എട്ട് വര്‍ഷം മുമ്പ് പാട്ടത്തിനെടുത്ത ഒരു കുളത്തില്‍ ആരംഭിച്ച മത്സ്യക്കൃഷി. ഇന്നത് 56 കുളങ്ങളിലായി 49 ഏക്കറോളം വ്യാപിച്ച് കിടക്കുന്നു. തുടക്കത്തില്‍ കൈമുതലായി ഉണ്ടായിരുന്നത് അധ്വാനിക്കാനുള്ള മനസ്സും, ആത്മസുഹൃത്തിന്റെ പിന്തുണയും. ചെറുപ്പം മുതല്‍ മത്സ്യങ്ങളെ സ്നേഹിച്ചിരുന്ന ശ്രീനിഷ് പിന്നീട് തന്റെ ഉപജീവനമാര്‍ഗമായും അവയെ തന്നെ തിരഞ്ഞെടുത്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അധ്വാനത്തിന് ഫലമായി മത്സ്യങ്ങള്‍ മികച്ച വരുമാനം നല്കി. ഒപ്പം ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ശുദ്ധജല മത്സ്യകര്‍ഷകനുള്ള അവാര്‍ഡും തൃശൂര്‍ ജില്ലയിലെ കടങ്ങോട് വലിയപറമ്പില്‍ വി.എസ്. ശ്രീനിഷിനെ തേടിയെത്തി. ഒരു കുളം പോലും സ്വന്തമായില്ലാതെയാണ് ശ്രീനിഷ് മികച്ച നേട്ടം കൈവരിച്ചത് എന്നത് മറ്റൊരു പ്രത്യേകത.
കഴിഞ്ഞ വര്‍ഷം 20 കുളങ്ങളില്‍ മാത്രം നടത്തിയ വിളവെടുപ്പില്‍ ശ്രീനിഷിന് 25 ടണ്‍ മത്സ്യമാണ് ലഭിച്ചത്. കട്ല, രോഹു, മൃഗാല്‍ തുടങ്ങിയ പരമ്പരാഗത ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 100 മുതല്‍ 140 രൂപ വരെയാണ് വില. ശരാശരി 100 രൂപ വീതം കണക്കാക്കിയാല്‍ പോലും നടന്നത് 15 ലക്ഷത്തിന്റെ വില്‍പ്പന. ആത്മസുഹൃത്തിന്റെ നിര്‍ദ്ദേശാനുസരണം ആദ്യ പരിചയക്കാരന്റെ കുളത്തിലാണ് കൃഷി തുടങ്ങിയത്. പിന്നീടാണ് പഞ്ചായത്ത് കുളം പാട്ടത്തിനെടുത്തത്. ഇന്ന് തദ്ദേശവകുപ്പിന്റെ കുളങ്ങള്‍ മാത്രം 48 എണ്ണമുണ്ട്.
ആദ്യ പരീക്ഷണത്തില്‍ രണ്ട് ടണ്‍ മത്സ്യമാണ് ലഭിച്ചത്. ചെലവ് 10,000 രൂപയും. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് രൂപയാണ് തുടക്കത്തില്‍ കൈയില്‍ കിട്ടിയത്. ആദ്യമായി ഒരു കുളം കൃഷിക്കായി ഒരുക്കുമ്പോള്‍ ഒരേക്കറിന് ഒന്നര ലക്ഷം രൂപ ചെലവ് വരും. പിന്നീടുള്ള വര്‍ഷങ്ങളില്‍ തീറ്റയ്ക്കും, കുളം വറ്റിക്കലിനുമൊക്കെയായി 20,000 രൂപയില്‍ താഴെ മാത്രമായിരുന്നു ആകെയുള്ള ചെലവ്. സ്വന്തമായി തന്നെ കൃഷി ചെയ്യുന്നതിനാല്‍ മറ്റ് കൂലി ചെലവുകളും ഒഴിവാക്കാന്‍ കഴിയുമെന്ന് ശ്രീനിഷ് പറയുന്നു.
ആദ്യ കൃഷിക്ക് ശേഷമാണ് ഉപജീവനം മത്സ്യക്കൃഷി തന്നെയെന്ന് ശ്രീനിഷ് ഉറപ്പിച്ചത്. വിജയലക്ഷ്യം വ്യക്തമായതോടെ ബെംഗളുരുവില്‍ ആത്മ നല്കിയ പരിശീലനത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു പിന്നീടുള്ള മുന്നേറ്റം. നിരവധി കുളങ്ങളിലായി കൃഷിയുള്ളതിനാല്‍ വര്‍ഷത്തില്‍ എല്ലായ്പ്പോഴും വിളവെടുപ്പും നടത്താന്‍ കഴിയുന്നുണ്ട്. എട്ടര മാസമാണ് ശരാശരി വിളവെടുപ്പ് കാലം. തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് വില്‍പ്പന. മലിനമാകാത്ത വെള്ളവും, മികച്ച സംരക്ഷണവും ഒരുക്കാന്‍ കഴിഞ്ഞാല്‍ മത്സ്യക്കൃഷി പുതിയ തലമുറയ്ക്കും ഏറെ ആശ്രയിക്കാന്‍ കഴിയുന്ന ഉപജീവനമാണെന്നാണ് ശ്രീനിഷ് പറയുന്നത്. ബ്ലോക് തല അക്വാകള്‍ച്ചര്‍ കോഡിനേറ്ററായ അര്‍ച്ചനയാണ് ഭാര്യ. ശ്രീആദിത്യ, ശ്രീആദിസൂര്യ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: