അമ്പലപ്പുഴ: ഇരുമ്പു റോപ്പു പൊട്ടി റെയില്‍വെ ഗേറ്റടഞ്ഞു. മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കുരുങ്ങി. പുന്നപ്ര കളിത്തട്ട് ഫിഷ്‌ലാന്‍ഡ് റോഡിലുള്ള റെയില്‍വെ ക്രോസില്‍ ഇന്നലെ രാവിലെ 7.15നായിരുന്നു സംഭവം.
പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോകാനായി ഗേറ്റടച്ചതായിരുന്നു. ട്രെയിന്‍ പോയതിനു ശേഷം ഗേറ്റു തുറക്കാന്‍ റോപ്പുയര്‍ത്തിയപ്പോള്‍ പൊട്ടി ഗേറ്റടയുകയായിരുന്നു. പുന്നപ്ര ചള്ളിയില്‍ ചാകരയായതിനാല്‍ നൂറുകണക്കിനു വാഹനങ്ങളാണ് മത്സ്യം എടുക്കുന്നതിന് ഇതുവഴി പോകേണ്ടിയിരുന്നത്.
വിവിധ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെയും കയറ്റി പോയ ബസുകളും, ഓട്ടോറിക്ഷകളും, ഇരുചക്രവാഹനങ്ങളും പാളം മുറിച്ചുകടക്കാനാകാതെ കുരുക്കില്‍പ്പെട്ടു. ഗേറ്റ് കീപ്പര്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഗേറ്റ് തുറക്കാനായില്ല. ഇരുമ്പുറോപ്പിന്റെ കാലപ്പഴക്കമാണ് ഇത് പൊട്ടാന്‍ ഇടയാക്കിയത്.
പിന്നീട് മൂന്നു മണിക്കൂറിനു ശേഷം ആലപ്പുഴയില്‍ നിന്നെത്തിയ ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാര്‍ അറ്റകുറ്റപണി നടത്തിയതിനു ശേഷമാണ് ഗേറ്റ് തുറക്കാനായത്.
















