കൊച്ചി: ട്രിപ്പുകള്‍ മുടക്കി മെട്രോയും യാത്രക്കാരെ വലയ്ക്കുന്നു.ആളുകള്‍ തീരെ കുറഞ്ഞ സമയം നോക്കിയാണ് മെട്രോയുടെ ട്രിപ്പ് മുടക്കല്‍. മെട്രോ സര്‍വീസ് ആരംഭിച്ചപ്പോള്‍ എട്ടരമിനിറ്റ് ഇടവിട്ട് ട്രെയിന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍, ചിലസമയങ്ങളില്‍ 15 മിനിറ്റ് ഇടവിട്ടാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. മുന്നറിയിപ്പില്ലാതെയുള്ള ട്രിപ്പ് മുടക്കം മെട്രോ യാത്രക്കാര്‍ക്ക് തിരിച്ചടിയായി.
ആലുവ മുതല്‍ പാലാരിവട്ടം വരെ സര്‍വീസ് നടത്തിയിരുന്നപ്പോള്‍ ട്രിപ്പുകള്‍ സാധാരണ നിലയിലായിരുന്നു. മഹാരാജാസ് കോളേജ് വരെ സര്‍വീസ് നീട്ടിയതോടെയാണ് ട്രിപ്പുകള്‍ ഇടയ്ക്കിടെ കുറയ്ക്കുന്നത്. ആള്‍തിരക്ക് കുറഞ്ഞസമയത്ത് ട്രെയിന്‍ ഓടിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതിനാലാണിത്. എന്നാല്‍, തിരക്കേറിയ അവധി ദിവസങ്ങളില്‍ ഏഴര മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തുന്നുണ്ട്. ഈ വരുമാനംകൊണ്ടാണ് ഇപ്പോള്‍ മെട്രോ പിടിച്ചു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ആള്‍ത്തിരക്കില്ലാത്ത സമയങ്ങളില്‍ ട്രിപ്പുകള്‍ കുറച്ച് തിരക്കേറിയ സമയങ്ങളില്‍ കൂടുതല്‍ ട്രിപ്പ് നടത്താനാണ് അധികൃതരുടെ നീക്കം.
ആദ്യഘട്ടത്തില്‍ ആറ് ട്രെയിനുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നിട്ടുണ്ട്. ഭൂരിഭാഗം കാര്‍ യാത്രികരെയും മെട്രോ യാത്രക്കാരാക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്എള്) അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ഇത് പ്രതീക്ഷിച്ചപോലെ വിജയം കണ്ടില്ല. ഇതാണ് വരുമാനത്തെ ബാധിച്ചത്.
മറ്റുവരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ല. കാക്കനാട് മെട്രോ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചെങ്കിലും ടെന്‍ഡര്‍ നടപടിയായിട്ടേയുള്ളൂ. മെട്രോ സ്റ്റേഷനുകളിലെ എസ്കലേറ്ററും ചില സമയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ മെട്രോ അധികൃതര്‍ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് യാത്രക്കാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: