പാറശ്ശാല: നിര്‍മ്മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസില്‍ കോടീശ്വരന്മാരുടെ പട്ടികയില്‍ നിര്‍മ്മലന്റ അമ്മയും ഭാര്യയും. നിര്‍മ്മല്‍ കൃഷ്ണ ബാങ്ക് കോടതിയില്‍ സമര്‍പ്പിച്ച 13,667 പേരുടെ നിക്ഷേപ പട്ടികയില്‍ കോടികളുടെ നിക്ഷേപമുള്ളത് നൂറില്‍ കൂടുതല്‍ പേര്‍ക്ക്. സ്ഥാപന ഉടമ കെ.നിര്‍മ്മലന്റെ ഭാര്യയും നിര്‍മ്മല്‍ കൃഷ്ണ നിധി ലിമിറ്റഡിലെ ഡയറക്ടറുമായ രേഖയുടെ അക്കൗണ്ട് നമ്പര്‍ 13422 ലെ നിക്ഷേപം 1,22,17,500 രൂപയാണ്. പലിശ മാത്രം വാങ്ങിയിരുന്നത് 2,36,26,416 രൂപയാണ്. മറ്റൊരു ബോര്‍ഡ് അംഗമായ നിര്‍മ്മലന്റെ അമ്മയായ രാജലക്ഷ്മിയുടെ അക്കൗണ്ട് 13366 ലെ 1,01,41,261 രൂപയുടെ നിക്ഷേപത്തിന് പലിശ വാങ്ങിയിട്ടുള്ളത് 2,36,60,364 രൂപയാണ്.കോടതിയില്‍ നല്കിയ കണക്ക് പ്രകാരം 510 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നല്കാനുള്ളത്. 13,667 നിക്ഷേപകരുണ്ടെന്ന് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടും വന്‍തുകയുടെ നിക്ഷേപമാണ് പുറത്താകുന്നത്.
ഇതിനിടെ തമിഴ്‌നാട് പോലിസിന് പരാതി നല്‍കുന്നതിന് കന്നുമാമൂട്, കളിയിക്കാവിള, പളുകല്‍, എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ സെന്ററുകള്‍ വന്‍തുക പരാതിക്കാരില്‍ നിന്ന് ഈടാക്കുന്നതായി പരാതികളുണ്ട്. നാഗര്‍കോവിലില്‍ 80 രൂപ മാത്രമാണ് ഈടാക്കുന്നത്. എന്നാല്‍ കന്നുമാമൂട്ടില്‍ ഒരു സ്ഥാപനത്തില്‍ 150 രൂപയും മറ്റൊരു സ്ഥാപനത്തില്‍ 270 രൂപയും കളിയിക്കാവിളയില്‍ 250 രൂപയുമാണ് പരാതിക്കാരില്‍ നിന്നും ഈടാക്കുന്നത്. രാവിലെ 6 മുതല്‍ പരാതി നല്‍കാനെത്തുന്നവരുടെ വന്‍ തിരക്കാണ് .
















