തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ നയം അന്തിമ ഘട്ടത്തിലാണെന്നും ഡിസംബറില്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി ഡോ. സത്യപാല്‍ സിങ്ങ്. ഓരോ അടുക്കടുക്കായി തലനാരിഴകീറി ചര്‍ച്ചചെയ്ത രാജ്യത്തെ ആദ്യത്തെ വിദ്യാഭ്യാസ നയമായിരിക്കും ഇതെന്ന് പി. പരമേശ്വരന്റെ നവതി അഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ അക്കാദമിക് സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി.
കൊളോണിയല്‍ മാനസികാവസ്ഥ പിന്തുടരുന്ന രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദിശാമാറ്റം ഉള്‍പ്പെടെ വിഭാവനം ചെയ്യുന്നതാണ് പുതിയ നയമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്യത്തിന് ശേഷം അക്കാദമിക് രംഗത്തെ മിക്കവരും ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട്, ബ്രിട്ടീഷ് – പാശ്ചാത്യ പണ്ഡിതന്മാരുടെ കാല്‍പ്പാടുകളാണ് നിര്‍ഭാഗ്യവശാല്‍ പിന്തുടര്‍ന്ന് പോരുന്നത്. ഇന്ത്യന്‍ ബുദ്ധിശക്തിയെ എങ്ങനെ ഇതില്‍ നിന്ന് മുക്തമാക്കാം എന്നതാണ് രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന്റെ ചുവട് പിടിച്ചായിരിക്കും പുതിയവിദ്യാഭ്യാസ നയം രൂപീകരിക്കുകയെന്നും ഡോ. സിങ്ങ് പറഞ്ഞു.
ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പലായനം തടയാന്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അന്താരാഷ്‌ട്ര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണം. അമേരിക്കയില്‍ 86 ശതമാനം പേര്‍ക്കും ജര്‍മ്മനിയില്‍ 80 ശതമാനം പേര്‍ക്കും ചൈനയില്‍ 60 ശതമാനം പേര്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ കേവലം 25.6 ശതമാനം മാത്രമാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും താങ്ങാവുന്ന ചെലവില്‍ ഉന്നത വിദ്യാഭ്യാസരംഗം പ്രാപ്യമാക്കണമെന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് ഡോ. സത്യപാല്‍സിങ്ങ് വ്യക്തമാക്കി.
ഭാരതീയവിചാരകേന്ദ്രം പ്രസിഡന്റ് ഡോ. കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യശാസ്ത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ബ്രജ് ബിഹാരി കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപി, പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍, ഡോ. കെ എന്‍ മധുസൂദനന്‍ പിള്ള, ഡോ കെ. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ പൊന്നാട ചാര്‍ത്തി ആദരിച്ചു.
















