കോട്ടയം: നദീ സംയോജനവും നദികളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ശരിയായ നീരൊഴുക്കിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതിനിടയിലും ജില്ലയിലെ പ്രധാനപ്പെട്ട നദികളിലൊന്നായ കൊടൂരാര്‍ മാലിന്യത്താല്‍ നിറയുന്നു.
ശുദ്ധ ജല സമൃദ്ധികൊണ്ട് പ്രസിദ്ധമായിരുന്ന കൊടൂരാര്‍ ഇന്ന് മരണ മുഖം കാണുകയാണ്. ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിച്ചിരുന്ന ഒരു നദിയുടെ അന്ത്യശ്വാസം ഭാവിയിലെ വലിയൊരു ദുരന്തത്തിനാകും സാക്ഷ്യം വഹിക്കുക.
പുതുപ്പള്ളി വഴി നഗരത്തിലൂടെ ഒഴുകി വേമ്പനാട്ടുകായലില്‍ പതിക്കുന്ന കൊടൂരാര്‍ കോട്ടയത്തെയും ആലപ്പുഴയേയും ബന്ധിപ്പിക്കു പ്രധാന ജലഗതാഗത മാര്‍ഗവും ആയിരുന്നു. റോഡ് ഗതാഗതം സജീവമാകുന്നതു വരെ വിപണികളിലേക്ക് ചരക്കു സാധനങ്ങള്‍, കാര്‍ഷിക ഉല്പങ്ങള്‍ എന്നിവ കൊണ്ടുപോകാനും കൊണ്ടുവരാനും ജനങ്ങള്‍ ആശ്രയിച്ചിരുന്നത് കൊടൂരാറിനെ ആയിരുന്നു. കെട്ടുവള്ളങ്ങളിലായിരുന്നു ചരക്കു നീക്കം നടത്തിയിരുന്നത്.
മുപ്പതു മീറ്ററിലേറെ വീതിയുണ്ടായിരുന്ന കൊടൂരാര്‍ ഇന്ന് കയ്യേറ്റം മൂലം ശോഷിച്ചു. ഒപ്പം കോട്ടയം നഗരത്തിലെ മാലിന്യം മുഴുവന്‍ പേറാന്‍ വിധിക്കപ്പെട്ട കൊടൂരാര്‍ ഇന്ന്്് വിഷമയമാണ്.
നഗര മാലിന്യങ്ങള്‍ക്കു പുറമേ നദിയുടെ ഇരു കരകളിലും താമസിക്കുന്ന വീടുകളില്‍ നിന്നുള്ള മാലിന്യവും ഈ പുഴയിലേക്കാണ് തള്ളപ്പെടുന്നത്. ഇപ്പോള്‍ കൊടൂരാറിലെ ജലത്തിന് കറുത്ത നിറമാണ്. മാരകമായ വിഷവസ്തുക്കള്‍ അടങ്ങിയ ജലം മനുഷ്യ ശരീരത്തില്‍ നിരവധി രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ്. പലയിടത്തും പുഴയില്‍ മാലിന്യം അടിഞ്ഞു കൂടി തുരുത്തുകള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്.
പുഴയുടെ സ്വച്ഛമായ ഒഴുക്കിനെ തടയുന്ന ഈ തുരുത്തുകള്‍ നീക്കം ചെയ്യണമെന്ന് നിരന്തരമായ ആവശ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാറില്ല.
നദികളെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളില്‍ മുന്തിയ പരിഗണന ലഭിക്കേണ്ടത് കൊടൂരാറിനാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ പുഴയെ വീണ്ടെടുക്കുന്നതിനായി ജനകീയ കൂട്ടായ്‌മ അത്യന്താപേക്ഷിതമാണ്.
















