തൊട്ടതിനും പിടിച്ചതിനും കണ്ടതിനും കാണാത്തതിനുമൊക്കെ വല്ലാത്ത ടെന്‍ഷനാണ് നാം മലയാളികള്‍ക്ക്. പുറത്തിറങ്ങിയാല്‍ ടെന്‍ഷന്‍. ഇറങ്ങിയില്ലെങ്കില്‍ ടെന്‍ഷന്‍. നാലാളെ ഒരുമിച്ചു കണ്ടാല്‍ ടെന്‍ഷന്‍. ആരെയും കണ്ടില്ലെങ്കിലും ടെന്‍ഷന്‍. അങ്ങനെ ടെന്‍ഷന്‍ പിടിച്ച് നാമൊരു ഒന്നാം സ്ഥാനം നേടിയെടുത്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ അതിരക്തസമ്മര്‍ദ്ദ (ബിപി)മുള്ളവരുടെ നാട്. ഏറ്റവും ടെന്‍ഷനില്ലാത്തവര്‍ ബിഹാറുകാര്‍. കൊളസ്ട്രോളിന്റെ കാര്യത്തിലും ‘ഫസ്റ്റ്’ നമുക്കുതന്നെ.
നഗരവാസികളുടെ ഇടയിലെ പൊണ്ണത്തടി, അതിരക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീരോഗങ്ങളും ഭാഷണരീതികളും തമ്മില്‍ ബന്ധിപ്പിച്ച് നടത്തിയ വമ്പന്‍ സര്‍വേ വെളിപ്പെടുത്തിയ സത്യങ്ങളാണിവ. ദേശീയ പോഷകാഹാര കേന്ദ്ര (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍)ത്തിന്റെ നേതൃത്വത്തിലായിരുന്നു സര്‍വെ. വര്‍ഷം 2015-16. രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍പ്പെടുന്ന 1000 വാര്‍ഡുകളിലെ 52,577 വീടുകളിലുള്ള 1.72 ലക്ഷം പേരെയാണ് സര്‍വേ സംഘം കണ്ടത്.
ജീവിതശൈലി രോഗങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ആളെക്കൊല്ലികള്‍ക്ക് ആഹാരശീലങ്ങളുമായുള്ള ബന്ധവും സര്‍വേ പഠന വിധേയമാക്കി. ഭക്ഷണത്തിനു പുറമെ വ്യായാമക്കുറവ്, പോഷകക്കുറവ്, പൊണ്ണത്തടി, പുകവലി തുടങ്ങിയ നിരവധി കാരണങ്ങള്‍ സര്‍വേയില്‍ പഠന വിധേയമാക്കി.
കേരളത്തിലെ നഗരവനിതകളില്‍ 31.4 ശതമാനത്തിനും 38.6 ശതമാനം പുരുഷന്മാര്ക്കും അതിരക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷനുണ്ടെന്നാണ് സര്‍വേ സംഘം കണ്ടെത്തിയത്. റാങ്ക് പട്ടികയില്‍ ഏറ്റവും താഴെ സ്ഥിതി ചെയ്യുന്ന ബീഹാറില്‍ ബിപി രോഗികള്‍ യഥാക്രമം 22.2, 15.7 ശതമാനം വീതം മാത്രം. കൊളസ്ട്രോളിന്റെ കാര്യത്തിലും ഒന്നാം സ്ഥാനം കേരളത്തിലെ നഗരവാസികള്‍ക്കാണ്. കേരള സ്ത്രീകളില്‍ 38.6 ശതമാനത്തിനും കൊളസ്ട്രോള്‍ പ്രശ്നം. പുരുഷന്മാരില് ഇത് കേവലം 33.5 ശതമാനം മാത്രം.
ഇക്കാര്യത്തില്‍ യോഗി ആദിത്യനാഥിന്റെ സംസ്ഥാനം മികച്ച സ്ഥാനത്താണ്. അതായത് കൊളസ്ട്രോള്‍ രോഗികള്‍ ഏറ്റവും കുറവുള്ള സംസ്ഥാനം. യുപിയിലെ സ്ത്രീപുരുഷ അനുപാതം 10.8, 12.5 ശതമാനം എന്നിങ്ങനെയത്രെ.പ്രമേഹം അഥവാ ഡയബറ്റിസില്‍ ഒന്നാം റാങ്ക് നേടി നില്‍ക്കുന്നത് പോണ്ടിച്ചേരിയാണ് 42 ശതമാനം. സര്‍വേയില്‍ പങ്കെടുത്ത അന്നാട്ടിലെ 60 ശതമാനം സ്ത്രീകള്‍ക്കും 42 ശതമാനം പുരുഷന്മാര്ക്കും അമിതഭാരമുണ്ടെന്ന് മറ്റൊരു കണ്ടെത്തല്‍. തൊട്ടുപിന്നില്‍ തമിഴ്നാട്. അതിനും പിന്നിലാണ് ടെന്‍ഷന്‍കാരായ നമ്മുടെ സ്ഥാനം.
ആഹാരസാധനങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തില്‍ അപാരമായ വൈവിധ്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. പക്ഷെ വേണ്ടത് കഴിക്കാന്‍ നമുക്കറിയില്ല. സൂക്ഷ്മ മൂലകങ്ങളോ അത്യാവശ്യ ജീവകങ്ങളോ നമുക്ക് തീരെ ലഭിക്കുന്നില്ല: അഥവാ നാം കഴിക്കുന്നില്ല. പ്രതിദിനം 40 ഗ്രാം വീതം ഇലക്കറിയെങ്കിലും ഒരു വ്യക്തി കഴിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും നാം കഴിക്കുന്നത് വെറും 24 ഗ്രാം. ഇലക്കറികള്‍ കഴിക്കുന്ന കാര്യത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഒഡീഷയാണ്. ഏറ്റവും പിന്നില്‍ പൊറോട്ട പ്രചാരകരായ കേരളീയരും.
മാംസഭക്ഷണത്തില്‍ ഒന്നാം സ്ഥാനം ആന്‍ഡമാന്‍ നിക്കോബാര്‍ പ്രദേശവും ഏറ്റവും പിന്നില്‍ മധ്യപ്രദേശും നില്ക്കുന്നു. പക്ഷേ പഞ്ചസാരയും ശര്‍ക്കരയും അകത്താക്കുന്ന കാര്യത്തില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനം വിടാതെ പിടിച്ചുനില്ക്കുന്നു. ഉപ്പുതിന്നുന്നവരുടെ കാര്യത്തില്‍ കേമന്മാര് ഒഡീഷക്കാരും ആസാംകാരുമെന്നതാണ് മറ്റൊരു രസകരമായ നിരീക്ഷണം. എണ്ണയും കൊഴുപ്പും പാലുല്‍പ്പന്നങ്ങളും ഏറ്റവും കൂടുതല്‍ വലിച്ചുകയറ്റുന്നതിനുള്ള അവാര്‍ഡ് രാജസ്ഥാന് ലഭിച്ചു. അക്കാര്യത്തില്‍ മാത്രം ‘ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ കേമന്മാരായി-റാങ്ക് പട്ടികയില്‍ അവസാനമെത്തി. പഴങ്ങള്‍ ഏറ്റവുമധികം അകത്താക്കുന്നത് ഗുജറാത്തുകാരാണെന്നും കണക്കുകള്‍ കാണിച്ചുതരുന്നു.
കള്ളുകുടിയും പുകവലിയുമൊക്കെ നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്. ദേശീയ പോഷക കേന്ദ്രം ശാസ്ത്രജ്ഞന് അവുല ലക്ഷ്മയയുടെ നേതൃത്വത്തില്‍ നടന്ന ഈ ദേശീയ സര്‍വ്വേയില്‍. ബംഗാള്‍, തമിഴ്നാട്, കര്‍ണാടക, അന്ധ്ര, കേരള എന്നിവിടങ്ങളിലെ നഗരവാസികളായ പുരുഷന്മാരാണ് പുകവലിയിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍. കുടിയന്മാരുടെ കാര്യത്തില്‍ ആദ്യ സ്ഥാനം ആന്‍ഡമാന്‍ നിക്കോബാറും അവസാന സ്ഥാനം ഗുജറാത്തും നേടിയെടുത്തു. ഭക്ഷ്യ ധാന്യങ്ങള്‍, തിന-ചോളം തുടങ്ങിയ വസ്തുക്കള്‍ ശരീരത്തിന് ഏറെ നല്ലതാണെങ്കിലും ആവശ്യക്കാര്‍ തീരെ കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി.
ആരോഗ്യമുള്ള ജീവിതത്തിന് നമ്മുടെ ഭക്ഷണ രീതികള്‍ പുനഃക്രമീകരിക്കേണ്ടതിന്റെ ആവശ്യകത ഈ സര്‍വേ അടിവരയിട്ടു കാണിക്കുന്നു. അതറിയാന്‍ വൈകുന്നത് ആപത്താവുമെന്ന് ഓര്‍മ്മിപ്പിക്കുന്നു. പക്ഷേ ഇത്തരം വാര്‍ത്തകള്‍ നമ്മെ ഒരിക്കലും ടെന്‍ഷന്‍ അടിപ്പിക്കാറില്ലെന്നതാണ് ഖേദകരമായ സത്യം.
വാല്‍ക്കഷണം- മുട്ടയില്‍ മരുന്നു നിറച്ച കോഴികളുടെ കാലം വരവായെന്ന് ജപ്പാന് പത്രമായ യോമിയൂരി ഷിംബുണ്‍. ജൈവസാങ്കേതിക വിദ്യയിലെ ഈ പുത്തന്‍ നേട്ടത്തിനു പിന്നില്‍ ജപ്പാനിലെ ഗവേഷകരാണ്. ജനിതകമാറ്റം വരുത്തിയ കോഴികളുടെ മുട്ടയിലാണ് മാറാരോഗങ്ങള്‍ക്കുള്ള മരുന്ന് സന്നിവേശിപ്പിച്ചിരിക്കുന്നത്. ഇത് രോഗചികിത്സയുടെ ചെലവ് നന്നായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: