പത്തനംതിട്ട: ശബരിമലയില്‍ പുതിയതായി നിര്‍മ്മിച്ച അരവണ പ്ലാന്റില്‍ ഈ തീര്‍ത്ഥാടനക്കാലം മുതല്‍ നിര്‍മ്മാണം തുടങ്ങുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. പ്രസ്ക്ലബില്‍ ശബരിമല സുഖദര്‍ശനം ചര്‍ച്ചാ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായി രവിപിളള വഴിപാടായി മൂന്നര കോടി രൂപ ചെലവിലാണ് പ്ലാന്റ് നിര്‍മ്മിച്ചത്. അരവണ ഉല്‍പ്പാദനത്തിന് ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ കൂടി ബോര്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ച് വഴിപാടായി സമര്‍പ്പിച്ചു. നവംബര്‍ ഒന്നു മുതല്‍ പ്ലാന്റ് പ്രവര്‍ത്തിച്ചു തുടങ്ങും. പഴയ പ്ലാന്റ് നിലനിര്‍ത്തിക്കൊണ്ടായിരിക്കും പുതിയത് പ്രവര്‍ത്തിക്കുന്നത്.
പത്തു മിനിട്ടില്‍ 400 ഉണ്ണിയപ്പം നിര്‍മ്മിക്കാന്‍ കഴിയുന്ന പുതിയ സംവധാനവും നിലവില്‍ വരും.
അന്നദാനപ്പുരയില്‍ മൂന്നാം നില നിര്‍മാണം പൂര്‍ത്തിയായതോടെ 5000പേര്‍ക്ക് ഒരു സമയം ഭക്ഷണം കഴിക്കാനുളള സംവിധാനമായി. കഴിഞ്ഞ വര്‍ഷം രണ്ടായിരം പേര്‍ക്ക് കഴിക്കാനുളള സൗകര്യമാണുണ്ടായിരുന്നത്. മൂന്നാം നിലയിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് ലിഫ്ട് നിര്‍മ്മിക്കും.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ എത്തുന്നതിന് പുതിയ റോഡ് നിര്‍മ്മിക്കും. ഇതോടെ വലിയ നടപ്പന്തല്‍ വഴി ട്രാക്ടര്‍ ഓടിക്കുന്നത് ഒഴിവാക്കാനാകും.
സന്നിധാനത്തും നിലയ്ക്കലും വിരിവയ്ക്കാന്‍ പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നിലയ്ക്കലില്‍ ടാങ്കര്‍ ലോറിയില്‍ വെളളം എത്തിക്കുന്നതിനു പകരം അവിടുത്തെ കുളങ്ങള്‍ പ്രയോജനപ്പെടുത്തും. നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് വാഹനങ്ങള്‍ കയറുന്നതിന് ഇലക്ട്രോണിക് ഗേറ്റ് സ്ഥാപിക്കും.
കുന്നാറില്‍ നിന്ന് സന്നിധാനത്തേക്ക് ജലവിതരണത്തിന് ഒരു പൈപ്പുലൈന്‍ കൂടി സ്ഥാപിക്കും.
ത്രിവേണിക്കു മുകളില്‍ നിന്ന് പമ്പാനദിയുടെ ശുചീകരണ, സംരക്ഷണ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 100 കോടിയും സംസ്ഥാന സര്‍ക്കാര്‍ 204 കോടിയും അനുവദിച്ചിട്ടുണ്ട്.
മരക്കൂട്ടത്തെ ക്യൂ കോംപ്ലക്സ് ഇത്തവണ ഭക്തര്‍ക്ക് ഉപയോഗപ്രദമാക്കാന്‍ പൊലീസും ഹൈപവര്‍ കമ്മറ്റിയും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തു.
ശബരിമലയെ ദേശാന്തര തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.
മേല്‍ ശാന്തി നിയമനത്തില്‍ കോടതിയുടെ അഭിപ്രായം തേടും. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതിയിലെ കേസ് നടത്തിപ്പിന് ഇന്ത്യയിലെ പ്രഗല്ഭരായ അഭിഭാഷകരെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്ക്ലബ് സെക്രട്ടറി ബിജുകുര്യന്, വൈസ് പ്രസിഡന്റ് എസ്.ഹരികൃഷ്ണന്, കോര്‍ഡിനേറ്റര്‍ സി.ജി. ഉമേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: