കൊച്ചി: വിദ്യാലയങ്ങളില്‍ നിന്ന് ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ മക്കളായ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ റോഷ്നി പദ്ധതിയുമായി ജില്ലാ ഭരണകൂടം. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, സര്‍വശിക്ഷാ അഭിയാന്, സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് പൈലറ്റ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ മക്കള്‍ ഏറ്റവും കൂടുതല്‍ പഠിക്കുന്ന നാല് വിദ്യാലയങ്ങളാണ് പൈലറ്റ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. തൃക്കണാര്‍വട്ടം യൂണിയന് എല്‍പി സ്കൂള്‍, പുന്നുരുന്നി ഗവ. എല്‍പി സ്കൂള്‍, കണ്ടന്തറ ഗവ. യുപി സ്കൂള്‍, ബിനാനിപുരം ഗവ. ഹൈസ്ക്കൂള് എന്നിവയാണ് ഈ വിദ്യാലയങ്ങള്‍.
മലയാളഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാവീണ്യം നല്‍കുന്നതിനുള്ള കോഡ് സ്വിച്ചിങ്, സ്കൂള്‍ സമയത്തിന് പുറമെ രാവിലെ ഒരു മണിക്കൂര്‍ കുട്ടികള്‍ക്ക് താല്പര്യമുള്ള ഭാഷയില്‍ പ്രത്യേക പരിശീലനം, ലഘുപ്രഭാത ഭക്ഷണം, ശില്‍പ്പശാലകള്‍, പഠനയാത്രകള്‍ തുടങ്ങിയവയാണ് റോഷ്നി പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ബംഗാളി, ഒറിയ, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്ന വോളന്റിയര്‍മാരെ കണ്ടെത്തി അവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ജില്ലയിലെ 18 സര്‍ക്കാര്‍ വിദ്യാലയങ്ങളിലായി രണ്ടായിരത്തോളം ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളാണ് പഠനം നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പാഠ്യേ – പഠ്യേതര വിഷയങ്ങളില്‍ അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പദ്ധതി വഴിയൊരുക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി അടുത്ത അധ്യയനവര്‍ഷം ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന മുഴുവന്‍ സ്കൂളുകളിലും വ്യാപിപ്പിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: