എസ്. ശ്രീജിത്ത്
കളമശ്ശേരി: നോര്‍ത്ത് കളമശ്ശേരി മെട്രോ സ്റ്റേഷന് തൊട്ടടുത്തുള്ള വീട്ടിലിരുന്ന് എട്ടാം ക്ലാസുകാരന് അഭിമന്യു യുദ്ധങ്ങളുടെ കഥകള്‍ പറഞ്ഞു തരും. വെറുതെയല്ല, കടലാസുകള്‍ കൊണ്ട് സ്വയം നിര്‍മ്മിച്ച പടക്കോപ്പുകള്‍ കാട്ടിയാണ് കഥപറച്ചില്‍.
മിറാഷ് വിമാനങ്ങള്‍, എഫ് വിമാനങ്ങള്‍, ഹെലികോപ്ടറിന്റെ സ്വഭാവമുള്ള വിമാനങ്ങള്‍, കൊച്ചു വിമാനങ്ങളെ പേറുന്ന മെഗാ വിമാനങ്ങള്‍…. അങ്ങനെ ഏത് തരം പടക്കോപ്പുകളുടെയും ഉപയോഗവും കഥയും അഭിമന്യു പറയും. ശത്രുവിനെത്തേടി പായുന്ന ആളില്ലാ വിമാനങ്ങളാണ് അടുത്തത്. തീര്‍ന്നില്ല, പീരങ്കികളുടെയും പടക്കപ്പലുകളുടെയും വിശേഷങ്ങള്‍ പിന്നാലെ വരും. കടലാസ് ലോകത്താണ് നമ്മളെന്ന് ചിലപ്പോള്‍ കേള്‍ക്കുന്നവര്‍ മറന്നുപോകും.
ഒരു കടലാസ് യുദ്ധവിമാനം നിര്‍മ്മിക്കാന്‍ അഭിമന്യൂ് ഒരു മണിക്കൂറാണ് സാധാരണ എടുക്കാറ്. വിമാനത്തിന്റെ രാജ്യവും നിര്മ്മിച്ചവര്ഷവും അളവും പ്രത്യേകതകളും കൈപ്പുസ്തകത്തില്‍ നേരത്തെ വരച്ചു വയ്ക്കുന്നതിനാല്‍ സംശയമില്ലാതെയാണ് നിര്‍മ്മാണം. വര്‍ണ്ണങ്ങള്‍ നല്കാന് ഫാബ്രിക് നിറങ്ങള്‍ ഉപയോഗിക്കും. അതുപോലെ യുദ്ധരംഗത്തെ മിടുക്കനെങ്കില്‍ അഭിമന്യുവിന് രാജ്യങ്ങള്‍ പ്രശ്നമല്ല. ചൈനയുടെയും ജപ്പാന്റെയും യുദ്ധവിമാനങ്ങള്‍ അങ്ങിനെയാണ് കളമശ്ശേരിയില്‍ എത്തിയത്.
പാലാരിവട്ടം വിജ്ഞാന് വാലി ലേര്‍ണിംങ്ങ് സ്കൂളിലെഎട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിമന്യു നോര്‍ത്ത് കളമശേരി കൈതവളപ്പില്‍ കെ.ജി.സജീവന്റെയും സീനയുടെയും മൂത്തമകനാണ്. മകന്റെ കരകൗശലവും അറിവും മാതാപിതാക്കള്‍ വളരെ വൈകിയാണ് അറിയുന്നത്.
സഹപാഠികള്‍ക്ക് മിസൈലുകളുടെയും യുദ്ധവിമാനങ്ങളുടെയും കടലാസ് മോഡലുകള്‍ സമ്മാനമായി കൊടുക്കുന്നത് അധ്യാപകരാണ് ആദ്യം കണ്ടു പിടിച്ചത്. പടക്കോപ്പുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുമെന്ന് കണ്ടെത്തിയത് വല്ലപ്പോഴും അഭിമന്യുവിനെ കാണുന്ന ഫാമിലി ഡോക്ടര്‍മാരും.
ഏതാനും മാസം മുമ്പ് വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വ്യത്തിയാക്കിയപ്പോള്‍ സ്ഥലസൗകര്യത്തിനായി ഒഴിവാക്കിയത് അഭിമന്യുവിന്റെ സൃഷ്ടികളായിരുന്നെന്ന് പിതാവ് സജീവന് പറഞ്ഞു. കളിക്കോപ്പുകള്‍ കഷണങ്ങളാക്കി മാറ്റി പുനര്‍നിര്‍മ്മിക്കുന്നതാണ് മകന്റെ കുട്ടിക്കാലത്തെ ഇഷ്ട വിനോദമെന്നും അമ്മ സീന പറയുന്നു.
സ്കൂള്‍ വിട്ടെത്തിയാല്‍ അഭിമന്യു ഇന്റര്‍നെറ്റിലും തിരയുന്നത് യുദ്ധവിമാനങ്ങളാണ്. യുദ്ധ സിനിമകളാണ് അഭിമന്യുവിന് ഏറെ പ്രിയം. മിസൈലുകളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി മനസിലാക്കാന്‍ ഇത്തരം സിനിമകള്‍ തുണയാകുന്നെന്നും അഭിമന്യു പറയുന്നു. എയ്റോനോട്ടിക്കല്‍ എഞ്ചിനിയര്‍ ആകണമെന്ന സ്വപ്നവുമായാണ് പഠനം. അത് വരെ പുതുപുത്തന്‍ യുദ്ധവിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും യുദ്ധകപ്പലുകള്‍ക്കും കളമശേരിയിലെ യുദ്ധഭൂമിയില്‍ ഏറ്റുമു മുട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: