പെരുമ്പാവൂര്‍: ആന്ധ്രപ്രദേശിന്റെ വിവിധ മേഖലകളില്‍ മലയാളികളുടെ കഞ്ചാവ് തോട്ടങ്ങളുണ്ടെന്ന് പോലീസ് നിഗമനം. ഇത്തരം കഞ്ചാവ് തോട്ടങ്ങളില്നിന്നുമാണ് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇത്തരത്തില്‍ ഇടുക്കിയില്‍ കൊണ്ടുപോയി സൂക്ഷിക്കുവാനായി കടത്തിയ 122 കിലോ കഞ്ചാവാണ് കഴിഞ്ഞദിവസം വല്ലത്ത് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയ്ക്ക് നേതൃത്വം നല്കിയ പെരുമ്പാവൂര്‍ ഡിവൈഎസ്പി. ജി.വേണുവിന്റെ പോലീസ് സംഘത്തിന് പാരിതോഷികം നല്‍കുമെന്ന് റൂറല്‍ എസ്പി എ.വി.ജോര്‍ജ് വ്യക്തമാക്കി. ഐജി പി. വിജയന്റെ നേതൃത്വത്തില്‍ കഞ്ചാവ് വേട്ടക്കായി റാന്‍സ് എന്ന പേരില്‍ ഓരോ ജില്ലയിലും പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയില്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ജി. വേണുവിന്റെ നേതൃത്വത്തിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഇവരുടെ കൃത്യമായ ഇടപെടലാണ് കഴിഞ്ഞദിവസം നടന്ന കഞ്ചാവ് വേട്ടയ്ക്ക് കാരണം. കഞ്ചാവ് കടത്തിന്റെ മുഖ്യകണ്ണികളായ മൂന്ന്പേര്‍ സംഭവത്തില്‍ പിടിയിലുമായി. ഇടുക്കി ഗോള്‍ഡിന്റെ വ്യാജനായിട്ടാണ് ആന്ധ്രയില്‍നിന്നുള്ള കഞ്ചാവ് വില്പന നടത്തുന്നത്. ആവശ്യമനുസരിച്ചാണ് ഇതിന്റെ വില കണക്കാക്കുന്നത്. കഞ്ചാവ് ഉത്പാദനം നടക്കുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും റൂറല്‍ എസ്പി പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: