മന്ത്രി തോമസ് ചാണ്ടി അഴിമതി കാട്ടിയെന്ന് തെളിഞ്ഞുകഴിഞ്ഞു. നിയമങ്ങള്‍ ലംഘിച്ച് തോമസ് ചാണ്ടി നടത്തിയിട്ടുള്ള കയ്യേറ്റങ്ങളുടെയും വെട്ടിപ്പിടിക്കലിന്റെയും പട്ടിക നിരത്തി ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കി. തോമസ് ചാണ്ടി സത്യസന്ധനല്ല എന്നതില്‍ കേരളത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടെന്ന് തോന്നുന്നില്ല.
കുവൈറ്റ് ചാണ്ടിയെന്ന് അറിയപ്പെട്ടിരുന്ന പ്രവാസിയായിരുന്ന ചാണ്ടി വിദേശത്ത് ജയിലില്‍ കിടക്കേണ്ട തട്ടിപ്പു നടത്തിയ വ്യക്തിയാണ്. സ്വാധീനത്തിന്റെയും ഭാഗ്യത്തിന്റെയും ഫലമായി രക്ഷപ്പെട്ടുവെന്നുമാത്രം. കെ. കരുണാകരന്റെ വാത്സല്യഭാജനമായി രാഷ്‌ട്രീയത്തില്‍ ഹരിശ്രീ കുറിച്ചു. പണത്തിന്റെ ബലത്തില്‍ പടവുകള്‍ ചവിട്ടിക്കയറി മന്ത്രിപദത്തിലുമെത്തി.
പാരിസ്ഥിതികമായി അതീവ പ്രാധാന്യമുള്ള ആലപ്പുഴയിലെ മാര്‍ത്താണ്ഡം കായല്‍ കയ്യേറി തോമസ് ചാണ്ടി റിസോര്‍ട്ട് പണിതത് നിലവിലുള്ള പല നിയമങ്ങളെയും ലംഘിച്ചുകൊണ്ടാണ്. കായല്‍ മാത്രമല്ല, ഏക്കര്‍ കണക്കിനു ദേവസ്വം ഭൂമിയും കള്ളത്തരത്തില്‍ കൈയ്‌ക്കലാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പണത്തിനു മുകളില്‍ പരുന്തും പറക്കില്ലെന്ന പഴമൊഴിപോലെയായിരുന്നു കാര്യങ്ങള്‍. ചാണ്ടിയുടെ കള്ളത്തരത്തിന് കുടപിടിക്കാന്‍ കേരളം മാറിമാറി ഭരിച്ച പാര്‍ട്ടികളുടെ നേതാക്കള്‍ മത്സരിച്ചു. അനധികൃത റോഡ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിന്റെയും സിപിഐയുടെയും എംപിമാര്‍ മുന്നോട്ടുവന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എംഎല്‍എമാര്‍ ഓശാന പാടി. നഗരസഭയും ഉദേ്യാഗസ്ഥരുമൊക്കെ വഴിവിട്ട പരിപാടികള്‍ക്ക് ചാമരം വീശി.
മാധ്യമങ്ങളാണ് തോമസ് ചാണ്ടിയുടെ അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നത്. മാധ്യമങ്ങളോട് ചതുര്‍ത്ഥി പുലര്‍ത്തുന്ന പിണറായി സര്‍ക്കാര്‍ അതുകൊണ്ടുതന്നെ തോമസ് ചാണ്ടിയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്ക് എതിരായ ജനവികാരമാണ് പിണറായി സര്‍ക്കാരിനെ അധികാരത്തില്‍ എത്താന്‍ സഹായിച്ച ഘടകങ്ങളില്‍ പ്രധാനമെന്നതില്‍ തര്‍ക്കമില്ല. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കാന്‍ ഇടതുനേതാക്കള്‍ ഇടയ്‌ക്കിടെ തയ്യാറാകുന്നുമുണ്ട്. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും രണ്ടാമനായിരുന്ന ഇ.പി. ജയരാജനെതിരെ അഴിമതി ആരോപണം ഉയര്‍ന്ന ഉടന്‍ പുറത്താക്കിയത് മഹത്തായ കാര്യമായി ചിത്രീകരിക്കാനും അവര്‍ ശ്രമിച്ചു. എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ആരോപണം മാത്രമല്ല, തെളിവുകള്‍കൂടി ലഭിച്ചിട്ടും നടപടിയില്ല. സ്വന്തം പാര്‍ട്ടിക്കാരനായ മന്ത്രിയെക്കാള്‍ താല്‍പര്യം ഈര്‍ക്കിലി പാര്‍ട്ടിയുടെ പ്രതിനിധിയായ തോമസ് ചാണ്ടിയോട് എന്തേ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പിണറായി വിജയന് കഴിഞ്ഞിട്ടില്ല. പണക്കാരനെന്നതില്‍ അപ്പുറം രാഷ്‌ട്രീയക്കാരന് വേണ്ട ഒരു യോഗ്യതയുമുള്ള ആളല്ല തോമസ് ചാണ്ടിയെന്നത് സിപിഎമ്മുകാര്‍ തന്നെ സമ്മതിക്കുന്നു. ചാണ്ടിയെ മന്ത്രിയാക്കിയതും പണമാണെന്ന ആരോപണം നിലനില്‍ക്കുകയും ചെയ്യുന്നു. ചാണ്ടിയെ സംരക്ഷിക്കാനുള്ള പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ശ്രമം കാണുമ്പോള്‍ ആദര്‍ശവും പാര്‍ട്ടിയും പ്രകടനപത്രികയുമൊന്നുമല്ല അതിനും മേലെയാണ് പണം എന്ന സത്യം തെളിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: