പേട്ട: ആര്‍എസ്എസ് ശ്രീകാര്യം നഗര്‍ കാര്യവാഹ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐക്കാരായ മൂന്നു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ഇടവക്കോട് കരിമ്പുകോണംവാസികളായ അഞ്ചാംപ്രതി എബി, ആറാംപ്രതി സിബി, 11-ാം പ്രതി പ്രമോദ് എന്നിവര്‍ക്കാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത്. പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയെന്ന കുറ്റത്തില്‍ സംഭവം നടന്ന് മൂന്നുദിവസങ്ങള്‍ക്കുളളില്‍ വിഷ്ണുമോഹന് ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസില്‍ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ 5 നാണ് കേസില്‍ കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. നാടിനെ നടുക്കിയ പ്രമാദമായ കൊലക്കേസില്‍ കുറ്റപത്രം നല്കി ദിവസങ്ങള്‍ പിന്നിടും മുമ്പേ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഒത്തുകളിമൂലമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കേസ് അട്ടിമറിക്കുന്നതിനായി പാര്‍ട്ടി നടത്തുന്ന ഗൂഢശ്രമത്തിന്റെ ഭാഗമായി പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ പഴുതുകളാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി സാധ്യതയൊരുക്കിയത് എന്നാണ് ആക്ഷേപം.
ജൂലൈ 29 നാണ് പ്രദേശവാസികളുടെ കണ്‍മുന്നിലിട്ട് രാജേഷിനെ അതിദാരുണം വെട്ടിക്കൊലപ്പെടുത്തിയത്. വലത് കൈ വെട്ടിമാറ്റി അടുത്ത പുരയിടത്തില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ 89 ആഴമേറിയ മുറിവുകളാണ് രാജേഷിന്റെ ശരീരത്തില്‍ കണ്ടെത്തിയത്. കരിമ്പുകോണത്തെ കടയില്‍ പാല്‍ വാങ്ങാന്‍ വന്ന രാജേഷിനെ കഴുത്തിന് പുറകില്‍ വെട്ടി വീഴ്‌ത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ആദ്യവെട്ടു തന്നെ മരണകാരണമാകാമെന്നിരിക്കേ 89 വെട്ടുകള്‍ പ്രതികാരമായിരുന്നുവെന്ന വസ്തുതയാണ് ചൂണ്ടിക്കാട്ടുന്നത്. രാജേഷ് മൃതശരീരനായിരുന്നിട്ടും അക്രമികള്‍ വെട്ടുകയായിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ നാടകീയമായി ആറോളം പ്രതികളെ പോലീസ് പിടികൂടി. മറ്റുളളവര്‍ പാര്‍ട്ടിയുടെ ഒത്താശയോടെ പോലീസിന് മുന്നില്‍ ഹാജരാവുകയായിരുന്നുവെന്നാണ് വിവരം. പ്രധാനപ്രതി മണിക്കുട്ടനുള്‍പ്പെടെ പതിമൂന്നോളം പേരാണ് കേസില്‍ പ്രതികളായിട്ടുളളത
















