കൊച്ചി: ആയുര്‍വേദത്തിലെ അന്താരാഷ്ട്ര പ്രദര്‍ശനത്തിന് കൊച്ചി വേദിയാകുമെന്ന് മന്ത്രി കെ കെ ശൈലജ. കേരളത്തിന്റെ ആയുവേദ പാരമ്പര്യത്തിനെ ലോകത്തിന് മുമ്പില്‍ കൂടുതല്‍ തെളിമയോടെ അവതരിപ്പിക്കുകയാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം രാമവര്‍മ്മ ക്ലബ്ബില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. സംസ്ഥാന ആയുഷ് വകുപ്പിന്റെ കീഴിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. പ്രഥമ എക്സ്പോയ്ക്കായുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ആര്‍ഭാഢപൂര്‍വം എക്സ്പോ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.ബജറ്റില്‍ പണം വകയിരുത്തിയ അന്താരാഷ്ട്ര ആയുര്‍വേദ സെന്ററിനായി സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. ഇതിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
റിസര്‍ച്ച് മ്യൂസിയം , യോഗ സെന്റര്‍ തുടങ്ങിയ വിവിധ സംവിധാനങ്ങളോട് കൂടിയാണ് അന്താരാഷ്ട്ര ആയുര്‍വേദ കേന്ദ്രം ഒരുങ്ങുന്നത്. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ഔഷധി എംഡി കെവി ഉത്തമ്മന്‍, ഡോ. സരിത എ എല്‍, ഡോ. അനിത ജേക്കബ് സംസാരിച്ചു. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി കളമശേരിയില്‍ മെഗാ മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചു. ‘വേദന നിര്‍ഹരണം ആയുര്‍വേദത്തിലൂടെ’ എന്നതാണ് ഈ വര്‍ഷത്തെ ആയുര്‍വേദ ദിനാചരണ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: