‘
കൊച്ചി: എറണാകുളത്തിന്റെ യാത്രാക്ലേശത്തിന് പരിഹാരമായാണ് വൈറ്റിലയില്‍ മൊബിലിറ്റി ഹബിന്റെ പണികള്‍ ആരംഭിച്ചത്. കെഎസ്ആര്‍ടിസി, സ്വകാര്യബസ്സുകളെ ഒരു കുടക്കീഴില് എത്തിച്ചും, ബോട്ടും റെയില്‍വേയും മെട്രോയും ബന്ധിപ്പിച്ചുമുള്ള പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടു. എന്നാല്‍, പദ്ധതി ഒന്നാം ഘട്ടത്തോടെ നിലച്ച മട്ടാണ്.
400 കോടിയുടേതായിരുന്നു പദ്ധതി. ഇതിനായി കൃഷി വകുപ്പിന്റെ തെങ്ങ്ഗവേഷണ കേന്ദ്രത്തിന്റെ സ്ഥലത്ത് നിന്ന് എഴുപത്തഞ്ച് ഏക്കറും ഏറ്റെടുത്തു. 2011ല്‍ 15.8 കോടിയുടെ ഒന്നാംഘട്ട പദ്ധതി പൂര്‍ത്തിയാക്കിയതോടെ ഹബ്ബിനെ സര്‍ക്കാര്‍ മറന്നു. ഇന്ധനലാഭവും ഗതാഗതക്കുരുക്കിന് പരിഹാരവുമൊക്കെ മുന്നില്‍ കണ്ട് ആരംഭിച്ച പദ്ധതി പൊതുജനത്തിന് ദുരിതം വിതച്ചു തുടങ്ങി.
ബസ്സ് ടെര്‍മിനലുകള്‍, യാത്രക്കാര്‍ക്കും ബസ്സ് ഓപ്പറേറ്റര്‍മാര്‍ക്കുമുള്ള സൗകര്യങ്ങള്‍, പാര്‍ക്കിംഗ് ഏരിയ, മെട്രോ സ്റ്റോപ്പ്, റയില്‍വേ സംവിധാനം, താമസം, ഭക്ഷണം തുടങ്ങിവയെല്ലാം ഒരുസ്ഥലത്ത് ലഭ്യമാക്കുകയായിരുന്നു ഹബ്ബിന്റെ ലക്ഷ്യം. പക്ഷെ, ഹബ്ബ് ബസ് ടെര്‍മിനല്‍ മാത്രമായി ഒതുങ്ങി.
ബസ്സ് ഡ്രൈവര്‍മാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് ബസിനുള്ളില്‍ വിശ്രമിക്കണം. കോംപ്ലക്സ് ഉണ്ടെങ്കിലും വൃത്തിയില്ലാത്തതിനാല്‍ ഉപയോഗിക്കാറില്ല. ബസ്സ് ജീവനക്കാരുടെ പ്രാഥമിക കൃത്യ നിര്‍വ്വഹണവും കുളിയുമെല്ലാം പാര്‍ക്കിംഗ് സ്ഥലത്ത് തന്നെ. ടോയ്ലറ്റുകള് കൃത്യമായി വൃത്തിയാക്കാത്തതിനാല്‍ ഒരിക്കല്‍ കയറുന്നവര്‍ പിന്നെ കയറില്ലെന്ന് ബസ്സ് ജീവനക്കാര്‍ പറയുന്നു. കുടിവെള്ളത്തിന് പ്രത്യേക ടാങ്കും പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും അതില്‍നിന്നും കുടിക്കാറില്ല. 2011ന് ശേഷം വാട്ടര്‍ടാങ്ക് വൃത്തിയാക്കിയിട്ടില്ല. പക്ഷികളും എലിയുമൊക്കെ ചത്തുവീണ് ദുര്‍ഗന്ധം വന്നിട്ടു പോലും അധികൃതര്‍ നടപടിയെടുത്തിട്ടില്ല.
രണ്ടാംഘട്ടം പൂര്‍ത്തിയാകാത്തതിനാല്‍ ഏക്കറ് കണക്കിനാണ് കാട് പിടിച്ച് കിടക്കുന്നത്. ഇവിടം മാലിന്യനിക്ഷേപ കേന്ദ്രമായതോടെ എലിമുതല്‍ തെരുവ് നായ്ക്കള്‍ വരെ സൈ്വരവിഹാരം നടത്തുന്നു. നിര്‍മ്മാണത്തിലെ കുഴപ്പംകൊണ്ട് മഴപെയ്താല്‍ ഹബ്ബിനുള്ളില്‍ വെള്ളക്കെട്ടാണ്. അല്ലാത്തപ്പോള്‍ പൊടി നിറയും. രണ്ടായാലും പൊതുജനത്തിന് ദുരിതമാണ്. ഹബ്ബിന്റെ ശുചീകരണവും സംരംക്ഷണവും സ്വകാര്യ ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അധികൃതര്‍ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഹബ്ബിനുള്ളിലും പരിസരത്തും മാലിന്യക്കൂമ്പാരമാണ്.
ബസ്സ് പോയിന്റുകള്‍ പേരിന് മാത്രം
75 ബസ്സ് പോയന്റുകള്‍ പണിയുമെന്ന് പറഞ്ഞെങ്കിലും 12 എണ്ണം മാത്രമാണുള്ളത്. ഹബ്ബിനുള്ളില്‍ അഞ്ച് കിലോമീറ്റര്‍ വേഗമാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ബസ്സുകളുടെ അമിത വേഗത്തില്‍ നിന്നും യാത്രക്കാര്‍ രക്ഷപെടുന്നത് തല നാരിഴയ്ക്കാണ്. ഹബ്ബിനുള്ളിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങാനും പ്രത്യേകം റോഡുകള്‍ പദ്ധതിയില്‍ ഉണ്ടായിരുന്നെങ്കിലും കടലാസ്സില്‍ ഒതുങ്ങി. അതുകൊണ്ട് ഇവിടെനിന്നുള്ള ബസ്സുകള്‍ ദേശീയപാതയിലേക്ക് കടക്കുമ്പോള്‍ കടുത്ത ഗതാഗതാക്കുരുക്ക് ഉണ്ടാകുന്നു. ജലപാത പദ്ധതിയുടെ ഭാഗമായി ഹബ്ബില്‍ നിന്ന് കാക്കനാടേക്ക് രണ്ട് ബോട്ടുകള്‍ നല്കുമെനാനായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഒരുബോട്ടായി. ഹബ്ബിന് സമീപം ട്രെയിന്‍ എത്തിക്കാനുള്ള റയില്‍വേയുടെ പണികളും ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: