പാലക്കാട്:പുതുശ്ശേരി പഞ്ചായത്ത് പ്രീകോട്ട് കോളനിയില്‍ പാരഗണ്‍, എസ്എംഎം1 എന്ന ഇരുമ്പുരുക്ക് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ജനവാസ കേന്ദ്രത്തില്‍ കമ്പനി തുടങ്ങിയത് തന്നെ നിയമം ലംഘിച്ചാണ്.
കമ്പനിക്കെതിരെ കോടതിയെ സമീപിക്കാന്‍ സംഘടന തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവന് ഭീഷണിയായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ മണ്ഡലം എംഎല്‍എ വി.എസ്.അച്യുതാനന്ദനും എം.ബി.രാജേഷ് എംപിയും ഇടപെടണം. 2016 ജൂണ്‍ 10ന് പുതുശ്ശേരി പഞ്ചായത്ത് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.എന്നിട്ടും പ്രവര്‍ത്തനം തുടരുകയാണ്.
കെഎസ്ഇബിയില്‍ വന്‍ തുക നല്‍കാനുണ്ട്.യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.കമ്പനിയെ കുറിച്ച് വിവരാവകാശ പ്രകാരം അപേക്ഷ നല്കിയാല് സര്‍ക്കാര്‍ ഓഫിസുകള്‍ തെറ്റായ വിവരങ്ങളാണ് നല്‍കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനിയുടെ ഫര്‍ണസ് പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഇനിയും ഇത്തരം അപകടമുണ്ടാവാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.
കൂടാതെ, മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രദേശവാസികള്‍ക്ക് ശല്ല്യമായിരിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ ചെയര്മാന് എം.രാജേഷ്, വൈസ് ചെയര്മാന് എം.വിജയകുമാര്‍, വി.കെ.മുകുന്ദന്, സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: