കൊച്ചി: യുഡിഎഫ് ഹര്‍ത്താലില്‍ ജില്ലയില്‍ പലയിടങ്ങളിലും ആക്രമണം. കെഎസ്ആര്‍ടിസി ബസ്സിനുനേരെ കല്ലെറിഞ്ഞു. ഇരുചക്രവാഹനയാത്രികരെ ഉള്‍പ്പെടെ തടഞ്ഞു. എന്നാല്‍, പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങളും ടാക്സികളും നിരത്തിലിറക്കിയും കടകള്‍ തുറന്നും ജനങ്ങള്‍ ഹര്‍ത്താല്‍ തള്ളിക്കളഞ്ഞു.
എറണാകുളം നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. പാലാരിവട്ടത്ത് ഗുരുവായൂര്‍-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റിനു നേരേയാണു കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. എന്നാല്‍, കല്ലേറില്‍ പങ്കില്ലെന്ന് യുഡിഎഫ് നേതൃത്വം ഒഴിഞ്ഞുമാറി.
പ്രകടനം നടത്തിയ സമരാനുകൂലികള്‍ ഹൈക്കോര്‍ട്ട് ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. ഓട്ടോറിക്ഷ തടഞ്ഞ പ്രവര്‍ത്തകനെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രകോപിതരായ പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. കണ്ടാലറിയാവുന്ന എഴുപതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ഹൈക്കോടതി ജങ്ഷനില്‍ നടത്തിയ ഉപരോധത്തിനു ശേഷം കാറില്‍ മടങ്ങാനൊരുങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ പ്രവര്‍ത്തകര്‍ വണ്ടിയില്‍ നിന്നിറക്കി വിട്ട സംഭവവുമുണ്ടായി.
കളമശ്ശേരിയില്‍ പെട്രോള്‍ പമ്പ് അടപ്പിക്കാന്‍ ശ്രമിച്ച ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാത്തത് സാധാരണക്കാരെ വലച്ചെങ്കിലും നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഓട്ടോറിക്ഷകളും ഓണ്‍ലൈന്‍ ടാക്സികളും സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. മെട്രോയും പതിവു പോലെ സര്‍വീസ് നടത്തി.
ഓഫിസുകള്‍ തുറന്നു
കാക്കനാട്: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാക്കനാട് സിവില്‍ സ്റ്റേഷന് ജീവനക്കാര്‍ തള്ളിക്കളിഞ്ഞു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള, എഡിഎം എം.കെ. കബീര്‍, ജില്ലാതല ഓഫീസ് മേധാവികള്‍ തുടങ്ങിയവര്‍ സാധാരണ ഓഫിസ് സമയത്തിന് മുമ്പ് തന്നെ എത്തി. സിവില്‍ സ്റ്റേഷനിലെ 85 ഓഫിസുകളില്‍ 65 എണ്ണം തുറന്നു പ്രവര്‍ത്തിച്ചു. കളക്ടറേറ്റിലെ 280 ജീവനക്കാരില്‍ 170 ഓളം പേര് ജോലിക്ക് ഹാജാരായി. ഇന്‍ഫോപാര്‍ക്ക്, സെസ് എന്നിവടങ്ങളില്‍ ഭൂരിപക്ഷം ജീവനക്കാരും ഹാജരായി. ഇരുചക്ര, സ്വകാര്യ വാഹനങ്ങള്‍ ഓടി. ട്രാസ്പോര്‍ട്ട് ബസ്സുകള്‍ രാവിലെ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായതിനാല്‍ ഇടയ്ക്ക് സര്‍വീസ് നിര്്ത്തിവെച്ചു.
മെട്രോയില്‍ തിരക്ക്
കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ മെട്രോയില്‍ തിരക്ക്. ഇന്നലെ 19,705 യാത്രക്കാരില്‍നിന്ന് 7.10 ലക്ഷം വരുമാനം ലഭിച്ചതായി മെട്രോ അധികൃതര്‍ പറഞ്ഞു. ചില സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസ് നടത്തിയെങ്കിലും ഹര്‍ത്താല്‍ ദിനത്തില്‍ കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിച്ചതാണ് തിരക്ക് അനുഭവപ്പെടാന്‍ കാരണം.
കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടി: പോലീസ് നോക്കുകുത്തി
പള്ളുരുത്തി: യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റ മറവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ അഴിഞ്ഞാടി. കുമ്പങ്ങിയിലും, പള്ളുരുത്തി കച്ചേരിപ്പടിയിലുമാണ് കൂട്ടമായെത്തിയവര്‍ വാഹനങ്ങള്‍ തടഞ്ഞത്. കച്ചേരിപ്പടി ജംങ്ഷനില്‍ നേതാക്കന്മാരുടെ നേതൃത്വത്തില്‍ എത്തിയവര്‍ ഇരുചക്രവാഹന യാത്രികരെയും റോഡില്‍ തടഞ്ഞു. സ്വകാര്യ വാഹനങ്ങളും മരണ അറിയിപ്പു വെച്ചെത്തിയ വാഹനങ്ങളും നടുറോഡില്‍ തടഞ്ഞിട്ടു.കുമ്പളങ്ങിയില്ബൈക്കില്സഞ്ചരിച്ചാണ് ഒരുകൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞത.് നടുറോഡില്‍ വാഹനം തടഞ്ഞിടുമ്പോഴും കടകള്‍ അടപ്പിക്കുമ്പോഴും പോലീസ് നടപടി എടുക്കാതെ കാഴ്ചക്കാരായി മാറി. ഇരുചക്ര വാഹനയാത്രക്കാരായ കുടുംബത്തെ തടഞ്ഞത് പോലീസ് വിലക്കിയെങ്കിലും ആരും കേട്ടില്ല. വാഹന ഗതാഗതം തടസപ്പെടുത്തുകയോ കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയോ ചെയ്താല്‍ പോലീസ് സംവിധാനം ഒരുക്കണമെന്ന് സര്‍ക്കാറിന്റെയും കോടതിയുടെയും ഉത്തരവുണ്ടായിട്ടുപോലും റോഡില്‍ അഴിഞ്ഞാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി സ്വീകരക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഡ്രൈവിങ് ടെസ്റ്റ്
തടഞ്ഞു
കാക്കനാട്: രാവിലെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനെത്തിയെങ്കിലും സമരാനുകൂലികള്‍ പ്രതിഷേധവുമായി എത്തി തടഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ഉദ്യോഗാര്‍ഥികള്‍ വലഞ്ഞു. ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ നിന്നും വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: