തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന വിനോദസഞ്ചാര വകുപ്പുകള്‍ സംയുക്തമായി കോവളം ലൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച പര്യടന്‍ പര്‍വ് സാംസ്‌കാരികസായാഹ്നം കോവളത്തിന് ഉത്സവച്ഛായ പകര്‍ന്നു. എല്ലാവര്‍ക്കും ടൂറിസം എന്ന മുദ്രാവാക്യത്തോടെ എല്ലാ സംസ്ഥാനങ്ങളിലും 25 വരെ സാംസ്‌കാരികമേളകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാംസ്‌കാരികസന്ധ്യ അരങ്ങേറിയത്. നാളെ കൊച്ചിയിലും 25 ന് കാസര്‍കോട് ബേക്കല്‍ കടപ്പുറത്തും സാംസ്‌കാരിക സന്ധ്യ അരങ്ങേറും. ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി വി.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കലാമണ്ഡലം വിദ്യാര്‍ഥിയായ വിജയും സംഘവുമൊരുക്കിയ മിഴാവുമേളത്തോടെയാണ് പരിപാടി ആരംഭിച്ചത്. മിഴാവും ചെണ്ടയും ചേങ്ങിലയും ഒത്തുചേര്‍ന്ന മേളപ്പെരുക്കം കോവളം ബീച്ചിലെത്തിയ സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികള്‍ക്ക് നവ്യ സംഗീതാനുഭവം പകര്‍ന്നു. കണ്ണൂര്‍ സ്വദേശിയായ ശിവദാസന്‍ കെട്ടിയാടിയ തീച്ചാമുണ്ഡിത്തെയ്യവും കാണികള്‍ക്ക് പ്രിയങ്കരമായി.
















