തിരുവല്ല: കേരളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും തിരുവല്ല നഗരസഭ മുന്‍ചെയര്‍മാനുമായ ചെറിയാന് പോളച്ചിറയ്ക്കല്‍ റവന്യൂ ടവറിന് സമീപത്തെ പുരയിടത്തില്‍ നിന്ന് മണ്ണ് മാറ്റിയത് നിലവിലെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി. ബന്ധപ്പെട്ട ഒരു വകുപ്പുകളില്‍ നിന്നും ഇദ്ദേഹം അനുവാദം എടുത്തിരുന്നില്ല.
മണ്ണെടുത്ത സ്ഥലത്തിന് സമീപമുള്ള പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി താഴെ വീണതോടെയാണ് സംഭവം വിവാദമായത്. നിലവിലെ ചട്ടപ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് അനുമതിക്ക് അപേക്ഷിച്ച് തുക അടച്ച ശേഷം മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ തീരുമാനത്തിന് വിടുന്നു.
ഇതിന് ശേഷമെ മണ്ണെടുക്കാന്‍ സാധിക്കു.എന്നാല്‍ നിലവിലെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് ലോഡ് കണക്കിന് മണ്ണ് ഇദ്ദേഹം കടത്തിയത്. ഈമണ്ണ് എന്തിന് ഉപയോഗിച്ചു എന്നും വ്യക്തമല്ല. എന്നാല്‍ നിയമ വിരുദ്ധമായി മണ്ണെടുത്ത സംഭവത്തില്‍ കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാല്‍ എടുത്ത മണ്ണിന്റെ മതിപ്പ് വിലയുടെ മൂന്നിരട്ടിയും സര്‍ക്കാര്‍ വസ്തുവിന് നാശനഷ്ടം ഉണ്ടാക്കിയതിന്റെ പിഴയും അടക്കമുള്ള ശിക്ഷ ഉണ്ടാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
സംഭവത്തെതുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ ആര്‍ഡിഒയ്ക്കും തിരുവല്ല പോലീസിലും വകുപ്പ് മേലധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് ഓഫിസിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ സംഭവത്തില്‍ അടിയന്തിരമായി പുതിയ സംരക്ഷണഭിത്തി നിര്‍മ്മിച്ചു നല്കാന് ആര്‍ഡിഒ വി.ജയമോഹന് സ്ഥലം ഉടമയ്ക്ക് ഉത്തരവ് നല്കി.
യാതൊരു മേല്‍നടപടികളും സ്വീകരിക്കാതെ് മണ്ണ് മാറ്റിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് റവന്യു അധികൃതര്‍ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: