കോട്ടയം: ലോകതപാല്‍ ദിനമായ ഇന്നലെ കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ നഗരത്തില്‍ പോസ്റ്റല്‍ റാലി നടത്തി. പണ്ട് കാലങ്ങളിലെ തപാല്‍ വിതരണക്കാരായിരുന്ന അഞ്ചലോട്ടക്കാരന്‍ നേതൃത്വം കൊടുത്ത റാലി കോട്ടയം ജില്ലാ പോലീസ് മേധാവി വി. എം. മുഹമ്മദ് റഫീഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. മണ്‍മറഞ്ഞുപോയ അഞ്ചലോട്ടത്തെ പറ്റി കേട്ടുകേള്‍വിപോലുമില്ലാത്ത പുത്തന്‍ തലമുറയിലെ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തികച്ചും വേറിട്ട ഒരനുഭവമായി ഈ പോസ്റ്റല്‍ റാലി. തപാല്‍ സന്ദേശങ്ങള്‍ നിറച്ച ഭാണ്ഡക്കെട്ടും തോളിലേറ്റി, അക്രമികളെ ചെറുക്കാന്‍ കൈയിലൊരു കുന്തവും വരവറിയിക്കാന്‍ മണികിലുക്കവും രാത്രികാലങ്ങളില്‍ സഞ്ചരിക്കാന്‍ റാന്തലുമായി പഴയ തലമുറയ്‌ക്ക് മാത്രം പരിചിതമായിരുന്ന അഞ്ചലോട്ടക്കാരന്‍ ഇന്നലെ കോട്ടയം നഗരത്തിലിറങ്ങിയത് കാണികള്‍ക്ക് വിസ്മയമായി. ദേശീയ തപാല്‍ വാരാഘോഷത്തോടനുബന്ധിച്ചാണ് കോട്ടയം പോസ്റ്റല്‍ ഡിവിഷന്‍ ഇത്തരമൊരു റാലി നടത്തിയത്. തപാല്‍ വകുപ്പിലെ ഇരുനൂറോളം ജീവനക്കാര്‍ റാലിയില്‍ അണിനിരന്നു.
















