കല്‍പ്പറ്റ: സംസ്ഥാന അതിര്‍ത്തിയിലെ പൊന്‍കുഴിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വയനാട് വന്യജീവി സങ്കേതത്തിന്റെ മര്മ്മകേന്ദ്രത്തിലാണ് പൊന്‍കുഴി. ഇവിടെ ദേശീയപാതയ്ക്ക് സമാന്തരമായി ഒഴുകുന്ന നൂഗു പുഴയോടുചേര്‍ന്ന് ക്ഷേത്രവും ഉണ്ട്. പൊന്‍കുഴിയിലെ ഇടതൂര്‍ന്ന വനം ആനയും കടുവയും ഉള്‍പ്പെടെ വന്യജീവികളുടെ വിഹാരകേന്ദ്രമാണ്. ആന്ധ്ര, തെലുങ്കാന, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ ദേഹശുദ്ധി വരുത്തുന്നതിനും വിശ്രമത്തിനും ഭക്ഷണം പാകംചെയ്തു കഴിക്കുന്നതിനുമായി പൊന്‍കുഴിയില്‍ കൂട്ടത്തോടെ തങ്ങാറുണ്ട്. ഇവര്‍ക്ക് വേ ണ്ടത്ര സൗകര്യം ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. രാത്രിയിലും പുലര്‍കാലത്തും പൊന്‍കുഴിയില്‍ തങ്ങുന്ന തീര്‍ത്ഥാടകര്‍ തലനാരിഴയ്ക്കാണ് പലപ്പോഴും വന്യജീവികളുടെ ആക്രമണത്തില്‍നിന്ന് രക്ഷപെടുന്നത്. തീര്‍ത്ഥാടകര്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ തേടി വന്യജീവികള്‍ പൊന്‍കുഴിയില്‍ എത്തു ന്നതും ദുരന്തത്തിന് കാരണമായേക്കാം.
പൊന്‍കുഴി ക്ഷേത്രത്തിന്റെ ഭരണവും നിയന്ത്രണവും ബത്തേരി ഗണപതി ക്ഷേത്രം കമ്മിറ്റിക്കാണ്. പൊന്‍കുഴിയില്‍ ക്ഷേത്രത്തിന്റെ അധീനതയില്‍ ഏക്കര്‍ കണക്കിനു ഭൂമി തരിശുകിടപ്പുണ്ട്. ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും മറ്റാവശ്യങ്ങള്‍ നിര്‍വഹിക്കാനും സൗകര്യം ഒരുക്കാവുന്നതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
തച്ചമ്പത്ത് രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം.ഗംഗാധരന്, ഗോകുല്‍ദാസ്, എ ന്.ബാദുഷ, സണ്ണി മരക്കടവ്, തോമസ് അമ്പലവയല്‍, എ. വി.മനോജ്, സണ്ണി പടിഞ്ഞാറത്തറ, മൂലങ്കാവ് ഗോപാലകൃഷ്ണന്, ബാബു മൈലമ്പാടി, ജസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: