കോട്ടയം: മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ചു സ്‌കൂള്‍ ബസ്സ്്്് ഓടിച്ച 9 പേര്‍ക്കെതിരെ കേസെടുത്തു.
520 സ്‌കൂള്‍ ബസ്സുകളാണ് പരിശോധിച്ചത്.
”ഓപ്പറേഷന്‍ ലിറ്റില്‍ മാസ്റ്റര്‍”എന്ന പേരില്‍ എറണാകുളം റേഞ്ച് ഐജി യുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലയിലെ 78 സ്ഥലങ്ങളില്‍ ഇന്നലെ രാവിലെ 6.30 മുതല്‍ 9.30 വരെ വാഹന പരിശോധന നടന്നത്.
അമിതവേഗതയിലും അശ്രദ്ധമായും മദ്യപിച്ചും സ്‌കൂള്‍ വാഹനം ഓടിക്കുന്നവരെ കണ്ടെത്താനായിരുന്നു പോലീസ് പരിശോധന. സ്‌കൂള്‍ കൂട്ടികളെ കൊണ്ടുപോകുന്ന ഏഴ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയും സ്‌കൂള്‍ വാടകയ്‌ക്ക് എടുത്ത ഓടിക്കുന്ന ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷകളില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ കുട്ടികളെ കയറ്റിക്കൊണ്ട് പോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
വരും ദിവസങ്ങളിലും ഇത്തരം യാത്രകള്‍ തടയുന്നതിനുള്ള നടപടികള്‍ പോലീസ് കൈക്കൊള്ളും. അശ്രദ്ധമായ നിലയില്‍ വാഹനമോടിച്ച ഏഴ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു.
അമിതവേഗതയിലും അപകടകരമായും വാഹനമോടിച്ച 20 ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കി. മറ്റ് നിയമലംഘനങ്ങള്‍ നടത്തിയ 207 ഡ്രൈവര്‍മാര്‍ക്കെതിരെ പെറ്റിക്കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
















