കുമാരനല്ലൂര്‍: രാജകുടുംബാംഗങ്ങളുടെ പ്രതിമാസ പെന്‍ഷന്‍ വര്‍ധിപ്പിക്കാത്തപക്ഷം മറ്റു മുന്നാക്ക സമുദായങ്ങളുമായി ചേര്‍ന്നു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ക്ഷത്രിയ ക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ പറഞ്ഞു. ക്ഷത്രിയ ക്ഷേമ സഭ ജില്ലാ നേതൃസമ്മേളനവും വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്‍ഷന്‍ സ്‌കീം പ്രകാരം പെന്‍ഷന് അര്‍ഹതയുള്ള സംസ്ഥാനത്തെ മുന്‍ രാജകുടുംബാംഗ ങ്ങള്‍ക്കെല്ലാം തുല്യപെന്‍ഷന്‍ അനുവദിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം വന്നിട്ട് ആറു മാസമായി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. രാജകുടുംബാംഗങ്ങളെ സമരത്തെരുവില്‍ ഇറക്കണമോയെന്നു മുഖ്യമന്ത്രിക്കു തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. വി.പി. സുകുമാരദേവ് അദ്ധ്യക്ഷനായ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാന്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. പി. എന്‍. സോമവര്‍മ്മ രാജ, ടി.കെ. ലീലാഭായി തമ്പുരാട്ടി, ആര്‍. രാമവര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു. അനുഷ്ഠാന ആചാര്യന്മാരായ അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘം സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍, കുമാരനല്ലൂര്‍ മങ്ങാട്ട് നാരായണ ഭട്ടതിരി, കൊച്ചി രാജകുടുംബാംഗം വയസ്‌ക്കര രാജഭവന്‍ സൗമ്യവതി തമ്പുരാട്ടി എന്നിവരെ പന്തളം വലിയരാജയുടെ പ്രതിനിധി പി. ജി. ശശികുമാര്‍ വര്‍മ്മ ആദരിച്ചു.
















