റോഡില്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ഷബീറിന് നീതി കിട്ടിയില്ലെന്ന് അമ്മ നസീമ. തന്റെ മകനെ അടിച്ചുകൊന്ന സംഭവത്തില്‍ നീതി കിട്ടിയില്ല. അടിച്ചുകൊന്ന ദൃശ്യം വാട്‌സ്അപ്പിലും മറ്റ് സോഷ്യല്‍ മീഡിയകളിലുമെല്ലാം തരംഗമായപ്പോഴും പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ വളരെ ചെറുതായിപ്പോയെന്ന് നിറകണ്ണുകളോടെ അവര്‍ പറയുന്നു.
നീതിക്കായി മേല്‍ക്കോടതിയില്‍ അപ്പീല്‍പോകും. മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യാതെയാണ് വിധി പുറപ്പെടുവിച്ചത്. നാലുപ്രതികള്‍ക്ക് എട്ടുവര്‍ഷം തടവും 20,000 രൂപ പിഴയും മാത്രമാണ് ശിക്ഷ. മകനെ കൊന്നവരുടെ പണമൊന്നും തനിക്കുവേണ്ട. കോടതിയില്‍ പ്രതിഭാഗം വക്കീലും പ്രതികളും മൊഴി നല്കിയത് ഒരുഅടി മാത്രമേ ഷബീറിനെ അടിച്ചുള്ളൂ എന്നാണ്. സോഷ്യല്‍ മീഡിയകളില്‍ തന്റെ മകനെ മര്‍ദ്ദിക്കുന്ന വീഡിയോദൃശ്യം വ്യക്തമാണ്. ആ ദൃശ്യത്തില്‍ ഷബീര്‍ മരിച്ചിട്ടും നിര്‍ത്താതെ അടിച്ചുകൊണ്ടിരുന്നെന്ന വ്യക്തമാണ്.
ആകെ ഏഴു പ്രതികളാണുള്ളത്. അതില്‍ നാലുപേരെ പിടികൂടി. അഞ്ചാംപ്രതി തൂങ്ങിമരിക്കുകയും ആറാംപ്രതി അപകടത്തില്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഏഴാംപ്രതി വിഷ്ണു കുറ്റകൃത്യത്തിനുശേഷം ബന്ധുവീട്ടില്‍ കുറച്ചുദിവസം താമസിച്ചു. തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്നുകളഞ്ഞു. വിധി നടപ്പാക്കുന്നതിനിടെ പ്രതിഭാഗം വക്കീലന്മാര്‍ കേസിനെ വഴിതിരിച്ച് വിട്ട് പ്രതികള്‍ക്ക് ശിക്ഷ ഇളവ് ചെയ്യുകയാണ് ചെയ്തത്. നീതി ലഭിക്കാന്‍ അപ്പീലുമായി സുപ്രീംകോടതി വരെ പോകുമെന്നും നസീമ പറഞ്ഞു.
ബികോം പഠിക്കുന്നതോടൊപ്പം ഷബീര്‍ ഫാഷന്‍ ഡിസൈനിംഗും കോണ്‍ക്രീറ്റ് പണിയും കൂലിപ്പണിയും ചെയ്ത് കിട്ടിയതുകൊണ്ടാണ് കുടുംബവും കഴിഞ്ഞത്. ഷബീര്‍ മദ്രസയിലാണ് പഠിച്ചിരുന്നതെങ്കിലും വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രഭാരവാഹി കൂടിയായിരുന്നു. ക്ഷേത്രത്തിന്റെ ഉത്സവം തുടങ്ങാന്‍ കുറച്ചുദിവസം ശേഷിക്കെയാണ് ഷബീറിന്റെ കൊലപാതകം നടക്കുന്നത്. ഷബീര്‍ മരണപ്പെട്ടതിനാല്‍ ആ വര്‍ഷത്തെ ക്ഷേത്രഉത്സവം നിര്‍ത്തിവച്ചു.
നിലവില്‍ ഷബീറിന്റെ അമ്മയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചതുപ്രകാരം ഇപ്പോള്‍ വര്‍ക്കല ഫയര്‍സ്റ്റേഷനിലെ തൂപ്പുകാരിയാണ്. അതില്‍ നിന്നുകിട്ടുന്ന തുച്ഛമായ ശമ്പളംകൊണ്ടാണ് ഇവര്‍ കഴിയുന്നത്. 2016 ജനുവരി 31 നാണ് വക്കം തോപ്പിക്കവിളാകം ജംഗ്ഷനില്‍ കേരളത്തെയാകെ നടുക്കിയ ഷബീറിന്റെ കൊലപാതകം നടന്നത്.
















