നെടുമങ്ങാട്: നെടുമങ്ങാട് പതിനൊന്നാംകല്ലിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനു കീഴിലുള്ള പമ്പില്‍ നിന്ന് പെട്രോളിന് പകരം നിറച്ചു നല്കിയത് പച്ചവെള്ളം. ഇന്നലെ രാവിലെ ഇവിടെ നിന്നു പെട്രോള്‍ അടിച്ച വാഹനങ്ങള്‍ വഴിയിലായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പെട്രോളിനൊപ്പം പച്ചവെള്ളവും ഇന്ധനടാങ്കിലുള്ളതെന്ന് മനസ്സിലായത്. ഇവിടെനിന്നു പെട്രോള്‍ നിറച്ച നിരവധി വാഹനങ്ങളാണ് വഴിയിലായത്. പ്രതിഷേധവുമായി വാഹനഉടമകള്‍ എത്തിയതോടെ സംഭവം ചര്‍ച്ചയാകാതെ ഒതുക്കിതീര്‍ക്കാനായിരുന്നു പമ്പ് ഉടമകളുടെ ശ്രമം. പരാതിയുമായെത്തിയ ബൈക്ക് യാത്രക്കാര്‍ക്ക് വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള പണം നല്കി ഇവര്‍ മടക്കിഅയച്ചു. എന്നാല്‍ ഓട്ടോഡ്രൈവര്‍മാര്‍ സംഘടിച്ചെത്തിയതോടെ പ്രശ്‌നം വഷളായി. ഇവര്‍ കുപ്പികളില്‍ പെട്രോള്‍വാങ്ങി പരിശോധിച്ചപ്പോള്‍ ലഭിച്ചത് പച്ചവെള്ളം തന്നെയായിരുന്നു. സംഭവമറിഞ്ഞ് പമ്പിലെത്തിയവരും ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി പെട്രോള്‍വിതരണം നിറുത്തിവയ്‌ക്കാനും പമ്പ് അടച്ചിടാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് കയര്‍ കെട്ടി പമ്പിലേക്കുള്ള സഞ്ചാരം തടസ്സപ്പെടുത്തുകയും വില്പന നിറുത്തി വച്ച് പമ്പ് അടച്ചിടുകയും ചെയ്തു.
ഇന്ധനം സംഭരിക്കുന്ന ടാങ്കില്‍ അടുത്തിടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയുണ്ടായ മഴയില്‍ വെള്ളം കലര്‍ന്നതാണോ അതോ റിഫൈനറിയില്‍നിന്നെത്തിച്ച ഇന്ധനത്തില്‍ വെള്ളം കലര്‍ന്നിരുന്നോ എന്നതും പരിശോധനയ്‌ക്ക്‌ശേഷമേ പറയാന്‍ കഴിയൂവെന്ന് ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇന്ന് ഐഒസിയിലെയും ലീഗല്‍ മെട്രോളജിയിലെയും ഉേദ്യാഗസ്ഥര്‍ എത്തി പരിശോധന നടത്തും.
















