മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കെയുവി 100 വന്‍ ഹിറ്റായിരുന്നു. നവീകരിച്ച കെയുവി 100 (വണ്‍ ഡബിള്‍ ഒ) യെ വിപണിയിലെത്തിക്കാന്‍ മഹീന്ദ്രയ്ക്ക് പ്രേരണയായത് ആ വിജയം തന്നെ. നാല്‍പ്പത് പുതിയ ഫീച്ചറുകളും പരിഷ്കാരങ്ങളുമായാണ് കെയുവി 100 എന്‍എക്സ്ടി എന്ന പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.
മഹീന്ദ്ര എസ്യുവികളിലെ ഏറ്റവും ചെറിയ മോഡലായ കെയുവി 100 എന്‍എക്സ്ടിയ്ക്ക് കെ 2, കെ2 പ്ലസ്, കെ 4 പ്ലസ്, കെ 6 പ്ലസ്, കെ 8 എന്നിങ്ങനെ അഞ്ച് വേരിയന്റുകളുണ്ട്. പെട്രോള്‍, ഡീസല്‍ എന്ജിന് വകഭേദങ്ങളുള്ള ചെറു എസ്യുവിയ്ക്ക് അഞ്ച്, ആറ് സീറ്റ് ഓപ്ഷനുകളുണ്ട്. കൊച്ചി എക്സ്ഷോറൂം വില 4.48 ലക്ഷം രൂപയില്‍ തുടങ്ങുന്നു.
ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് 21 മാസങ്ങള്‍ക്കകം പുതിയ കെയുവി 100 നെ പുറത്തിറക്കിയതെന്ന് മഹീന്ദ്ര ആന്‍ മഹീന്ദ്ര മാനേജിങ്ങ് ഡയറക്ടര്‍ ഡോ. പവന് ഗോയങ്ക പറഞ്ഞു.
2016 ജനുവരിയിലാണ് കെയുവി 100 വിപണിയിലെത്തിയത്. കെയുവി 100 എന്‍എക്സ്ടി അതുക്കുംമേലെയാണ്. എസ്യുവി രൂപത്തിനു മാറ്റുകൂട്ടും വിധം ഫ്രണ്ട് ഗ്രില്‍, ബമ്പറുകള്‍ എന്നിവ നവീകരിച്ചു. വീല്‍ ആര്‍ച്ച് ക്ലാഡിങ്ങും ഡോര്‍ സില് ക്ലാഡിങ്ങും എസ് യു വിയുടെ പൗരുഷഭാവം വര്‍ദ്ധിപ്പിക്കുന്നു. പുതിയതാണ് 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍. ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടുത്തിയ ബാഹ്യ റിയര്‍ വ്യൂ മിറര്‍ ബട്ടണ്‍ അമര്‍ത്തി ക്രമീകരിക്കാനാവും.
ഏഴിഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പാര്‍ക്കിങ്ങ് സെന്‍സറുകള്‍, ബട്ടണ്‍ അമര്‍ത്തി മടക്കാവുന്ന ബാഹ്യമിററുകള്‍, ഇലക്ട്രോണിക് ടെംപറേച്ചര്‍ കണ്ട്രോള് പാനല്‍ എന്നിവയാണ് പുതിയ സൗകര്യങ്ങള്‍. കറുപ്പ് നിറത്തിലുള്ള ഇന്റീരിയര്‍, പുതിയ ഫാബ്രിക്ക് അപ്ഹോള്‍സറ്ററി, നവീകരിച്ച സെന്റര്‍ കണ്‍സോള്‍ എന്നിവയും പ്രത്യേകത.
മോണോകോക്ക് ബോഡിയുള്ള കെയുവി 100 എന്‍എക്സ്ടിയുടെ അടിസ്ഥാനവകഭേദം ഒഴികെയുള്ളവയ്ക്ക് എബിഎസും രണ്ട് എയര്‍ബാഗുകളുമുണ്ട്. ആറ് പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാവുന്ന ഏക മോഡലാണിത്.
പെട്രോള്‍, ഡീസല്‍ എന്ജിന് വകഭേദങ്ങള്‍ കെയുവി 100 എന്‍എക്സ്ടിയ്ക്കുണ്ട്. 1.2 ലിറ്റര്‍, എംപിഎഫ്ഐ, ഡ്യുവല്‍ വിവിടി, എം ഫാല്‍ക്കണ്‍ ജി 80 പെട്രോള്‍ എന്ജിന് 82 ബിഎച്ച്പി 115 എന്‍എം കരുത്തുണ്ട്. 1.2 ലിറ്റര്‍, ടര്‍ബോ ചാര്‍ജ്ജ്ഡ്, എം ഫാല്‍ക്കണ്‍ ഡി 75 ഡീസല്‍ എന്ജിന് 77 ബിഎച്ച്പി 190 എന്‍എം ആണ്.
അഞ്ച്, ആറ് സീറ്റ് ഓപ്ഷനുകള്‍ കെയുവി 100 എന്‍എക്സ്ടിയ്ക്കുണ്ട്. എല്ലാ യാത്രക്കാര്‍ക്കും ആവശ്യത്തിന് ലെഗ് റൂമും ഹെഡ് റൂമൂം നല്‍കും വിധമാണ് ഇന്റീരിയറിന്റെ രൂപകല്‍പ്പന. കപ്പ് ഹോള്‍ഡറുകളുള്ള ആം റെസ്റ്റുകള്‍ (മുന്നിലും പിന്നിലും), തണുപ്പിക്കല്‍ സൗകര്യമുള്ള ഗ്ലൗ ബോക്സ്, ഫ്ളോറിനടിയിലും സീറ്റിനടിയിലും സംഭരണസ്ഥലം എന്നിവയും ഇത് നല്‍കും. 243 ലിറ്ററാണ് ഡിക്കി സ്പേസ്. പിന്നിലെ സീറ്റ് മടക്കിയാല്‍ ഇത് 473 ലിറ്ററാകും.
ഫയറി ഓറഞ്ച്, ഫ്ളേമ്പോയന്റ് റെഡ്, പേള്‍ വൈറ്റ്, ഡാസ്ലിങ് സില്‍വര്‍, ഡിസൈനര്‍ ഗ്രേ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭിക്കും. ഇതിന് പുറമെ ഫ്ളേമ്പോയന്റ് റെഡ് + മെറ്റാലിക് ബ്ലാക്ക്, ഡാസ്ലിങ് സില്‍വര്‍ + മെറ്റാലിക് ബ്ലാക്ക് എന്നീ വര്‍ണ്ണ സങ്കലനത്തിലും കെയുവി 100 എന്‍എക്സ്ടി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: