അമ്പലപ്പുഴ: അന്യംനില്‍ക്കുന്ന പാരമ്പര്യ കലാരൂപമായ നോക്കുവിദ്യ അവതരിപ്പിച്ച് രഞ്ജിനി എന്ന വിദ്യാര്‍ത്ഥിനി അത്ഭുതമാകുന്നു. ഒരു നൊടിയിടപോലും ദൃഷ്ടി പതറാതെയാണ് ഈ കൊച്ചു കലാകാരി ഈ അപൂര്‍വകലാവിരുന്ന് ഒരുക്കുന്നത്.
കോട്ടയം മോനിപ്പള്ളി മുഴിക്കല്‍ കെ.എ. ഷാജി-രാധാമണി ദമ്പതികളുടെ മകള്‍ രഞ്ജിനി (17) മുത്തശി പങ്കജാക്ഷി അമ്മയില്‍ നിന്നാണ് ഈ വ്യത്യസ്ത കലാരൂപം പരീശീലിച്ചത്. രണ്ടടി നീളമുള്ള കവുങ്ങിന്‍ കമ്പിന്റെ മുകളില്‍ പാവകള്‍ ഘടിപ്പിച്ച് ഇത് ചരടില്‍ കെട്ടി, കമ്പ് മേല്‍ചുണ്ടില്‍ വെച്ച് ചരടുവഴി നൃത്തം ചെയ്യിപ്പിക്കുന്ന അത്ഭുത കലയാണ് നോക്കുവിദ്യ.
ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡും ഫെല്ലോഷിപ്പും ലഭിച്ച പങ്കജാക്ഷിയമ്മയില്‍നിന്ന് 9 വയസു മുതലാണ് രഞ്ജിനി ഈ കലാരൂപം പരിശീലിച്ചു തുടങ്ങിയത്. രാമായണം, മഹാഭാരതം എന്നിവയിലെ ഓരോ കഥാപാത്രങ്ങളെയാണ് പാവകളുടെ രൂപത്തില്‍ അവതരിപ്പിക്കുന്നത്.
ഇമ്പമാര്‍ന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ ഓണനാളുകളില്‍ അവതരിപ്പിച്ചിരുന്ന ഈ കലയ്‌ക്ക് ഓണംതുള്ളല്‍ എന്നും പേരു വിളിച്ചിരുന്നു. വേലന്‍ സമുദായത്തിനു മാത്രം അവകാശപ്പെടാനുണ്ടായിരുന്ന ഈ കലാരൂപം അവതരിപ്പിക്കാന്‍ രഞ്ജിനിയല്ലാതെ മറ്റാരുമില്ല.
രഞ്ജിനിയുടെ മുത്തച്ഛന്‍ ശിവരാമന്‍ നിര്‍മ്മിച്ച പാവകളാണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ഉപയോഗിക്കുന്നത്. കൂര്യനാട് സെന്റ് ആന്‍സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ രഞ്ജിനി ഇതിനകം നോക്കുവിദ്യ ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
















