കൊച്ചി: കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷത്തിന് മഹാരാജാസ് കോളേജ് വേദിയാകും. സെന്റിനറി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം, സെമിനാര്‍, ഡിബേറ്റ് മത്സരം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവയും ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ നിയമസഭ മ്യൂസിയം പ്രദര്‍ശനവും ഫിസിക്സ് ഗ്യാലറിയില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും.
ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനകീയസമിതി രൂപീകരണ യോഗത്തില്‍ വിപലുമായ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. കേരള നിയമസഭയുടെയും ജില്ല ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ നവംബര്‍ 6, 7 തീയതികളില്‍ നടക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 6ന് മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കും.
ജില്ലയിലെ എംഎല്‍എമാര്‍, പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളത്തിനു ശേഷം കൊച്ചി-തിരുകൊച്ചി നിയസഭയില്‍ അംഗങ്ങളായിരുന്നവരടക്കം പ്രമുഖ നിയമസഭ സാമാജികര്‍ക്ക് സ്മരണാഞ്ജലിയും ജീവിച്ചിരിക്കുന്ന പ്രമുഖ മുന്‍ സാമാജികര്‍ക്ക് സ്നേഹാദരങ്ങളും അര്‍പ്പിക്കും.
നിയമസഭയുടെയും സംസ്ഥാനത്തിന്റെയും ചരിത്രം അനാവരണം ചെയ്യുന്ന നിയമസഭ മ്യൂസിയത്തിന്റെ പ്രദര്‍ശനം കാണുന്നതിന് രണ്ടു ദിവസങ്ങളിലും രാവിലെ മുതല്‍ വൈകിട്ട് വരെ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും. നിയമസഭയുടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. പ്രൊഫ. എം.കെ. സാനു രക്ഷാധികാരിയായും എഡിഎം എം.കെ. കബീര്‍ കണ്‍വീനറായും ജനകീയ സമിതി രൂപീകരിച്ചു.
കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷന്, സ്കൂള്‍ പിടിഎ എന്നിവരാണ് സമിതിയിലുള്ളത്. എസ്. ശര്‍മ്മ എംഎല്‍എ ചെയര്‍മാനും ജില്ലാ കളക്ടര്‍ കണ്‍വീനറും നിയമസഭ സെക്രട്ടറി എക്സ്. ഒഫീഷ്യോ സെക്രട്ടറിയും ജില്ലയിലെ എംഎല്‍എമാര്‍ അംഗങ്ങളുമായ സംഘാടക സമിതിയും രൂപീകരിച്ചു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ 8547278291. ഡിബേറ്റ് മത്സരത്തിന് 9746973245, എന്ന നമ്പരില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: