തായമ്പക അടിസ്ഥാനപരമായി ഒരു അനുഷ്ഠാന കലയാണ്. വ്യക്തിപരമായ മനോധര്‍മ്മങ്ങള്‍ പ്രകടിപ്പിക്കാന്‍ പര്യാപ്തമായ രീതിയിലാണ് അതിന്റെ രൂപഘടന. നൂറ്റാണ്ടിന്റെ പഴക്കമുള്ള തായമ്പക മണ്മറഞ്ഞ നിരവധി പ്രശസ്ത കലാകാരന്മാരുടെ കൈകളിലൂടെ കാലാനുസൃതമായി പരിവര്‍ത്തന വിധേയമായിട്ടാണ് ഇന്നു കാണുന്ന രീതിയില്‍ അരങ്ങു നിറയുന്നത്. തായമ്പകയ്ക്ക് ഈ ന്യൂജെന്‍ കാലത്ത് ഒരുപാട് ആസ്വാദകരുണ്ട്. തായമ്പകയ്ക്ക് പുത്തന്‍ ഊര്‍ജ്ജവും ഉണര്‍വ്വും പകര്‍ന്നു നല്കുന്ന യുവകലാകാരന്മാരില് പ്രമുഖനാണ് കല്ലൂര്‍ ഉണ്ണികൃഷ്ണന് മാരാര്‍.
കൊട്ടിലെ കനവും സാധകത്തിലെ അസാധാരണത്വവും എണ്ണങ്ങളിലെ മിഴിവും കൈശുദ്ധിയുടെ മികവും ഉണ്ണികൃഷ്ണന്റെ തായമ്പകയെ തിളക്കമുള്ളതാക്കുന്നു. അനായാസമായ അവതരണത്തിലെ സൗന്ദര്യാത്മകതയും മേളം ചോരാത്ത ശൈലിയുമായി ഉണ്ണി തായമ്പക വേദികളില്‍ തിളങ്ങുന്നു. പ്രശസ്ത തായമ്പക കലാകാരനായ കല്ലൂര്‍ രാമന്‍കുട്ടിമാരാരുടെ മകന് എന്നത് ഉണ്ണിയെ സംബന്ധിച്ചിടത്തോളം ഒരു വിശേഷണവും അനുഗ്രഹവുമാണെങ്കിലും മറ്റൊരു തരത്തില്‍ അതൊരു വലിയ വെല്ലുവിളിയുമായിരുന്നു.
മാങ്കുറുശ്ശി ക്ഷേത്രത്തിലെ അച്ഛന്റെ തായമ്പക കളരിയിലെ പരിശീലനം ബാല്യം മുതല്‍ കണ്ടു പരിചയിച്ച ഉണ്ണി തന്റെ ജീവിത വഴിയും അതാണെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു എങ്കിലും അരങ്ങിലെത്താന്‍ പതിനാറു വയസ്സു വരെ കാത്തിരിക്കേണ്ടി വന്നു. അച്ഛന് കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക് മകനെ തന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ തീരെ താല്‍പ്പര്യമുണ്ടായിരുന്നില്ല. പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അച്ഛന് നല്കിയ ഉപദേശം.
എടവമാസം പകുതി മുതല്‍ മാങ്കുറുശ്ശി ക്ഷേത്രത്തില്‍ അച്ഛന്റെ ചെണ്ടക്കളരിയില്‍ നിരവധി ശിഷ്യന്മാര് പങ്കെടുത്തിരുന്നു. എട്ടാമത്തെ വയസ്സില്‍ ഉണ്ണിയും അതിന്റെ ഭാഗമായിത്തുടങ്ങി. തായമ്പക പഠിക്കുന്നത് കണ്ടും കേട്ടും ഉണ്ണി വളര്‍ന്നു. 90 കളില്‍ ശിഷ്യന്മാരുടെ ആഗ്രഹപ്രകാരം കളരി തൃശൂര്‍ കുന്നംകുളത്തിനടുത്ത് വെള്ളറക്കാട്ടേക്ക് മാറ്റി. അവരോടൊപ്പം ഉണ്ണിയും പോയി.
വെള്ളറക്കാട് കളരിയില്‍ വെച്ച് അച്ഛന്റെ ശിഷ്യനും പ്രശസ്ത വാദ്യകലാകാരനുമായ ഇരിങ്ങപ്പുറം ബാബു അവിചാരിതമായി ഉണ്ണി പഠിച്ച എണ്ണങ്ങളൊക്കെ കോര്‍ത്തിണക്കി തായമ്പക രൂപത്തിലാക്കി ആദ്യമായി കൊട്ടിച്ചു നോക്കി. പതിനഞ്ചു ദിവസം കൊണ്ടാണ് ഇത് സാധ്യമായത്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തായമ്പക കൊട്ടിച്ചു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നു കണ്ട അദ്ദേഹം കല്ലൂരാശാനോട് പറഞ്ഞു ഉണ്ണിയുടെ അരങ്ങേറ്റം ഇനിയും വൈകിപ്പിക്കരുതെന്ന്.
ശിഷ്യന്റെ നിര്‍ബന്ധപ്രകാരം മകന്റെ തായമ്പക കേള്‍ക്കാനിടയായ കല്ലൂരാശാന് പക്ഷേ അതു കേട്ടപ്പോള്‍ മുഴുവന്‍ തൃപ്തിയായില്ല. ഒരു പതിനാറു വയസ്സുകാരന് അരങ്ങേറ്റം നടത്തുമ്പോള്‍ ഇങ്ങിനെ പോരെന്നും അല്പം വിസ്തരിച്ചാകണമെന്നും പറഞ്ഞ് ഒടുവില്‍ കല്ലൂരാശാന് തന്നെ മകന് തായമ്പക ചിട്ടപ്പെടുത്തിക്കൊടുത്തു.
പതിനാറാമത്തെ വയസ്സില്‍ മാങ്കുറുശ്ശി ഭഗവതി ക്ഷേത്രത്തില്‍ വെച്ച് ഉണ്ണികൃഷ്ണന് തായമ്പക അരങ്ങേറ്റം നടത്തി. ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പതിഞ്ഞ ചെമ്പക്കൂറിലായിരുന്നു അരങ്ങേറ്റത്തായമ്പക.അരങ്ങേറ്റത്തിനു ശേഷം ആ വര്‍ഷം തന്നെ 60ല്‍ അധികം വേദികളില്‍ ഉണ്ണി മനം നിറഞ്ഞു കൊട്ടി. ഉത്തമ തായമ്പക കലാകാരനിലേക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുമെന്ന് ഇതിനിടയില്‍ ഉണ്ണി തിരിച്ചറിഞ്ഞു. അച്ഛനുമൊത്തുള്ള ആദ്യത്തെ ഡബിള്‍ തായമ്പക 17-ാമത്തെ വയസ്സില്‍ കോട്ടായി ബമ്മണൂര്‍ അയ്യപ്പക്ഷേത്രത്തില്‍ വെച്ചായിരുന്നു. ആദ്യമായി ത്രിബിള്‍ തായമ്പക കൊട്ടിയത് മാങ്കുറുശ്ശിയില്‍ അച്ഛനും കലാനിലയം ഉദയന്‍ നമ്പൂതിരിയും ഒത്തായിരുന്നു. ഉദയന്‍ നമ്പൂതിരിയുമൊത്തുള്ള കൂട്ടുകെട്ടാണ് തായമ്പകയില്‍ വഴിത്തിരിവായതെന്ന് ഉണ്ണി പറയുന്നു.
വാദ്യകലയിലെ സകലകലാവല്ലഭനായ പല്ലാവൂര്‍ അപ്പുമാരാരുടെ ശിഷ്യനായതില്‍ അഭിമാനം കൊള്ളുന്ന ഉണ്ണികൃഷ്ണന് തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പറയുന്നു. അച്ഛന്റെ ശുപാര്‍ശ പ്രകാരമാണ് അപ്പുമാരാരുടെ ശിഷ്യനായത്. വ്യത്യസ്ത രീതിയിലാണ് അദ്ദേഹം ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നത്. നമുക്ക് അരങ്ങത്തു നിന്നു തന്നെ അധ്യയനമാകാം എന്നു പറഞ്ഞ് അദ്ദേഹത്തോടൊപ്പം നിര്‍ത്തി പല വേദികളിലും കൊട്ടിച്ചു. അച്ഛനും പല്ലാവൂര്‍ അപ്പുമാരാരുമൊത്തുള്ള ത്രിബിള്‍ തായമ്പകയും പൂക്കാട്ടിരി ദിവാകരപ്പൊതുവാളുമൊത്തുള്ള തായമ്പകയും ഉണ്ണിയുടെ തായമ്പക വഴിത്താരയിലെ വഴിത്തിരിവുകളാണ്.
അച്ഛനു പുറമേ കലാമണ്ഡലം ബലരാമന്, കല്ലേക്കുളങ്ങര അച്ചുതന്‍കുട്ടി, പോരൂര്‍ ഹരിദാസ്, പനമണ്ണ ശശി, പോരൂര്‍ ഉണ്ണികൃഷ്ണന്, കല്‍പ്പാത്തി ബാലകൃഷ്ണന്, കലാനിലയം ഉദയന്‍ നമ്പൂതിരി, നിധീഷ് ചിറക്കല്‍, തുടങ്ങി പ്രശസ്ത കലാകാരന്മാരുമായി ചേര്‍ന്ന് തായമ്പക അവതരിപ്പിച്ചു പോരുന്നു.
ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ തായമ്പക അവതരിപ്പിച്ചിട്ടുണ്ട്. 2012 ല്‍ ദുബായില്‍ തിരനോട്ടം പരിപാടിയില്‍ കല്‍പ്പാത്തി ബാലകൃഷ്ണനോടൊത്ത് തായമ്പകയും 2013ല്‍ മലേഷ്യയില്‍ സ്വന്തം പ്രമാണത്തില്‍ മേളവും അവതരിപ്പിച്ചു. 2013ല്‍ മുംബൈ ആസ്ഥാനമായി കേളി സംഘടനയുടെ മോസ്റ്റ് പ്രോമിസിങ് ആര്‍ട്ടിസ്റ്റ് (വാഗ്ദത്ത പ്രതിഭാ) പുരസ്കാരം, 2014ല്‍ പാലക്കാട്ട് തായമ്പക ആസ്വാദക സംഘത്തിന്റെ പുരസ്കാരം എന്നിവ ഉണ്ണിയെ തേടിയെത്തി.കോങ്ങാട് കടക്കശ്ശേരി നാഗംകുളങ്ങര വാരിയത്ത് അനിതയാണ് ഭാര്യ. മക്കള്‍ പ്രണവ്, പ്രവീണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: