ആറ്റിങ്ങല്‍: വിചാരണയ്‌ക്കായി കോടതിയില്‍ കൊണ്ടുപോയി വരവെ പോലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട നിരവധി മോഷണ കേസ്സുകളിലെ പ്രതിയായ ഫാന്റം പൈലി എന്നറിയപ്പെടുന്ന ഷാജിയെ (30) തിരുവനന്തപുരം റൂറല്‍ ഷാഡോ സംഘം അതിസാഹസികമായി പിടികൂടി. കോടതി പ്രതിയെ റിമാന്റ്‌ചെയ്തു
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിചാരണയ്‌ക്കായി വടക്കന്‍ പറവൂര്‍ കോടതിയില്‍ കൊണ്ട് പോകവെയാണ് ട്രെയിനില്‍ നിന്ന് ഷാജി പോലീസിനെ വെട്ടിച്ച് കടന്നത്. റെയില്‍വേ പോലീസും കൊല്ലം ഷാഡോ ടീമും ഏറെ പരിശ്രമിച്ചിട്ടും പിടികിട്ടാത്ത പ്രതിയെ ആറ്റിങ്ങല്‍ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ റൂറല്‍ ഷാഡോയിലെ ദിലീപ്, ഫിറോസ്, ബിജു, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്ന് നഗരൂരില്‍ നിന്ന് പിടികൂടുകയായിരുന്നു. കൊല്ലത്ത് നിന്ന് രക്ഷപ്പെട്ട പ്രതി ബൈക്ക് മോഷ്ടിച്ച് തമിഴ്‌നാട്ടില്‍ ഒളിവുജീവിതം നടത്തിവരവെ പോലീസ് തിരിച്ചറിഞ്ഞപ്പോള്‍ അവിടെ നിന്നു രക്ഷപ്പെട്ട് നഗരൂരില്‍ എത്തിച്ചേരുകയായിരുന്നു. പിന്തുടര്‍ന്ന് എത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് കടക്കാന്‍ ശ്രമിക്കവേ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇയാള്‍ക്ക് കേസുകളുണ്ട്.
















