ചിറ്റൂര്‍: കാലവര്‍ഷക്കാലത്തും കുടിവെള്ളത്തിനായി പുതുശേരി, വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, വടവന്നൂര്‍, മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി ടാങ്കറുകളെ കാത്തിരിക്കുന്നു.
കൊഴിഞ്ഞാമ്പാറ ഫര്‍ക്ക എന്നറിയപ്പെടുന്ന വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകള്‍ കുടിവെള്ളത്തിന് ടാങ്കര്‍ ലോറികളില്‍ സര്‍ക്കാര്‍ നല്കുന്ന വെള്ളമാണ് ആശ്രയിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും വ്യാപകമായി മഴ പെയ്യുമ്പോഴും അതിര്‍ത്തി ഗ്രാമങ്ങളില്‍ മഴ പെയ്യുന്നില്ല.
ഇതാണ് കുടിവെള്ള ടാങ്കറുകളെ ഇവിടത്തെ ജനങ്ങള്‍ ഇപ്പോഴും ആശ്രയിക്കേണ്ടി വരുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ കേരളത്തില്‍ ശരാശരി മഴ ലഭിച്ചിട്ടും അതിര്‍ത്തികള്‍ വരണ്ടു കിടക്കുകയാണ്. തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്കൊഴുകുന്ന രണ്ട് പുഴകളാണ് വരട്ടയാറും കോരയാറും.
ഇവ രണ്ടും വരണ്ടുപോയിട്ട് വര്‍ഷങ്ങളായി. നൂറുകണക്കിന് കുഴല്‍കിണറുകള്‍ ഉള്ള പഞ്ചായാത്തുകളാണ് കിഴക്കന്‍ അതിര്‍ത്തി മേഖലയിലുള്ളത്. കുഴല്‍കിണറുകളില്‍ 90 ശതമാനവും വെള്ളമില്ലാതെ വറ്റിവരണ്ടു കിടക്കുന്നു. പുതിയവ കുഴിച്ചാല്‍ തന്നെ ആറുമാസത്തിനകം വെള്ളം ഇല്ലാതാകുന്നു.
കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ മൂന്നു പഞ്ചായത്തുകളിലെ 30,000 ഹെക്ടര്‍ ഭൂമിക്ക് ജലസേചനം നടത്താനുള്ള മൂലത്തറ വലതുകനാലിലൂടെ വെള്ളം തിരിച്ചുവിട്ട് 15.957 കിലോമീറ്റര്‍ ദൂരമുള്ള കനാലിലുടെ തടയണകള്‍ നിറയ്ക്കാന്‍ കഴിയും. കനാല്‍ നിര്‍മാണം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുടങ്ങിയതോടെ പറമ്പിക്കുളംആളിയാര്‍ അന്തര്‍സംസ്ഥാന നദീജലകരാറനുസരിച്ച് കേരളത്തിന് ല’ിക്കുന്ന 7.25 ടിഎംസി വെള്ളത്തില്‍നിന്നുള്ള ഒരു വിഹിതവും മഴക്കാലത്ത് ചിറ്റൂര്‍ പുഴയിലൂടെ ഒഴികവരുന്ന വെള്ളവും വേലന്താവളം വരെ എത്തിക്കാന്‍ കഴിയാറില്ല.
വരട്ടയാറിലും കോരയാറിലുമായി നൂറോളം തടയണകളുണ്ട്. ഇവയും വരണ്ടു കിടക്കുന്ന കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: