതി കാവല്‍ സംഘം നിഷേധിച്ചു.
ജില്ലാ കലക്ടറേറ്റില്‍ എ.ഡി.എം.എസ്.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിസ്ഥിതി കാവല്‍ സംഘം യോഗത്തിലാണ് തീരുമാനം.
കോരയാര്‍ പുഴയില്‍ മാലിന്യം തള്ളുന്നുണ്ടെന്ന പരാതിയില്‍ ജില്ലാ വ്യവസായ കേന്ദ്രം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംയുക്ത പരിശോധനയില്‍ മലിനീകരണം കണ്ടെത്താനായില്ല,പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ വ്യവസായകേന്ദ്രം, കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം എന്നിവ ചേര്‍ന്ന് പുഴയോരത്ത് വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും, സ്വകാര്യ ശീതളപാനീയ കമ്പനിക്ക് വെള്ളം സംഭരിക്കുന്നതിനുള്ള നിയന്ത്രണം നീക്കി,ആരോഗ്യ വകുപ്പ് നടത്തിയ മെഡിക്കല്‍ കാംപില്‍ പ്രദേശവാസികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്താനായില്ല, സ്വകാര്യ കമ്പനികളുടെ മലിനീകരണത്തിനെതിരെ പരിസ്ഥിതി സംരക്ഷണ സമിതി നല്കിയ പരാതി പരിശോധിക്കും,എന്നിവയാണ് യോഗത്തിലെ മറ്റു തീരുമാനങ്ങള്‍.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ മലിനീകരണവും പരിസ്ഥിതി ആഘാതങ്ങളും പഠിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമാണ് പരിസ്ഥിതി കാവല്‍ സംഘം പ്രവര്‍ത്തിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം,മലിനീകരണ നിയന്ത്രണ ബോര്‍ഡ്,ഫാക്ടറീസ് ആന്‍ഡ് ബോയിലേസ് വകുപ്പ്, ആരോഗ്യ വകുപ്പ്,ഭൂഗര്‍ഭജല വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: