ഇടുക്കി: ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കോഴിക്കമ്പനികളുടെ നിലപാട്. കൂടും ലൈസന്‍സും കര്‍ഷകര്‍ സംഘടിപ്പിച്ചാല്‍ കോഴിയും തീറ്റയും തമിഴ്നാട്,കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി കേരളത്തിലെ കര്‍ഷകര്‍ക്ക് നല്‍കുമായിരുന്നു.
45 ദിവസം കോഴിയെ വളര്‍ത്തിയ ശേഷം ഒരു കിലോ കോഴിക്ക് അഞ്ച് മുതല്‍ ആറ് രൂപവരെ വില നല്കി കോഴികളെ തിരിച്ചെടുക്കുമായിരുന്നു. എന്നാല്‍ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നല്കണമെങ്കില് കര്‍ഷകരുടെ പേരിലുള്ള വസ്തുവിന്റെ ആധാരത്തിന്റെ നോട്ടറി ഒപ്പിട്ട കോപ്പി, ബാധ്യത സര്‍ട്ടിഫിക്കറ്റ്, കരംകെട്ടിയ രസീത്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ബ്ലാങ്ക് ചെക്ക് എന്നിവ നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം.
ഇത്രയും രേഖകള്‍ നല്കുമ്പോള് നൂറുരൂപയുടെ മുദ്രപ്പത്രത്തില്‍ വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി കമ്പനി അധികൃതരുടെ ഒപ്പിട്ട് കര്‍ഷകര്‍ക്ക് നല്‍കും. മുമ്പ് കര്‍ണ്ണാടകയിലെ കരിമ്പ് കര്‍ഷകരോട് വളവും ആനുകൂല്യങ്ങളും നല്‍കാമെന്ന് പറഞ്ഞ് സ്വകാര്യ കമ്പനി ഇത്തരത്തില്‍ രേഖകള്‍ ശേഖരിച്ചിരുന്നു. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ സ്വകാര്യ കമ്പനിക്ക് രേഖകള്‍ നല്കിയ കര്‍ഷകരുടെ പേരില്‍ ജപ്തി നോട്ടീസ് വന്ന സംഭവമാണ് ഇറച്ചിക്കോഴി കര്‍ഷകരുടെ ഓര്‍മയില്‍.
വസ്തുവിന്റെ രേഖകള്‍ കോഴിക്കമ്പനിക്ക് നല്കിയാല് ദുരുപയോഗം ചെയ്യില്ലെന്ന് ഒരു ഉറപ്പുമില്ല. മുദ്രപ്പത്രത്തില്‍ കമ്പനി നല്കുന്ന ഉറപ്പും കര്‍ഷകര്‍ക്ക് പ്രതികൂലമാകും. രേഖകള്‍ നല്‍കാതെ കോഴിക്കുഞ്ഞുങ്ങളെ നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയതോടെ ഇറച്ചിക്കോഴി വളര്‍ത്തല്‍ ഉപജീവനമായി സ്വീകരിച്ച നൂറുകണക്കിന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: