ആലത്തൂര്‍: ക്വട്ടേഷന്‍ നല്കി കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോയ സംഘത്തിലെ ഒരാളെ കൂടി ആലത്തൂര്‍ പോലീസ് പിടികൂടി.
പെണ്‍കുട്ടിയുടെ സുഹൃത്തും ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്കിയ ആളുമായ പാലക്കാട് മണലി രാഹുല്‍ (27) നെയാണ് ശനിയാഴ്ച രാവിലെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊടുവായൂര്‍ കൈലാസ് നഗര്‍ സ്വദേശിയായ 18 കാരിയെ തട്ടിക്കൊണ്ടു പോകുകയായിരുന്ന ഇന്നോവ കാറും കാറിലുണ്ടായിരുന്ന നാല് പേരേയും ആലത്തൂര്‍ പോലീസ് വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ദേശീയ പാത ആലത്തൂര്‍ സ്വാതി ജംഗ്ഷന് സിഗ്നലില്‍ വെച്ച് അതി സാഹസികമായാണ് പിടികൂടിയത്.സംഭവ സ്ഥലത്തുണ്ടായ ബഹളത്തിനിടെ രാഹുല്‍ രക്ഷപ്പെടുകയായിരുന്നു.
ആലത്തൂര്‍ അഡീഷണല്‍ എസ്.ഐ.മുഹമ്മദ് കാസീം, ഹോം ഗാര്‍ഡ് സുധീര്‍ കുമാര്‍ എന്നിവര്‍ക്ക് പ്രതികളെ പിടികൂടുന്നതിനിടെ ആക്രമണത്തില്‍ പരിക്കുപറ്റിയിരുന്നു.പെണ്‍കുട്ടിയെ ഇന്നോവ കാറില്‍ കടത്തിക്കൊണ്ടു പോകുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആലത്തൂര്‍ സി ഐ കെ.എ.എലിസബത്തും സംഘവും നാട്ടുകാരുടെ സഹായത്തോടെയാണ് കാര്‍ തടഞ്ഞ് മറ്റ് പ്രതികളെ വെള്ളിയാഴ്ച പിടികൂടിയത്.
കൊടുമ്പ് തിരുവാലത്തൂര്, കാടാംകോട് ആറ്റിങ്ങല്‍ ജയന് (37), മുണ്ടൂര്‍ നൊച്ചിപ്പുളളി, ആനപ്പാറ ബിവിന്‍ (29), പാലക്കാട് തിരുനെല്ലായി ഒരിക്കല്‍ അബു ഷാഹിദ് (27), കൊടുവായൂര്‍ കരിവണ്ണൂര്‍ തറയില്‍ സ്വരൂപ് (22) എന്നിവരെയും രാഹുലിനെ (27)യും ചിറ്റൂര്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന കാറിനെ തടഞ്ഞ പോലീസിനെ അപായപ്പെടുത്താനും കൊലപ്പെടുത്താനും ശ്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആലത്തൂര്‍ പോലീസും കൊടുവായൂരിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വടിവാള്‍ വീശി സ്ത്രീകളെ ഉള്‍പ്പടെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പുതുനഗരം പോലീസുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മുഖ്യ പ്രതിയായ രാഹുല്‍ പത്തോളം കേസുകളില്‍ പ്രതിയാണ്.തമിഴ്നാട് മഠത്തികളത്തില്‍ ഒരു കിലോ സ്വര്‍ണ്ണം മോഷ്ടിച്ച കേസിലും പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ വധശ്രമമുള്‍പ്പടെ രണ്ട് കേസുകളും നിലവിലുണ്ട്.
പെരിന്തല്‍മണ്ണ, തേഞ്ഞിപ്പാലം, പാലക്കാട് സൗത്ത് എന്നീ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്.കുഴല്‍പ്പണ ഇടപാടുകളിലും രാഹുലിന് പങ്കുണ്ട്.കുഴല്‍പ്പണ ഇടപാടിന് പെണ്‍കുട്ടിയെ ഉപയോഗിക്കാനായാണ് രാഹുല്‍ കുട്ടിയുമായി സൗഹൃദമുണ്ടാക്കിയതെന്ന് പോലീസ് പറയുന്നു.
പുതുനഗരം പോലീസിന്റെ കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച രാവിലെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: