കാക്കനാട്: കളക്ട്രേറ്റില്‍ പരാതികളുടെ നിജസ്ഥിതി അറിയാന്‍ സ്ഥാപിച്ച ‘ഫയല്‍ ട്രാക്കിങ് സിസ്റ്റം’ എട്ടുവര്‍ഷത്തിലേറെയായി നിശ്ചലം. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികളുടെ വിവരം വിരല്‍ തുമ്പില്‍ അറിയാന്‍ കലക്ടറേറ്റില്‍ ഡി.സി.സ്യൂട്ട് സ്ഥാപിച്ചത്.
ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സംവിധാനം ഏതാനും മാസങ്ങള്‍ക്കം നിശ്ചലമായി. നാഷണല്‍ ഇന്ഫര്മാററിക് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഈ കമ്പ്യൂട്ടല്വത്കൃത പദ്ധതിയില്‍ പരാതിക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ ഏത്് സമയത്തും വിവരം ലഭിക്കുന്ന സംവിധാനമായിരുന്നു. എന്നാല്‍ പതിനായിരക്കണക്കിന് ഫയലുകള്‍ കെട്ടിക്കിടക്കുന്ന കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ നൂതന സംവിധാനം തലവേദനയായിരുന്നു.
ഫലയലുകള്‍ യഥാസമയം പരിശോധിച്ച് നടപടി സ്വീകരിച്ച് വിവരം ഈ സംവിധാനം വഴി പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് ഉദ്യോഗസ്ഥര്‍ക്ക് കീറാമുട്ടിയായിരുന്നു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കഴിയാതെ വന്നതോടെ ‘ഫയല്‍ ട്രാക്കിങ് സിസ്റ്റം നിശ്ചലമായി.
കലക്ടറേറ്റില്‍ പരാതി നല്കിയാല് അത് സ്കാന്‍ ചെയ്ത് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറും. പിന്നീട് ഏതുസമയത്തും പരാതിക്കാരന് ലഭിച്ച കീ ഉപയോഗിച്ച് പരാതിയുടെ നിജസ്ഥിതി കലക്ടറേറ്റില്‍ സ്ഥാപിച്ച ‘സ്യൂട്ടില്‍’ നിന്ന് അറിയാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ ഈ സംവിധാനത്തിലൂടെ ഇതുവരെ ഒരാള്‍ക്കുപോലും വിവരങ്ങളറിയാന്‍ കഴിഞ്ഞിട്ടില്ല. പൊതുജനം ഇപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതി നല്കി ഓഛാനിച്ച് നില്‍ക്കാനും പരിഹരിക്കപ്പെടാതെ മടങ്ങാനും വിധിക്കപ്പെട്ടവരായി തുടരുകയാണ്.
പരാതികള്‍ സ്വീകരിച്ച് നമ്പര്‍ നല്കുന്ന പഴയ രീതി തന്നെയാണ് ഇപ്പോഴും. അതേസമയം അതിന്റെ തുടര്‍നടപടികള്‍ എന്തായി എന്നറിയാന്‍ ഒരിക്കലും ആര്‍ക്കും കഴിയാറില്ല.
ഫയല്‍ ട്രാക്കിങ് സംവിധാനത്തില്‍ പേപ്പറും പേനയും ഒഴിവാക്കി പൂര്‍ണമായും കമ്പ്യൂട്ടര്‍ മുഖേന എളുപ്പത്തിലും വേഗത്തിലും സുതാര്യമായും പരാതി പരിഹരിക്കപ്പെടുമെന്നായിരുന്നു വാഗ്ദാനം. സാങ്കേതികത്തകരാറും ജീവനക്കാരുടെ താത്പര്യക്കുറവും കാരണം പദ്ധതി യാഥാര്‍ത്ഥ്യമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: