മെറിലാന്റ് സജീവമായതോടെ ഉദയാ തങ്ങളുടെ പ്രവര്‍ത്തനമേഖല കൂടുതല്‍ ഉണര്ത്തിയെടുത്തു. അതിജീവനത്വരയായിരുന്നു അടിസ്ഥാന പ്രേരകം. ഒപ്പം സഹജമായ മേധാവിത്വമോഹവും. കേരളക്കരയിലെ ചലച്ചിത്രധാരയുടെ അധീശത്വം തങ്ങള്‍ക്കാവണം എന്ന ചിന്ത മത്സരത്തിനു വഴിതുറക്കുക സ്വാഭാവികം; അനിവാര്യവും.
മലയാളസിനിമയില്‍ ചേരികള്‍ തിരിഞ്ഞുള്ള ശാക്തീകരണത്തിനു ഇതുകാരണമായി. നടീനടന്മാരെയും സാങ്കേതിക കലാകാരന്മരെയും താന്താങ്ങളുടെ ഭാഗത്തു ചേര്‍ത്തുനിര്‍ത്താന്‍ ഉദയായും നീലായും ഉത്സാഹിച്ചു. തങ്ങളുടെ നിലദാര്ഢ്യത്തില് ഉറപ്പുള്ളവര്‍ മറുഭാഗത്തെ ചിത്രങ്ങളില്‍ സഹകരിക്കരുതെന്ന അപ്രഖ്യാപിത വിലക്കുകളെ ഗൗനിക്കാതെ ഇരു സാധ്യതകളെയും പ്രയോജനപ്പെടുത്തി, രണ്ടിടത്തെയും ചിത്രങ്ങളില്‍ സഹകരിച്ചു. അതിന്റെ പേരില്‍ അക്കൂട്ടരെ ഒഴിവാക്കാനുള്ള കുബുദ്ധി രണ്ടുപക്ഷത്തിനും തോന്നിയില്ല. തോന്നാനാകുമായിരുന്നുമില്ല.
ജനശ്രദ്ധയിലെത്തി പ്രീതി നേടിയവര്‍ താരങ്ങള്‍ക്കിടയിലും സാങ്കേതിക കലാകാരന്മാര്ക്കിടയിലും അത്ര വളരെയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മേധാപൂര്വമുള്ള സ്വീകാരനിരാകാരങ്ങള് അപ്രായോഗികവുമായിരുന്നു. വിലക്കുകളെ മറികടക്കുവാന്‍ തന്റേടമില്ലാതെ പോയവര്‍ താരതമ്യേന അപ്രധാനികളായിരുന്നു. ഉള്ളിടത്തു മാത്രമായി തങ്ങിയാല്‍ ഉണ്ടാകാവുന്ന പക്ഷപ്രീതിയുടെ ആനുകൂല്യങ്ങളെക്കുറിച്ച് മനക്കോട്ട കെട്ടുന്നവരും ആ കൂട്ടത്തില്‍ ചേര്‍ന്നുകാണും. പക്ഷെ അങ്ങനെയുള്ളവര്‍ അതത് ചേരികളില്‍ പരിമിതപ്പെട്ടു.
വിഖ്യാത നാടകട്രൂപ്പുകള്‍ തമ്മിലുണ്ടായിരുന്നു മത്സരം. സിനിമയിലെ ചേരിമത്സരത്തിനിവിടെ മുഖങ്ങള്‍ കൂടുതലുണ്ടായിരുന്നു.പ്രമുഖരെ കയ്യടക്കം ചേര്‍ക്കുവാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും മത്സരം ഇതരതലങ്ങളില്‍ തുടര്‍ന്നുപോന്നു. തിയേറ്ററുകള്‍ വരുതിയില്‍ നിര്‍ത്തുന്നതില്‍ നിന്നാരംഭിച്ചു അത്. പിന്നെ എതിര്‍ഭാഗത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളെ തളര്ത്തുന്നതരത്തിലേയ്ക്കതു തരംതാണു.
അതിലും ഹീനമായ പ്രത്യക്ഷം എതിര്‍പക്ഷത്തിന്റെ ചിത്രങ്ങളുടെ പബ്ലിസിറ്റിയോടു അവലംബിച്ച സമീപനത്തിലായിരുന്നു. പത്രപരസ്യങ്ങള്‍ അളന്നുള്ളത്ര സാധ്യത അന്നില്ലായിരുന്നു. പരസ്യം കൊടുക്കും; താരതമ്യേന ചെറിയ അളവില്‍ മാത്രം. സാക്ഷരത അത്ര ഉയര്‍ന്ന നിലവാരത്തിലുമൊന്നും എത്താതിരുന്ന അന്നാളുകളില്‍ പത്രങ്ങള്‍ക്ക് പ്രേക്ഷക സമൂഹത്തിന്റെ എല്ലാ ശ്രേണികളിലും പിന്നീടത്തെപോലെ അന്നെത്തുവാന് കഴിയുമായിരുന്നുമില്ല. മറ്റുമാധ്യമങ്ങള്‍ ഒന്നു ഉയര്ന്നുവന്നിരുന്നുമില്ല. ചെണ്ട കൊട്ടി നോട്ടീസ് വിതരണവും ചിത്രത്തിന്റെ പരസ്യബാനര്‍ ചതുരമാക്കി അതിനുള്ളില്‍ കത്തിച്ച പെട്രോ മാക്സ് ഇറക്കി വച്ച് വഴികളിലൂടെ കൊണ്ടുനടന്നും മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ഉത്സവ-പെരുന്നാള്‍ കൂട്ടങ്ങള്‍ക്കിടയില്‍ ടാബ്ലോയിഡ് പ്രദര്‍ശിപ്പിച്ചും വിളിച്ചുഘോഷിച്ചുമൊക്കെയായിരുന്നു പ്രാദേശികതലത്തിലെ പരസ്യങ്ങള്‍. ഏറ്റവും വ്യാപകമായും ഫലപ്രദമായും പ്രയോഗത്തിലുണ്ടായിരുന്നത് മുക്കിലും മൂലയിലും ഭിത്തിയിലും ബോര്ഡിലുമൊക്കെയായി ചിത്രത്തിന്റെ പോസ്റ്ററുകള്‍ പതിച്ചുകൊണ്ടുള്ള പരസ്യസമ്പ്രദായമായിരുന്നു.
സംസ്ഥാനത്തുടനീളം അപ്രകാരം പതിക്കുമായിരുന്നു. ഒരറ്റം മുതല്‍ മറ്റൊരറ്റംവരെ അങ്ങനെ പോസ്റ്റര്‍ പതിക്കുക എന്നതു വലിയൊരു പ്രക്രിയതന്നെയായിരുന്നു.
വലിയൊരു തൊട്ടിയില്‍ പശകുറുക്കിയതും അടുക്കിവച്ച ഏണിയുമൊക്കെയായിട്ടാണ് സംഘം പുറപ്പെടുക. അധികവും രാത്രിയിലായിരുന്നു പതിവ്. 30ഃ40, ഫോര്ഷീറ്റ്, സിക്സ് ഷീറ്റ് എന്നിങ്ങനെ വിവിധ വലുപ്പങ്ങളിലായാണ് പോസ്റ്ററുകള്‍ പ്രിന്റ് ചെയ്തിട്ടുണ്ടാവുക. ഓരോന്നുമെടുത്തു തലങ്ങനെയും വിലങ്ങനെയും കീറും. എന്നിട്ട് എതിര്‍വശത്തു പശ തേച്ച് കീറിയ പാട് കാണാത്തവിധത്തില്‍ ഒട്ടിക്കും. പശപ്പുറത്ത് ഒട്ടിക്കുന്ന പ്രതലത്തെ അതിനായി നിരക്കി കൈകൊണ്ട് നീക്കി ഒത്തുചേര്‍ക്കുന്ന വൈദഗ്ദ്ധ്യം പലപ്പോഴും കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്.
അങ്ങനെ പതിക്കുന്ന പോസ്റ്ററുകള്‍ കനത്ത മഴ പെയ്താല്‍ ഒലിച്ചും കീറിത്തൂങ്ങിയും നഷ്ടപ്പെടുമെന്നതായിരുന്നു വലിയ ഭീഷണി. കീറിതൂങ്ങിക്കിടക്കുന്ന പോസ്റ്റര്‍ ചീളുകള്‍ വഴിയിലലഞ്ഞു നടക്കുന്ന കന്നുകാലികള്‍ തലയെത്തിച്ചു നക്കിയെടുത്തു വായിലിട്ടു ചവച്ചിറക്കുന്നതൊരു പതിവ് കാഴ്ചയായിരുന്നു. മത്സരം മൂത്തപ്പോള്‍ ഒരു സംഘം പോസ്റ്ററൊട്ടിച്ച് അവിടംവിട്ടു കഴിയുമ്പോള്‍ മറുസംഘം വന്ന് പൂര്‍ണമായോ ഭാഗികമായോ അതു മറച്ചുകൊണ്ട് അതിന്റെ മീതെ തങ്ങളുടെ പോസ്റ്റര്‍ ഒട്ടിക്കുവാന്‍ തുടങ്ങി. അതിനുപകരം വീട്ടുവാന് പിറ്റേന്നു തിരിച്ചങ്ങോട്ടും ക്രിയ ആവര്‍ത്തിക്കും. മുഖാമുഖമെത്തുമ്പോള്‍ ഇതിന്റെ പേരില്‍ വാക്കുതര്‍ക്കവും ചെറിയ ഉരസലുകളും ഉണ്ടാകുമായിരുന്നു. അതിനപ്പുറം വ്യവഹാരതലത്തിലേക്കൊന്നും ഇത്തരം കുസൃതികള്‍ക്കു പോകാനാകുമായിരുന്നില്ല.
പോസ്റ്ററുകള്‍ പതിച്ചിരുന്നത് പൊതുയിടങ്ങളിലും അന്യരുടെ ഭിത്തികള്‍ പൊതുവെന്ന് ഗണിച്ച് അവിടെയുമായിരുന്തുകൊണ്ട് അനുവാദത്തിന്റെ അംഗീകാരവമ്പ് ആയുധമായി എടുത്തണിയുവാന്‍ വയ്യായിരുന്നു ഒരു പക്ഷത്തിനും.
വിളംബര ശ്രേണിയുടെ ഇങ്ങേത്തലയ്ക്കല്‍ നടമാടുന്ന മത്സരത്തിലെ ഈയിന വികൃതികള്‍ കുഞ്ചാക്കോയും സുബ്രഹ്മണ്യവും അറിഞ്ഞിരുന്നുവോ എന്നു ചോദിച്ചാല്‍ ഉവ്വെന്നും ഇല്ലെന്നുമാകാം സൗകര്യേണ ഉത്തരം. അവരുടെ നിര്ദ്ദേശപ്രകാരമായിരുന്നിരിക്കില്ല ഇതൊന്നും. അവരതറിഞ്ഞിരുന്നു കാണും. അറിയാതിരുന്നില്ല. അറിഞ്ഞിട്ടും വിലക്കാനൊരുമ്പെടാഞ്ഞതെന്തേ എന്ന ചോദ്യത്തിനു മത്സരക്കളത്തില്‍ പ്രസക്തിയില്ലല്ലോ.
ഓരോ ക്യാമ്പും എതിര് ക്യാമ്പില്‍ സംഭവിക്കുന്നതെന്ത് എന്നു ജാഗരൂകമായി ശ്രദ്ധിച്ചുപോന്നിരുന്നു, തീര്‍ച്ച. അടുത്ത ചിത്രം ഏതാണ്? എന്താണ് പ്രമേയ പ്രകൃതം? ആരൊക്കെയാണ്? അതിന് ബദലായി തങ്ങളുടെ ചിത്രങ്ങളില്‍ അധികമായി എന്തെങ്കിലും ഇനി തിരുകിച്ചേര്‍ത്തു സ്വന്തം ചിത്രത്തിന്റെ നില കൂടുതല്‍ ഭദ്രമാക്കുവാനാകുമോ എന്ന ചിന്ത രണ്ടിടത്തും സജീവമായുണ്ടായിരുന്നു.അന്തര്‍നാടകങ്ങള്‍ ആ നാളുകളില്‍ സിനിമയുടെ ഭാഗമായിരുന്നല്ലോ പലപ്പോഴും. കഥാപാത്രങ്ങള്‍ കാണുന്ന സ്വപ്നമായോ അതുമല്ലെങ്കില്‍ പ്രത്യേക സന്ദര്‍ശനമൊന്നുമില്ലാതെ അലസമട്ടില്‍ റേഡിയോ ഓണ്‍ ചെയ്യുമ്പോള്‍ പ്രക്ഷേപണമായൊഴുകിയെത്തുന്ന ഒരു വൃത്തത്തിന്റെ സങ്കല്പ ദൃശ്യമായോ ഒക്കെയായിരുന്നു ഇവയുടെ ഇടചേര്ക്കലുകള്. ടിവി അന്ന് നിലവിലില്ലല്ലോ…
ഇടചേര്ച്ചയ്ക്കായി തെരഞ്ഞെടുക്കുന്ന അന്തര്പ്രമേയം എതിര് ക്യാമ്പിലൊരുങ്ങി വരുന്ന ചിത്രത്തിന്റെ പ്രമേയവുമായി സാമ്യമുള്ളതാക്കിയാല് ഇപ്പുറത്തെ ചിത്രം ആണ് ആദ്യമിറങ്ങുന്നതെങ്കില് എതിര് ക്യാമ്പിന്റെ ചിത്രത്തിലെ മുഖ്യ പ്രമേയത്തിന് ഒരാവര്‍ത്തനത്തിന്റെ ബലക്കുറവുണ്ടാകുമല്ലോ. അത്തരം ശ്രമങ്ങളുടെ ഒരുനിര തന്നെ ഇരുവശത്തെ പണിപ്പുരയില്‍ നിന്നും ഉയിര്ന്നുപോന്നു. കറുപ്പിലും വെളുപ്പിലും ആയിരുന്നു ചിത്രങ്ങള്‍. മത്സരത്തിന്റെ ഭാഗമായി ചിത്രത്തിലെ ഒരു ഗാനരംഗം കളറില്‍ ചിത്രീകരിച്ചിറക്കുക മറ്റൊരു അഭ്യാസമുറയായിരുന്നു. അപൂര്‍വമായി അഭിനേതാക്കളെ വര്‍ണ്ണത്തിന്റെ ആഭയോടെ സ്ക്രീനില്‍ കാണുമ്പോള്‍ പ്രേക്ഷകനതൊരു നയനവിരുന്നാകും. ബ്ലാക്ക് ആന്റ് വൈറ്റിന്റെ രസതന്ത്ര ചേരുവയ്ക്കൊത്ത ചമയവേഷങ്ങളില് കളറില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കൃത്രിമത്വം നിഴലിക്കുന്ന അധികതേയ്പ്പുകള് സൃഷ്ടിക്കുന്ന അരോചകത്വമൊന്നും ആ അപൂര്‍വ വര്‍ണക്കാഴ്ചയില്‍ അഭിമരിക്കുന്ന പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നില്ല.
കളര്‍ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന സാങ്കേതികത അതിനുതകുന്ന വിധത്തിലായിരുന്നുമില്ല. മത്സരം മൂര്‍ച്ഛിച്ചു മൂര്‍ച്ഛിച്ച് പുരാണ കഥകള്‍ സിനിമയാക്കുമ്പോള്‍ മെറിലാന്റ് സ്വീകരിച്ച അതേ പ്രമേയത്തെ ഫോക്കസ്സില്‍ ചെറിയ മാറ്റം വരുത്തി അതിനൊത്ത ശകലങ്ങള്‍ കോര്‍ത്തിണക്കി ഉദയാ അവതരിപ്പിക്കുന്ന ഘട്ടം വരെയെത്തി. രണ്ടാഴ്ചത്തെ വ്യത്യാസത്തില്‍ ‘ഭക്തകുചേല’യും ‘ശ്രീകൃഷ്ണകുചേല’യും പുറത്തിറങ്ങുന്ന കാഴ്ചയ്ക്കുവരെ നാം സാക്ഷ്യംവഹിച്ചത് ഈ പരിവൃത്തതുടര്ച്ചയിലാണ്.
ഇരുക്യാമ്പുകളും ജാഗരൂക സജീവമായി സജീവമായി നില തുടരുന്നതിന് സഹായിച്ചു എന്നൊരു ഗുണവശംകൂടി ഈ മത്സരത്തില്‍ കാണേണ്ടതുണ്ട്. അന്യഭാഷാ നിര്‍മാണ കേന്ദ്രങ്ങള്‍ ഉപോല്‍പ്പന്നംപോലെ മലയാള ചിത്രങ്ങള്‍ നിര്‍മിക്കുവാനാരംഭിക്കുകയും അവരുടെ രീതി സമ്പ്രദായങ്ങള്‍ ഇവിടെ അതേപടി അനുവര്‍ത്തിക്കുകയും ചെയ്തപ്പോള്‍, അതിനിടയില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഈ മാധ്യമം ആവശ്യപ്പെടുന്ന ആസൂത്രണ വിഭാവന ഒരുക്കങ്ങള്‍ കൂടാതെ പുതിയ നിര്‍മാതാക്കള്‍ കടന്നുവരികയും (അതിനൊരപവാദമായി ചൂണ്ടിക്കാട്ടാനാവുന്നത് ടി.ഇ. വാസുദേവന്‍ സാരഥ്യം വഹിച്ച അസോഷ്യേറ്റഡ് പിക്ച്ചേഴ്സ് മാത്രമാണ്!) ചെയ്തപ്പോള്‍ മലയാള ചലച്ചിത്ര ശാഖയ്ക്കു വ്യവസ്ഥാപിതമായ അടിത്തറയുണ്ടാകുന്നതിനും നമ്മുടെ സിനിമ വ്യവസായമെന്ന നിലയില്‍ ഒരു കെട്ടുറപ്പ് നേടുവാന്‍ തുടങ്ങുന്നതിനും ഈ ജാഗ്രതയും അതില്‍നിന്നുണ്ടായ ഉണര്‍വും ഏറെ സഹായിച്ചിട്ടുണ്ട്. മത്സരം പ്രധാനമായും ഉദയായും മെറിലാന്റും തമ്മിലായിരുന്നു. അസോഷ്യേറ്റ് പിക്ച്ചേഴ്സ് മത്സരജന്യമായ ജാഗരൂകതയില്‍ ഉണര്വുകാണിച്ചിരുന്നുവെങ്കിലും പ്രത്യക്ഷ മത്സരത്തിലില്ലായിരുന്നു. സമാന്തര പാതയിലൂടെയായിരുന്നു അവരുടെ ചലച്ചിത്ര സഞ്ചാരം.
മത്സരം കൊടുമ്പിരിക്കൊള്ളുമ്പോഴും ഇരുക്യാമ്പുകളുടെയും തലപ്പത്തു സാരഥികള്‍ കുഞ്ചാക്കോയും സുബ്രഹ്മണ്യവും തമ്മില്‍ സ്പര്‍ദ്ധ ഉണ്ടായില്ല. കനത്ത മത്സരം ഇരമ്പുന്ന എല്ലാ വ്യവസായമേഖലയിലും കാണാനാകുന്നതുപോലെ ഇവര്‍ തമ്മില്‍ ആദരവ് തികഞ്ഞ സൗഹൃദം തന്നെ വ്യക്തിപരമായ തലത്തില്‍ പുലര്‍ത്തിപ്പോന്നു. കച്ചവടതാല്പ്പര്യങ്ങള്ക്കുവേണ്ടി മത്സരിക്കുമ്പോഴും മലയാള സിനിമയുടെ പൊതുതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ആ ലിഖിതമായ ധാരണകളില്‍ കൈകോര്‍ക്കുവാന്‍ ഇരുവരും മടിച്ചില്ല. സാങ്കേതികതയില്‍ കൈവരിക്കുവാന്‍ കഴിയുന്ന പുതിയ പ്രാപ്തികളില്‍ ഇവര്‍ ശ്രദ്ധാലുക്കളായിരുന്നു. അത്തരം തിരിച്ചറിവുകളും സംവിധാനങ്ങളും പരസ്പരം കൈമാറുവാനും അവര്‍ മടിച്ചുമില്ല.
ഉദയാ സ്റ്റുഡിയോയില്‍ മറ്റെവിടെയോ കണ്ട ഒരു മാതൃകയെ അവലംബമാക്കി പുതിയൊരു ക്രെയിന്‍ ഇണക്കിയപ്പോള്‍ അതിന്റെ പ്രയോഗക്ഷമത കണ്ടാകൃഷ്ടനായ സുബ്രഹ്മണ്യം അത്തരമൊന്നു തന്റെ സ്റ്റുഡിയോയിലും വേണമെന്നാഗ്രഹിച്ചതും അതറിഞ്ഞ കുഞ്ചാക്കോ വിദഗ്ദ്ധരായ തന്റെ ജീവനക്കാരെ നിയോഗിച്ചു അതുപോലൊന്ന് മെറിലാന്റിനുവേണ്ടി നിര്‍മ്മിക്കുവാന്‍ നിര്‍ദ്ദേശം നല്കിയതും ഉദാഹരണം അത്തരം കൊടുക്കല്‍ വാങ്ങലുകള്‍ ഇരുഭാഗത്തുനിന്നും നിര്ബാധമുണ്ടായി.
കുഞ്ചാക്കോയും സുബ്രഹ്മണ്യവും ഒരുപോലെ ടി.ഇ. വാസുദേവനോടു തികഞ്ഞ ആദരവ് കാണിച്ചുപോന്നതും നയപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നതും ഇക്കൂട്ടത്തില്‍ ഇതേ മത്സരകാലാവസ്ഥയ്ക്കിടയിലാണ്. ടി.ഇ. വാസുദേവന്റെ മൂല്യാധിഷ്ഠിത ചര്‍ച്ചകള്‍ ഈ ലഭിച്ച ആദരവിന് ഒരളവുവരെയെങ്കിലും കാരണമായിട്ടുണ്ട്.
ഈ മൂന്നു നിര്‍മാണ-വിതരണ കേന്ദ്രങ്ങളും (മെറിലാന്റിന് പ്രദര്ശനധാരയിലും പങ്കാളിത്തമുണ്ടായിരുന്നു.) അവലംബിച്ച നിലപാടുകള്‍ പിന്നീടവിടെ കീഴ്വഴക്കങ്ങളായി.
മലയാള സിനിമയുടെ മാനേജ്മെന്റ് ധാരയുടെ ആദ്യ ബ്ലുപ്രിന്റ് ഈ കീഴ്വഴക്കങ്ങളില്‍നിന്നും ഉയിര്ന്നുവന്നതാണ്. സിനിമയിലെ നിര്‍മാണരീതികളും പ്രോട്ടോക്കോളും എല്ലാം ഈ ബ്ലൂപ്രിന്റിന്റെ വഴക്ക തുടര്‍ച്ചയില്‍നിന്നും പിന്നീടു വന്നവര്‍ കണ്ടെത്തി പിന്‍പറ്റുകയായിരുന്നു. അവയില്‍ പലതും ഇന്നും ഇവിടെ പ്രാബല്യത്തില്‍ തുടരുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: