കല്‍പ്പറ്റ: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ ഭാഗികം.. രണ്ടിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ സമാധാനപരമായിരുന്നു ഹര്‍ത്താല്‍. വ്യാപാരി വ്യവയസായി സംസ്ഥാന കമ്മിറ്റി ഹര്‍ത്താലിനെ പിന്തുണച്ചില്ലെങ്കിലും ജില്ലയിലെ ഭൂരിഭാഗം കടകമ്പോളങ്ങളും ഇന്നലെ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. ടൗണുകളില്‍ തട്ടുകടകള്‍ പ്രവര്‍ത്തിച്ചത് യാത്രക്കാര്‍ക്കും ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവര്‍ക്കും അനുഗ്രഹമായി. കല്‍പ്പറ്റയിലും ബത്തേരിയിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് പൊലീസുമായുള്ള സംഘര്‍ഷത്തിലാണ് കലാശിച്ചത്. ബത്തേരിയിലെ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കുമേറ്റു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സക്കരിയ മണ്ണില്‍ (49), ഷെമീര്‍ പഴേരി(35), ഗോപാലകൃഷ്ണന്(48) എന്നി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കാണ് പൊലീസിന്റെ ലാത്തി വീശലില്‍ പരുക്കേറ്റത്. മറ്റ് പ്രധാന ടൗണുകളിലെല്ലാം ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. കല്‍പ്പറ്റയില്‍ നിന്നും ബത്തേരിയില്‍ നിന്നും കെ.എസ്.ആര്.ടി.സിയും കുറച്ച് സര്‍വീസുകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: