നെയ്യാറ്റിന്‍കര: ആനാവൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അക്രമത്തില്‍ പിടികൂടിയ സിപിഎം പ്രവര്‍ത്തകനായ പ്രതിയെ വിട്ടയച്ചു. പ്രതിയെ പിടിച്ച സിഐയെ സ്ഥലം മാറ്റി. രണ്ടുദിവസം മുമ്പ് കുന്നത്തുകാല്‍ മുതല്‍ ആനാവൂര്‍ വരെയുള്ള പ്രദേശത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടിച്ചുതകര്‍ക്കുകയും ആനാവൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ബസും ഉപകരണങ്ങളും അടിച്ചുതകര്‍ക്കുകയും ചെയ്ത കേസില്‍ പിടിയിലായ പ്രതിയെയാണ് രാഷ്‌ട്രീയസമ്മര്‍ദ്ദം മൂലം പോലീസ് വിട്ടയച്ചത്.
സിപിഎം പ്രവര്‍ത്തകനായ പരക്കുന്ന് സ്വദേശി വിജീഷിനെയാണ് നെയ്യാറ്റിന്‍കര സിഐയും സംഘവും പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റുചെയ്തത്. അറസ്റ്റുചെയ്ത സമയം മുതല്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലുകളുണ്ടായി. ഇതേത്തുടര്‍ന്ന് പോലീസ് പ്രതിയെ വെറുതേ വിട്ടയയ്‌ക്കുകയായിരുന്നു. രാഷ്‌ട്രീയസംഘര്‍ഷം സൃഷ്ടിക്കുന്നതിനും പോലീസിന്റെ ശ്രദ്ധ തിരിക്കുന്നതിനുമായി പ്രതി സമീപത്തെ ഡിവൈഎഫ്‌ഐ കൊടികളും ഫ്‌ളക്‌സ് ബോര്‍ഡുകളും തകര്‍ത്തുകൊണ്ടാണ് അക്രമം അഴിച്ചുവിട്ടത്. അടുത്തിടെ എംഎല്‍എ നല്കിയ സ്‌കൂള്‍ബസ് പൂര്‍ണമായും അടിച്ചുതകര്‍ത്തിരുന്നു.
മാരായമുട്ടം പോലീസ് പ്രതിയെ ആരംഭഘട്ടം മുതല്‍ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നെയ്യാറ്റിന്‍കര സിഐയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു പിടികൂടിയത്. ഇത് സിഐയുടെ സ്ഥലം മാറ്റത്തിനു കാരണമായി. സിഐയെ വിജിലന്‍സിലേക്കാണ് മാറ്റിയത്. അക്രമിയെ പിടികൂടാന്‍ ശ്രമിച്ച ഉേദ്യാഗസ്ഥനെതിരെയുള്ള വകുപ്പുതല നടപടിയില്‍ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.
















