തിരുവനന്തപുരം: ജീവനക്കാരുടെ നിഷേധാത്മകമായ നിലപാടിനെതിരെ തിരുവനന്തപുരം നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ രൂക്ഷവിമര്‍ശനം. ജീവനക്കാര്‍ക്കെതിരെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ആരോപണവുമായി രംഗത്തുവന്നതോടെ പ്രതിപക്ഷകൗണ്‍സിലര്‍മാരും വിഷയം ഏറ്റുപിടിച്ചു.
റവന്യൂവിഭാഗത്തില്‍ അഴിമതി കൈമുതലാക്കിയ ജീവനക്കാരാണുള്ളത്. വീട്ടുനമ്പര്‍ സമയത്ത് നല്കുന്നില്ല. വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് വരുന്നവരോട് കൈക്കൂലി വാങ്ങിക്കുന്നു. സുഖില എന്ന റവന്യൂ വിഭാഗത്തിലെ ജീവനക്കാരി ജനങ്ങളെ പൊറുതി മുട്ടിക്കുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന്‍ സെക്രട്ടറി ആവശ്യപ്പെട്ടാല്‍ പോലും ധിക്കാരപരമായി പ്രവര്‍ത്തിക്കുന്നതായും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. സൈനിക സേവനത്തിനിടെ മരിച്ച ജവാന്റെ വിധവയോട് ഈ ജീവനക്കാരി അപമര്യാദയായി പെരുമാറിയെന്ന് കരമന അജിത് ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്ക് വീട്ടുകരം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. എന്നാല്‍ ഇത് അനുവദിച്ച് നല്‍കാതെ നഗരസഭയില്‍ നിന്ന് അപമാനിച്ച് ഇറക്കി വിടുകയായിരുന്നുവെന്നും അജിത് കുറ്റപ്പെടുത്തി.
ജീവനക്കാരിയോട് നേരിട്ടുപറഞ്ഞാല്‍ പീഡനകേസില്‍ പ്രതിയാകുമെന്ന് ഭയന്നാണ് പറയാത്തതെന്നും അതിനാല്‍ ജീവനക്കാരിയെ കൗണ്‍സിലില്‍ വിളിപ്പിക്കണമെന്ന് ജോണ്‍സന്‍ ജോസഫ് ആവശ്യപ്പെട്ടു. പരാതികള്‍ യോഗത്തില്‍ ഭരണപ്രതിപക്ഷഭേദമില്ലാതെ തുറന്നുപറയണമെന്നും കുഴപ്പക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.
















