കാക്കനാട്: അടിക്കടി ഉയരുന്ന അഴിമതി ആരോപണങ്ങള്‍ പൊറുതിമുട്ടി തൃക്കാക്കര നഗരസഭ. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗവും വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചു. വിജിലന്‍സ് റെയ്ഡ് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന ഗുരുതര ആഴിമതി ആരോപണങ്ങളുയര്‍ന്നു.
സ്വകാര്യ വ്യക്തിയുടെ വാഹനം കള്ള ടാക്സിയാക്കി സര്‍വീസ് നടത്തിയ സംഭവമാണ് യോഗത്തില്‍ ഉന്നയിച്ചത്. കള്ളടാക്സിക്ക് അനുമതി നല്കിയ സെക്രട്ടറിക്കെതിരെയായിരുന്നു വിമര്‍ശനം. സ്വകാര്യ വ്യക്തിയുടെ കാര്‍ വാടകക്കെടുത്തതില്‍ ക്രമക്കേട് പകല്‍ പോലെ വ്യക്തമായിട്ടും നടപടിയെടുക്കാത്തത് ആരെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷം ചോദിച്ചു.
കളളടാക്സി വിഷയത്തില്‍ വിശദമായി ഫയല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ആരോപണ വിധേയനായ സെക്രട്ടറിയുടെ വിശദീകരണം യോഗം അംഗീകരിച്ചില്ല. ഇത് പതിവ് പല്ലവിയാണെന്നും ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ തന്നെ ഫയല്‍ പരിശോധിക്കുമെന്ന് പറയുന്നത് കള്ളന്റെ കൈയില്‍ താക്കോല്‍ കൊടുക്കുന്നത് പോലെയാണെന്ന് അംഗങ്ങള്‍ തിരിച്ചടിച്ചു.
നഗരസഭ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഫീല്‍ഡ് പരിശോധനക്ക് പോകാന്‍ വാഹനം വാടക്കെടുക്കാന്‍ അനുമതി നല്‍കിയത് മുന്‍ കൗണ്‍സില്‍ യോഗത്തിലാണ്. നിയമ വിരുദ്ധമായി സ്വകാര്യ വാഹനം വാടക്കെടുക്കാനായിരുന്നില്ല കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. നിയമ വിധേയമായി ടാക്സി വാടക്കെടുക്കാനുള്ള കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം.
ബഹളം പ്രതിരോധിക്കാന്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരും തയ്യാറായില്ല. പ്രതിരോധത്തിലായ സെക്രട്ടറിയെ രക്ഷിക്കാന്‍ ഒടുവില്‍ ചെയര്‍പേഴ്സണ്‍ കെ.കെ.നീനു തന്നെ രംഗത്തെത്തേണ്ടി വന്നു. ഫയലുകള്‍ വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ചെയര്‍പേഴ്സണ്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ബഹളം കെട്ടടങ്ങിയത്.
നഗരസഭ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.എന്‍ജിനിയറിങ് വിഭാഗത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരിശോധിക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീന റഹ്മാന്, കൗണ്‍സിലര്‍മാരായ അജിത തങ്കപ്പന്, റഫീക് പൂതേലി, ലിജി സുരേഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: