കോട്ടയം: റബ്ബര്‍വില ഇടിയാന്‍ ഇടയായ സാഹചര്യത്തില്‍ ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ റബര്‍ ഉത്തേജകപദ്ധതി നിര്‍ത്തിവച്ചു. ജിഎസ്ടിയുടെ അപാകതകള്‍ മൂലമാണ് വിതരണം നിര്‍ത്തിവച്ചതെന്നാണ് സര്‍ക്കാര്‍ പ്രചാരണം. എന്നാല്‍ ചെറുകിട റബര്‍ വ്യാപാരികള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്നിരിക്കെ ജിഎസ്ടിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിവിഹിതം കര്‍ഷകര്‍ക്ക് നല്‍കാത്തത് കര്‍ഷകര്‍ക്കിടയില്‍ കേന്ദ്രവിരുദ്ധ വികാരം സൃഷ്ടിക്കാനാണെന്നാണ് ആക്ഷേപം.
പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു. 2017 ജൂണ്‍ വരെ മാത്രമാണ് സമാശ്വാസ വിതരണം നടന്നിട്ടുള്ളത്. എന്നാല്‍ ജൂണ്‍മാസം മുതലുള്ള ബില്ലുകള്‍ ലിസ്റ്റുപോലും ചെയ്തില്ല. മെയ് മുതലുള്ള അഞ്ചുമാസത്തെ പണം ലഭിക്കാതെ കര്‍ഷകര്‍ ദുരിതക്കയത്തിലാണ്. അടിസ്ഥാന വിലയായ 150 രൂപയില്‍ താഴെ മാര്‍ക്കറ്റ് വില എത്തുമ്പോള്‍ കര്‍ഷകര്‍ക്ക് സമാശ്വാസമായി ബാക്കി തുക നല്കുന്ന പദ്ധതിയായിരുന്നു റബര്‍ ഉത്തേജകപദ്ധതി.
2017 ജൂണ്‍ വരെ 28 ലക്ഷത്തോളം ബില്ലുകളിലൂടെ, വിപണി വിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിസ്ഥാന വിലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കിയിരുന്നു. 4.4 ലക്ഷം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും 3.44 ലക്ഷം കര്‍ഷകരെ മാത്രമാണ് പദ്ധതിയില്‍ പരിഗണിക്കപ്പെട്ടത്.
പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യഘട്ടത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ 300 കോടിയും ഈ സര്‍ക്കാര്‍ രണ്ടാംഘട്ടത്തില്‍ 500 കോടിയും കഴിഞ്ഞ ബജറ്റില്‍ 500 കോടിയും അനുവദിച്ചതുള്‍പ്പെടെ 1300 കോടിയാണ് ഇതിനോടകം പദ്ധതിയില്‍ വകയിരുത്തിയത്. രണ്ടു ഘട്ടങ്ങളിലായി 776.24 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ബാക്കി തുകയായ 23.76 കോടി രൂപ ഇതുവരെയും കര്‍ഷകര്‍ക്ക് നല്‍കാനായില്ല.
സബ്സിഡിക്ക് തടസ്സം നേരിട്ടാല്‍ കര്‍ഷകര്‍ റബര്‍ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. ഇങ്ങനെ ആഭ്യന്തര ഉല്പാദനം തകര്‍ത്ത് ഇറക്കുമതിക്കുള്ള അവസരം സൃഷ്ടിക്കാനുള്ള കര്‍ഷകവിരുദ്ധരുടെ ശ്രമങ്ങള്‍ക്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനങ്ങളും ഒത്താശചെയ്യുന്നതായാണ് ആക്ഷേപം. സബ്സിഡി മുടങ്ങിയതുമൂലം കര്‍ഷകര്‍ ടാപ്പിങില്‍ നിന്ന് പിന്മാറിയത് ചെറുകിട റബര്‍ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: