തിരുവനന്തപുരം: ജില്ലാ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ മൊബൈല്‍ അദാലത്തിനും ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്‍ക്കും തുടക്കമായി. ലഹരിയുടെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന കുട്ടികള്‍ ഇതിനെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ജഡ്ജ് കെ. ഹരിപാല്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ജിഎച്ച്എസ്എസ് ആഡിറ്റോറിയത്തില്‍ മൊബൈല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീട്ടുപടിക്കല്‍ നിയമസഹായവും പരാതിപരിഹാരവും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അദാലത്ത് നവംബര്‍ ഏഴ് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സുപഥം-2017 ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ കെ. സത്യന്‍ നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് നിയമബോധവത്കരണ ക്ലാസുകളും ആദിവാസി മേഖലകളില്‍ ക്യാന്‍സര്‍ രോഗ നിര്‍ണയ മെഡിക്കല്‍ക്യാമ്പും സംഘടിപ്പിക്കും. പാരാലീഗല്‍ വോളന്റിയേഴ്സ് വിവിധ ഇടങ്ങളില്‍ തെരുവുനാടകങ്ങളും അവതരിപ്പിക്കും.
















