ഇതെഴുതുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ് കൊല്ലത്തിനടുത്ത് എഴുകോണ്‍ എന്ന സ്ഥലത്തുനിന്ന് ഒരു സുഹൃത്ത് വിളിച്ചു. സംഘത്തെക്കുറിച്ച് ഏതാനും സംശയങ്ങള്‍ ദൂരീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മുതിര്‍ന്ന പ്രചാരകനായിരുന്ന, ഏതാനും മാസങ്ങള്‍ക്ക്മുമ്പ് ദിവംഗതനായ പി. ചന്ദ്രശേഖരന്റെ ആദ്യകാല ശ്രമങ്ങളിലാണ് അദ്ദേഹവും മറ്റും സ്വയംസേവകരായതും സംഘത്തെപ്പറ്റി മനസ്സിലാക്കിയതും. ചന്ദ്രശേഖരനും ഞാനും ഏതാണ്ട് 14 വര്‍ഷക്കാലം പ്രാന്തകാര്യാലയത്തിലെ ഒരേ മുറി പങ്കിട്ടവരാണ്. അദ്ദേഹത്തിന്റെ അനുജന് വിനായകന് കുറേക്കാലം ജന്മഭൂമിയുടെ കൊല്ലം ലേഖകനായിരുന്നു. പിന്നീട് ശാന്തിഗിരി ആശ്രമത്തിലെ അന്തേവാസിയായി. ഇപ്പോള്‍ അദ്ദേഹം ഗൃഹസ്ഥജീവിതത്തിലാണ് എന്നു തോന്നുന്നു.
എഴുകോണുമായി എനിക്കു മറ്റൊരു ബന്ധമുണ്ടായിരുന്നതും ആ സുഹൃത്തിനോടു പറഞ്ഞു. ഞാന്‍ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ അവിടെ മൂന്നു നാലു സംസ്കൃത കോളേജ് സ്വയംസേവകരുണ്ടായിരുന്നു. എഴുകോണുകാരന്‍ ചെല്ലപ്പന്, ഐവര്‍കാലക്കാരന്‍ സാക്ഷാല്‍ എംഎസാര്‍, വൈക്കത്തുകാരന്‍ രാമാനന്ദ നായിക്, മണക്കാട്ട് ഗോപാലകൃഷ്ണന്. എംഎ സാര്‍ ഇന്ന് പ്രബുദ്ധ സാംസ്കാരിക സാഹിത്യരംഗത്തെ തലമുതിര്‍ന്ന നായക സമൂഹത്തിന് മാര്‍ഗ്ഗദര്‍ശിയായി നവതിയോടടുത്തുകഴിയുന്നു. മണക്കാട് ഗോപാലകൃഷ്ണന് സംസ്കൃതാധ്യാപകനായി, തൃപ്പൂണിത്തുറ സംസ്കൃത കോളേജില്‍ പ്രിന്‍സിപ്പലായി വിരമിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്യാതനായി. രാമാനന്ദ നായക് വൈക്കത്ത് കുറേക്കാലം താമസിച്ചശേഷം തേവര കോളേജിലെ സംസ്കൃതാധ്യാപകനായിരുന്നുവെന്ന് ഓര്‍മിക്കുന്നു. ചെല്ലപ്പനില്‍നിന്നാണ് ഞാന്‍ സംഘപ്രാര്‍ഥന തെറ്റുകൂടാതെ അക്ഷരസ്ഫുടതയോടെ ചൊല്ലാന്‍ പഠിച്ചത്.
അദ്ദേഹത്തിന്റെ വ്യക്തിഗീതാലാപനവും ഭാവോജ്ജ്വലമായിരുന്നു. ഇവരെയെല്ലാം ഓര്‍മിക്കാന്‍ നടേ സൂചിപ്പിച്ച ഫോണ്‍കോള്‍ കാരണമായി. പക്ഷേ വിദ്യാഭ്യാസത്തിനുേശഷം ഒരു ബന്ധവും പുലര്‍ത്താന്‍ കഴിയാത്തത് ചെല്ലപ്പനുമായിട്ടായിരുന്നു.എഴുകോണ്‍ സുഹൃത്തിനു അറിയേണ്ടിയിരുന്നത് 1948 ല്‍ തിരുവനന്തപുരത്ത് തൈക്കാട്ട് മൈതാനത്തുനടന്ന പൂജനീയ ഗുരുജിയുടെ പൊതുപരിപാടിയെപ്പറ്റി മാര്‍ക്സിസ്റ്റുകള്‍ നടത്തുന്ന വിഷലിപ്തമായ നവമാധ്യമ പ്രചാരണങ്ങളെക്കുറിച്ചായിരുന്നു. ഒ.എന്‍.വി. കുറുപ്പും മലയാറ്റൂര്‍ രാമകൃഷ്ണനും യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥികളായിരുന്നപ്പോള്‍ ഗോള്‍വല്‍ക്കര്‍ തിരുവനന്തപുരം സന്ദര്‍ശിച്ചു. അദ്ദേഹത്തോട് സംശയങ്ങള്‍ ചോദിക്കാനായി ചെന്ന വിദ്യാര്‍ത്ഥികളെ ആര്‍എസ്എസുകാര്‍ മുളവടികൊണ്ട് അടിച്ചോടിച്ചു എന്നോ മറ്റോ ആണത്രെ ഒഎന്‍വി എഴുതിയത്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ സര്‍വീസ്സ്റ്റോറിയില്‍ ഈ സംഭവം വിവരിക്കുന്നുണ്ട്.
ഞാന്‍ ആ സുഹൃത്തിനെ ധരിപ്പിച്ചു. ഞാന്‍ യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ച അവസാനവര്‍ഷം 1954-55 ലാണ് ഒഎന്‍വി അവിടെ എംഎക്കു ചേര്‍ന്നത്. അതിനുമുമ്പദ്ദേഹം കൊല്ലം ശ്രീനാരായണ കോളേജിലായിരുന്നു ബിരുദപഠനം. അവിടെ നടന്ന വിദ്യാര്‍ത്ഥിസമരത്തിന് നേതൃത്വം കൊടുക്കുകയും വന്ദ്യവയോധികനായ പ്രൊഫ. പി.ജി. സഹസ്രനാമയ്യരെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ നടപടിക്കു വിധേയനാകുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ ഗുരുജിയുടെ പരിപാടി നടന്നപ്പോള്‍ ഒഎന്‍വി ചവറയിലോ പ്രാക്കുളത്തോ സ്കൂൡ പഠിക്കുകയായിരുന്നിരിക്കണം. അദ്ദേഹം അനുഗ്രഹീത യുവകവിയെന്ന നിലക്ക് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കൊക്കെ ആരാധനാപാത്രമായിരുന്നുവെങ്കിലും ആ പരിപാടിയുടെ കാര്യത്തില്‍ ഇങ്ങനെയൊരു പച്ചക്കള്ളം എഴുതേണ്ടിയിരുന്നില്ല.
കളവു പറയുന്നിതിലും ്രപചരിപ്പിക്കുന്നതിലും കമ്യൂണിസ്റ്റുകള്‍ക്കുള്ള സഹജമായ ശീലം അദ്ദേഹത്തിനും പിടിപെട്ടുവെന്നേ കരുതേണ്ടതുള്ളൂ. അദ്ദേഹം ബിരുദാനന്തര പഠനം നടത്തുമ്പോള്‍ യുണിവേഴ്സിറ്റി കോളേജില്‍ ഡോ. സി.എസ്. വെങ്കിടേശ്വരനായിരുന്നു പ്രിന്‍സിപ്പല്‍. അദ്ദേഹം ഗുരുജിയുടെ പരിപാടിയില്‍ ശ്രോതാവായി ഉണ്ടായിരുന്നു. അദ്ദേഹം മാത്രമല്ല തൈക്കാട്ട് സുബ്രഹ്മണ്യയ്യരും മറ്റനേകം ഉദ്യോഗസ്ഥപ്രമുഖരുമുണ്ടായിരുന്നു. വെങ്കിടേശ്വരന്റെ മകന് പില്ക്കാലത്ത് ക്യാബിനറ്റ് സെക്രട്ടറിയായ സി.വി. സുബ്രഹ്മണ്യനും ആ പരിപാടിയില്‍ ആക്രമിച്ചു കയറി അടി വാങ്ങിയവരില്‍പ്പെട്ടു. കോളേജില്‍ പാഠ്യേതരമായ ഒരു പ്രവര്‍ത്തനത്തിലും സമരത്തിലും പങ്കെടുക്കില്ലെന്ന് രേഖാമൂലം ഉറപ്പുവാങ്ങിയശേഷമാണ് വെങ്കിടേശ്വരന് ഒഎന്‍വിക്ക് പ്രവേശനം നല്‍കിയത്. സമരാവസരങ്ങളില്‍ ലീവുപോലും എടുക്കാതെ ഒഎന്‍വി ഉറപ്പ് പാലിച്ചതിന് ഞാന്‍ ദൃക്സാക്ഷിയാണ്.
തിരുവനന്തപുരം സംഭവത്തിന്റെ തീയതിയെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടായി. അന്ന് തിരുവിതാംകൂറില്‍ കൊല്ലവര്‍ഷമാണ് ഔദ്യോഗികമായി നിലവിലിരുന്നത്. 1123 മകരമാസത്തിലായിരുന്നു പരിപാടി. അതുകൊണ്ട് അതിനെ ഇംഗ്ലീഷ് വര്‍ഷമാക്കുമ്പോള്‍ 1947 എന്ന് പറഞ്ഞുവന്നു. പിന്നീട് കൊല്ലവര്‍ഷം വിസ്മൃതമായപ്പോള്‍ അതു തുടര്‍ന്നു. അന്നത്തെ സാംഘിക്കില്‍ മുഖ്യശിക്ഷക് പരമേശ്വര്‍ജിയായിരുന്നു. 1948 ജനുവരി 30 ന് തെക്കന്‍ ജില്ലകളില്‍നിന്ന് ശ്രീ ഗുരുജി മദിരാശിയിലെത്തി. വി. രാജഗോപാലാചാരിയുടെ വസതിയിലെ സുഹൃത്സമ്മേളനത്തിന് തയ്യാറെടുക്കുമ്പോഴാണ് ഗാന്ധിജിയുടെ സംഭവത്തെപ്പറ്റി വിവരം അറിഞ്ഞത് എന്ന് വായിച്ചിരുന്നു. അതിനാല്‍ തിരുവനന്തപുരം പരിപാടിയുടെ കൃത്യമായ തീയതി അറിയണമെന്ന ആഗ്രഹം കുറേനാളുകളായി കൊണ്ടുനടക്കുകയായിരുന്നു.
അന്നത്തെ പത്രമോ പോലീസ് ആസ്ഥാനത്തെയോ കോടതികളിലേയോ രേഖകളോ പരിശോധിച്ച് നിര്‍ണയിക്കാന്‍ പലരെയും സമീപിച്ചു. കൂട്ടത്തില്‍ ഈയിടെ ദൃശ്യമാധ്യമരംഗത്ത് ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്ന ടി.ജി. മോഹന്‍ദാസിനെയും ചുമതലപ്പെടുത്തി അദ്ദേഹം. അത് ഭംഗിയായി നിര്‍വഹിച്ച് തിരുവനന്തപുരത്തെ കേരളകൗമുദിയുടെ ഗ്രന്ഥശേഖരത്തില്‍ തപസ്സിരുന്ന് പ്രസ്തുത സംഭവത്തിന്റെ വാര്‍ത്തയുള്ള ലക്കം കണ്ടെടുത്തു. 1948 ജനുവരി 23 ന്റെ പത്രത്തിലായിരുന്നു അത്. ജനുവരി 22 നായിരുന്നു സംഭവം എന്നുറപ്പാക്കി. വാര്‍ത്തയുടെ ഫോട്ടോസ്റ്റാറ്റ് എടുത്തത് തരാമെന്നേറ്റിട്ടുണ്ട്.
എഴുകോണ്‍ സുഹൃത്തിന്റെ ഫോണുകളാണിതൊക്കെ പരാമര്‍ശിക്കാന്‍ കാരണമായത്. കള്ളം പറയുകയും പ്രചരിപ്പിക്കുകയും ചെയ്തതാണ് പരാമര്‍ശമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റ് ദുസ്സാമര്‍ഥ്യം ഒരു നൂറ്റാണ്ടിലേറെക്കാലമായി ലോകം കാണുന്നതാണല്ലോ. മഹത്തായ റഷ്യന്‍ വിപ്ലവത്തിന് നേതൃത്വം നല്കിയ ലെനിന്റെ വീരകൃത്യങ്ങളെക്കുറിച്ച് എന്തൊക്കെ കഥകളാണ് നമ്മെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. വിപ്ലവം നടക്കുന്ന കാലത്ത് ലെനിന് സൂറിച്ചില്‍ ഒളിച്ചുതാമസിച്ചുകൊണ്ട് അമേരിക്കയിലേക്കു കുടിയേറാന്‍ വഴിനോക്കുകയായിരുന്നെന്നും, ഒരു സന്ധ്യക്കു ആഹാരം വാങ്ങാന്‍ പുറത്തുപോയ സഹപ്രവര്ത്തകന് വാങ്ങിക്കൊണ്ടുവന്ന സായാഹ്നപത്രത്തില്‍ നിന്നാണ് സാര്‍ ചക്രവര്‍ത്തിയെ പുറത്താക്കിയെന്നും പെട്രോഗാര്‍ഡില്‍ പുതിയ ഭരണസമിതി വന്നുവെന്നും ലെനിന് അറിഞ്ഞതെന്നും ഇന്നു നമുക്കറിയാം. ജര്‍മന്‍ സഖാക്കള്‍ ഏര്‍പ്പാടു ചെയ്ത പ്രകാരം ഗുഡ്സ് വാഗണിലാണ് അദ്ദേഹം രഹസ്യമായി റഷ്യയിലെത്തിയതെന്നും അറിയാം. സോവ്യറ്റ് ഭരണകാലത്തെക്കുറിച്ച് നടന്ന കൊട്ടിഘോഷിപ്പുകളൊക്കെ പച്ചനുണയായിരുന്നുവെന്ന് ഇപ്പോള്‍ സഖാക്കള്‍തന്നെ വിളിച്ചുപറഞ്ഞു ഖേദിക്കുന്നു.
കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് നടത്തിയ നുണപ്രചാരണങ്ങള്‍ സമാഹരിക്കുകയാണെങ്കില്‍ കള്ളത്തരം നിറഞ്ഞ സാഹിത്യംതന്നെയാകുമത്. അതിന് നോബല്‍സമ്മാനത്തിന് അര്‍ഹതയും ലഭിച്ചേക്കും. സാമൂഹ്യമാധ്യമങ്ങൡലൂടെ നടന്നുവരുന്ന വ്യക്തിഹത്യയും സ്വഭാവഹത്യയും കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ല എന്നാണ് ഓര്‍മ്മിപ്പിക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: